ADVERTISEMENT

പുൽവാമയ്ക്കു തിരിച്ചടി ഉറപ്പാണ്. ഒരാൾക്കും അതിൽ സംശയം വേണ്ട. പക്ഷേ യുദ്ധം ഇപ്പോഴത്തെ സാഹചര്യത്തിൽ മോശം തീരുമാനമാവും. പാക്കിസ്ഥാനെ ഒരുപാട് ഊതിപ്പെരുപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ശക്തരായ അയൽരാജ്യത്തെ നേരിടാൻ ദുർബലൻ ഭീകരാക്രമണമെന്ന ഭീരുത്വം കാണിക്കുമെന്ന ബോധ്യത്തോടെ വേണം നമ്മൾ ഈ വിഷയത്തെ വിലയിരുത്താൻ. നയതന്ത്രപരമായ സാധ്യതകളും വിലയിരുത്തപ്പെടണം.

ഏതു കാലാവസ്ഥയിലും പാക്കിസ്ഥാന്റെ മിത്രമാണു ചൈന. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിഷയത്തിൽ അമേരിക്കയ്ക്കു പാക്കിസ്ഥാന്റെ സഹകരണം ആവശ്യമുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളും പാക്കിസ്ഥാനുമായി സൗഹൃദത്തിലാണ്. അമേരിക്കയും ഇന്ത്യയുമായി ഉടലെടുത്ത സൗഹൃദം റഷ്യയെ പാക്കിസ്ഥാനുമായി കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. റഷ്യൻ ആയുധങ്ങളും പാക്കിസ്ഥാനു വിൽക്കാൻ അവർ തയാറായിട്ടുണ്ട്.

ഈ പുതിയ നയതന്ത്ര കാലാവസ്ഥയിൽ വേണം പുൽവാമ ചാവേർ ആക്രമണത്തെ കാണാൻ. ലോക വ്യാപകമായി ചാവേർ ആക്രമണങ്ങൾ വർധിക്കുന്നുണ്ട്. ഇവയിൽ പലതും പരാജയപ്പെടുന്നുണ്ടെങ്കിലും പുൽവാമ നമ്മളെ വല്ലാതെ ദുഃഖിപ്പിക്കുന്നു. അവിടെ ഇന്റലിജൻസ് വീഴ്ച സംഭവിച്ചിരിക്കുന്നു. കശ്മീരിൽ ഓരോ ദിവസവും വിവിധ ഏജൻസികൾ ഭീകരാക്രമണ സാധ്യത ചൂണ്ടിക്കാട്ടുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ നൽകാറുണ്ട്. പക്ഷേ കൃത്യമായ വിവരം ഇത്തരം റിപ്പോർട്ടുകളിൽ നിന്നു ലഭിക്കാറില്ല. പുൽവാമയിൽ കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്ന വാദം ശരിയല്ല.

രണ്ടായിരത്തിനു ശേഷം കശ്മീരിൽ ഏറ്റവുമധികം ഭീകരർ കൊല്ലപ്പെട്ടത് അടുത്തകാലത്താണ്. ഭീകരതയ്ക്കു മുകളിൽ ഇന്ത്യ വിജയം വരിക്കുന്നതായുള്ള തോന്നൽ ലോകരാഷ്ട്രങ്ങളുടെ ഉള്ളിലുണ്ടാക്കാൻ കഴിഞ്ഞു. ആ സാഹചര്യം ഏറ്റവും അധികം ദുർബലരാക്കുന്നത് പാക്കിസ്ഥാനെയാണ്. കശ്മീർ വിഷയത്തിൽ ഇന്ത്യ എപ്പോഴും പാക്കിസ്ഥാനുമായി ചർച്ച നടത്തണമെന്ന് അവർ അതിയായി ആഗ്രഹിക്കുന്നു. അതു സാധിക്കാതെ വരുമ്പോൾ അവർ നിരാശരാകുന്നു, ഉടൻ കശ്മീരിൽ ചാവേർ ആക്രമണങ്ങളുണ്ടാകുന്നു അതാണ് സത്യം.

കശ്മീരിലെ ഭീകരവാദം അവിടെ ജനിച്ചു വളർന്ന ഒന്നല്ല, അതിനു പാക്കിസ്ഥാന്റെ ശക്തമായ പിന്തുണയുണ്ട്. ഭീകരർക്ക് ഒറ്റയ്ക്ക് ഇത്തരമൊരു ആക്രമണം നടത്താനുള്ള ശേഷി ഇല്ല. വാഹനവ്യൂഹം പോകുമ്പോൾ റോഡിൽ ഒരു വാഹനവും ഉണ്ടാകാൻ പാടില്ല, ഒരാളെയും കാണാൻ പാടില്ല എന്നു നിർബന്ധിക്കാൻ കഴിയില്ല. എൻഎച്ച് 44 അവിടുത്തെ ഏക ദേശീയ പാത ആണ്. സിആർപിഎഫ് മാത്രമല്ല സൈന്യത്തിന്റെ നൂറു കണക്കിനു വാഹനങ്ങളും അതുവഴി ഈ ദിവസങ്ങളിൽ പോയിട്ടുണ്ട്. മുഴുവൻ സമയവും എല്ലാ വാഹനങ്ങളെയും ജനങ്ങളെയും തടഞ്ഞുള്ള പരിശോധനയും പ്രായോഗികമല്ല. ഇത്തരം ആക്രമണങ്ങൾ തടയാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഇങ്ങനെയൊരു ആക്രമണം നടത്താനുള്ള ഭീകരരുടെ ധൈര്യം ചോർത്തിക്കളയണം. അതിനു യുദ്ധമല്ലാതുള്ള മാർഗങ്ങളുണ്ട്. ഇന്ത്യൻ സൈന്യത്തിന് അതറിയാം. അവരതു ഭംഗിയായി നിർവഹിക്കും. അതു പരസ്യമായി ചർച്ച ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.

പഠാൻകോട്ട്, ഉറി.... ഇങ്ങനെ ഏത് ഭീകരാക്രമണത്തിനും പിന്നിലും പാക്കിസ്ഥാന്റെ നിരാശാ മനോഭാവമുണ്ട്. എല്ലാ അർഥത്തിലും ഇന്ത്യ കരുത്താർജ്ജിക്കുന്ന സന്ദർഭങ്ങളിലാണ് ഇത്തരം അക്രമണങ്ങളുണ്ടായത്. എന്നാൽ നമുക്കു മുന്നിൽ എല്ലാ അർഥത്തിലും ദുർബലരാണ് പാക്കിസ്ഥാൻ. അവരുടെ ഭരണാധികാരി ഇമ്രാൻഖാൻ തന്നെ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന നിലപാടു സ്വീകരിച്ചിട്ടും നമ്മളതൊന്നും മുഖവിലയ്ക്കെടുത്തില്ല. 

sarath-chand
ലഫ്. ജനറൽ (റിട്ട) ശരത് ചന്ദ്

ഇപ്പോഴത്തെ സാഹചര്യം ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും സൂക്ഷ്മമായി വിലയിരുത്തും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പു വർഷമായതിനാൽ. പക്ഷേ കാർഗിൽ യുദ്ധകാലത്തു ഭരണ–പ്രതിപക്ഷങ്ങൾ ഒരേ ശബ്ദത്തോടെ സംസാരിച്ചതിന്റെ തുടർച്ചയാണു പുൽവാമ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രതികരണങ്ങളും. ഭീകരതയ്ക്ക് എതിരായ നിലപാടിൽ ഇന്ത്യയിലെ ഭരണ–പ്രതിപക്ഷങ്ങളും ജനങ്ങളും ഒറ്റക്കെട്ടായി നമ്മുടെ സേനാവിഭാഗങ്ങളെ പിന്തുണയ്ക്കണം. 

ഇത്തരം ഏതു സാഹചര്യം നേരിടാനും തിരിച്ചടിക്കാനും നമുക്കുള്ള ശേഷിയിൽ വിശ്വാസം അർപ്പിക്കണം. അതു സൈനികർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com