ADVERTISEMENT

പുൽവാമ ഭീകരാക്രമണത്തോട് വളരെ കരുതലോടെ പ്രതികരിക്കാനാണ് കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും തീരുമാനം. നയതന്ത്രപരമായ പ്രതികരണം തുടങ്ങിക്കഴിഞ്ഞു, സൈനികമായി എങ്ങനെ പ്രതികരിക്കണമെന്നതിൽ ഉടനെ തീരുമാനമുണ്ടാവും. പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുമ്പോൾ, ചെറിയ പിഴവുപോലും പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കും. അതുകൊണ്ടുതന്നെ, പാക്ക് പിന്തുണയോടെയുള്ള ഭീകരപ്രവർത്തനത്തെ ദേശീയ പ്രശ്നമെന്ന നിലയിൽ മാത്രം ഇപ്പോൾ കൈകാര്യം ചെയ്യാനാണ് ധാരണ.

നയതന്ത്രപരമായ നടപടികൾ

കേന്ദ്ര മന്ത്രിസഭാ സുരക്ഷാകാര്യ സമിതിയുടെ (സിസിഎസ്) പ്രധാന തീരുമാനമായി മന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയത് രാജ്യാന്തര തലത്തിൽ നയന്ത്രപരമായി പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ഒപ്പം, വ്യാപാരമേഖലയിൽ പാകിസ്ഥാനുള്ള അഭിമത രാഷ്ട്ര (മോസ്റ്റ് ഫേവേഡ് നേഷൻ – എംഎഫ്എൻ) പദവി പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്. കയറ്റിറക്കുമതി കണക്കുനോക്കുമ്പൾ, പാകിസ്ഥാന് കാര്യമായ ആഘാതമുണ്ടാക്കുന്നതല്ല ഈ തീരുമാനം. അതുകൊണ്ടുതന്നെ, പ്രതീകാത്മക മൂല്യമാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണർ സൊഹൈൽ മെഹ്മൂദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തി; ഇസ്‌ലാ‌മാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ ചർച്ചകൾക്കായി ഡൽഹിയിലേക്കു വിളിപ്പിച്ചു. ഹൈക്കമ്മിഷണറെ തിരിച്ചുവിളിക്കുകയല്ല, ചർച്ചയ്ക്കായി വിളിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ, അജയ് ബിസാരിയ ഉടനെ ഇസ്‍ലാമബാദിലേക്കു മടങ്ങണമെന്നില്ല.

യുഎസ്, യുകെ, ചൈന, ജർമനി, ജപ്പാൻ, ഇസ്രയേൽ തുടങ്ങി ശാക്തിക പ്രാധാന്യമുള്ള രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ചർച്ച നടത്തി, ഇന്ത്യയുടെ വിലയിരുത്തലും ആവശ്യവും വ്യക്തമാക്കി. ഇന്ന് ഇറാൻ, ജിസിസി രാജ്യങ്ങൾ തുടങ്ങിയവയുടെ സ്ഥാനപതിമാരെ വിദേശകാര്യ സെക്രട്ടറി കാണുന്നുണ്ട്. ചില സ്ഥാനപതിമാരെ ഒരുമിച്ചും, ചൈനയുൾപ്പെടെ ഏതാനും രാജ്യങ്ങളുടെ സ്ഥാനപതിമാരെ പ്രത്യേകമായുമാണ് ഗോഖലെ കണ്ടത്. പാകിസ്ഥാനെ ഒറ്റപ്പെടുത്തിയാൽ മാത്രം പോര, ജയ്ഷ് തലവൻ മസൂദ് അസ്ഹറിന്റെ കാര്യത്തിൽ ചൈനയുടെ നിലപാടു മാറ്റാനുള്ള സമ്മർദവും പ്രധാനമാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇപ്പോൾ പാകിസ്ഥാൻ സന്ദർശനത്തിലാണ്. അദ്ദേഹം ഒരു ദിവസത്തെ സന്ദർശനത്തിന് 19ന് രാത്രി ഇന്ത്യയിലെത്തും. മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്കൊടുവിൽ നൽകുന്ന സംയുക്ത പ്രസ്താവനയിൽ, ഭീകരവാദത്തെ നേരിട്ടും അതിനു പിന്തുണ നൽകുന്നവരെ പരോക്ഷമായുമെങ്കിലും വിമർശിക്കണമെന്നതാണ് ഇന്ത്യയുടെ താൽപര്യം.

അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ് ഇപ്പോൾ പാകിസ്ഥാനുമായി ചർച്ച നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, യുഎസിന്റെ നിലപാട് കരുതലോടെയായിരിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അപ്പോഴും, പുൽവാമ ആക്രമണത്തെ അപലപിച്ചപ്പോൾ പാകിസ്ഥാനെ പേരെടുത്തു പറയാൻ യുഎസ് മാത്രമാണു തയ്യാറായത് എന്നതിന് പ്രാധാന്യമുണ്ട്. പാകിസ്ഥാനെതിരെയുള്ള നിലപാട് കടുപ്പിക്കാൻ ഇന്ത്യ രാജ്യാന്തരവേദികൾ പരമാവധി പ്രയോജനപ്പെടുത്തും. സൈനിക നടപടിയുണ്ടായാൽ അതിനുള്ള പിന്തുണ ഉറപ്പാക്കേണ്ടതുമുണ്ട്.

സൈനിക നടപടികൾ

സിസിഎസ് യോഗത്തിനുശേഷം അരുൺ ജയ്റ്റ്ലി പോയത് ബിജെപി ആസ്ഥാനത്തേക്കാണ്. പാർട്ടിയുടേതായ പ്രതികരണങ്ങളിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് അദ്ദേഹം വക്താക്കളോടു പറഞ്ഞത്. അമിതഭാഷികളായ നേതാക്കൾ തൽക്കാലത്തേക്കെങ്കിലും വായടച്ചുവയ്ക്കുക, വിഷയത്തെ ദേശീയ പ്രശ്നമെന്ന നിലയ്ക്കു മാത്രം വ്യാഖ്യാനിക്കുക, മുൻ സർക്കാരുകളുടെ കാലവുമായി താരതമ്യത്തിനു ശ്രമിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണുണ്ടായത്. വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാൻ പ്രതിപക്ഷം താൽപര്യപ്പെട്ടിട്ടില്ലെന്നത് അദ്ദേഹം എടുത്തുപറഞ്ഞു.

സംഭവം നടന്നത് കശ്മീരിലാണെങ്കിലും, ഗവർണർ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് വലിയ തോതിലുള്ള ആക്രമണമുണ്ടായി എന്നത് സർക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനാൽത്തന്നെ പാർട്ടി പ്രതിരോധത്തിലാണ്. സംസ്ഥാനത്ത് ഭരണത്തിനായി ഉണ്ടാക്കിയ സഖ്യവും അതിൽനിന്നുള്ള പിൻമാറ്റവും സർക്കാരിന്റെ കശ്മീർ നയം തന്നെയും ഏറെ വിമർശിക്കപ്പെട്ടതുമാണ്. പാർലമെന്റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികത്തോടനുബന്ധിച്ച് (െഫബ്രുവരി 9) ഭീകരാക്രമണ സാധ്യത എപ്പോഴും മുന്നിൽകാണുന്നതും ഇന്റലിജൻസ് ഏജൻസികളും സൈനിക, അർധസൈനിക വിഭാഗങ്ങളും ജാഗ്രതാ നിർദേശം നൽകുന്നതുമാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനുശേഷം പുറത്തുവിട്ട വിഡിയോയിലും ജയ്ഷ് ‘അഫ്സൽ ഗുരു സ്ക്വാഡ്’ എന്ന വിശേഷണം ഉപയോഗിച്ചു.

ഭീകരരോടും പാകിസ്ഥാനോടും സൈനികമായി തിരിച്ചടിക്കണമെന്നതിൽ രണ്ടഭിപ്രായമില്ല. അപ്പോഴും, അതിനോട് രാഷ്ട്രീയമായി അകലം പാലിക്കേണ്ടതുണ്ട്. അതുതന്നെയാണ് എപ്പോൾ, എങ്ങനെയന്നതിൽ തീരുമാനമെടുക്കാൻ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യമെന്ന പ്രസ്താവനയിലൂടെ പ്രധാനമന്ത്രി സൂചിപ്പിക്കുന്നത്. സർജിക്കൽ സ്ട്രൈക്ക് രാഷ്ട്രീയമായി മാത്രമല്ല, മാധ്യമങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായും വിമർശിക്കപ്പെട്ട അനുഭവമുണ്ട്. സൈന്യത്തിനു സ്വാതന്ത്ര്യമെന്നു പറയുമ്പോഴും, തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പൂർണതോതിലുള്ള യുദ്ധമെന്നത് ആലോചനയിലില്ല. ആണവശക്തികൾ ഏറ്റുമുട്ടുന്നു എന്നതു മാത്രമല്ല, മേഖല വലിയ തോതിൽ അശാന്തമാകുന്ന സ്ഥിതിക്കും രാജ്യാന്തര പിന്തുണ ലഭിക്കില്ല. പ്രതിസന്ധി രൂപപ്പെട്ടു കഴിഞ്ഞെന്നാണ് ഇപ്പോൾതന്നെ രാജ്യാന്തരതലത്തിലുള്ള വിലയിരുത്തൽ.

ഇപ്പോഴത്തെ പാക്– ഭീകരവിരുദ്ധ വികാരം പ്രയോജനപ്പെടുത്തി പരിമിത തോതിലുള്ള തിരിച്ചടിയെന്നതാണ് സർക്കാർ, ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അത് ഏറെ വൈകിക്കാൻ പാടില്ലെന്ന നിലപാടുമുണ്ട്. അതിർത്തികടന്നുള്ള തിരിച്ചടി പൂർണ വിജയമെന്ന് ഉറപ്പാക്കേണ്ടതുണ്ട്, ചെറിയ പിഴവും ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിയാകമെന്നതുതന്നെ കാരണം.

എന്താണ് എംഎഫ്എൻ

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകുന്ന ആദ്യ തിരിച്ചടിയാണ് പാക്കിസ്ഥാന്റെ അഭിമതരാജ്യ പദവി പിൻവലിക്കൽ. ലോകവ്യാപാരസംഘടനയിലെ (ഡബ്ല്യുടിഒ) അംഗരാജ്യങ്ങൾ പരസ്പരം നൽകുന്നതാണ് അഭിമതരാജ്യ പദവി  (എംഎഫ്എൻ – മോസ്‌റ്റ് ഫേവേഡ് നേഷൻ സ്‌റ്റേറ്റസ്). ഇതുവഴിയുണ്ടാകുന്ന കയറ്റുമതി–ഇറക്കുമതി ചുങ്കം ഇളവുകൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം വർധിപ്പിക്കാൻ സഹായിക്കും. 

 ഇന്ത്യ നൽകി; പാക്കിസ്ഥാൻ ചെയ്തില്ല

ലോക വ്യാപാരസംഘടന (ഡബ്ല്യുടിഒ) രൂപീകരണത്തിന്റെ പിറ്റേ വർഷം, 1996ൽ ആണ് പാക്കിസ്ഥാന് ഇന്ത്യ എംഎഫ്എൻ പദവി നൽകിയത്. ഇന്ത്യയ്ക്കു പാക്കിസ്ഥാനും എംഎഫ്എൻ പദവി നൽകുന്നതിന് 2012ൽ ചർച്ചകൾ നടന്നു. എന്നാൽ, പാക്കിസ്ഥാനിലെ വ്യാപാരികൾ എതിർത്തതിനാൽ തുടർനടപടിയുണ്ടായില്ല. 

 എങ്ങനെ പിന്മാറും? 

യുദ്ധകാലത്തും രാജ്യാന്തരബന്ധങ്ങൾ സംബന്ധിച്ച അടിയന്തര സാഹചര്യങ്ങളിലും എംഎഫ്എൻ പദവി ഒഴിവാക്കാമെന്ന് ഗാട്ട് കരാറിലെ 21ബി – 3 വകുപ്പ് വ്യക്തമാക്കുന്നു. ഈ വകുപ്പാണ് ഇന്ത്യ ഇപ്പോൾ പ്രയോഗിക്കുന്നത്. എന്നാൽ, ഇത് താൽക്കാലികമായി മാത്രം പ്രയോഗിക്കാവുന്ന വ്യവസ്ഥയാണ്. പാക്കിസ്ഥാനുള്ള എംഎഫ്എൻ പദവി പിൻ‌വലിക്കാൻ ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ, ആ നീക്കം ഉപേക്ഷിച്ചു. 

 പ്രത്യേക പരിഗണനയില്ല

അഭിമത രാഷ്ട്രം എന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും എംഎഫ്എൻ വഴി പ്രത്യേക പരിഗണന ലഭിക്കുന്നില്ല. വിവേചനപരമായ നടപടികൾ ഒഴിവാക്കപ്പെടുകയാണു ചെയ്യുന്നത്. 

 വഴിയടച്ച് പാക്കിസ്ഥാൻ

ദക്ഷിണേഷ്യ സ്വതന്ത്ര വ്യാപാരമേഖലാ (സാഫ്റ്റ) പ്രക്രിയയിലൂടെയും ഇന്ത്യ–പാക്ക് വ്യാപാര ബന്ധം സുഗമമാകേണ്ടതാണ്. എന്നാൽ, ഇന്ത്യയിൽനിന്ന് ഇറക്കുമതിക്കു നിരോധനമുള്ള 1,209 വസ്തുക്കളുടേതായ ‘നെഗറ്റീവ്’ പട്ടിക പാക്കിസ്ഥാനുണ്ട്. ഒപ്പം, കരമാർഗം വാഗ – അട്ടാരി അതിർത്തി വഴി 138 ഇനങ്ങളുടെ ഇറക്കുമതി മാത്രമേ പാക്കിസ്ഥാൻ അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഇന്ത്യയിൽനിന്ന് യുഎഇ/സിംഗപ്പൂർ വഴിയാണ് പാക്കിസ്ഥാനിലേക്ക് കാര്യമായ ഇറക്കുമതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com