ADVERTISEMENT

വേട്ടയ്ക്കു കാട്ടിലെത്തിയതാണ് രാജാവ്. സന്ധ്യയായി. അദ്ദേഹം മുട്ടുകുത്തി പ്രാർഥിക്കാൻ തുടങ്ങി. ആ സമയത്താണ്, നേരമിരുട്ടിയിട്ടും ഭർത്താവിനെ കാണാതെ വിഷമിച്ച് ഒരു കർഷകസ്ത്രീ അതുവഴി വന്നത്. അവൾ രാജാവിനെ കണ്ടതേയില്ല. അദ്ദേഹത്തിന്റെ ദേഹത്തു തട്ടിയെങ്കിലും ക്ഷമ ചോദിക്കാതെ പോയി. ദേഷ്യം വന്നെങ്കിലും രാജാവ് ഒന്നും മിണ്ടിയില്ല. 

അദ്ദേഹത്തിന്റെ പ്രാർഥന കഴിഞ്ഞ സമയത്ത് ആ സ്ത്രീ ഭർത്താവിനൊപ്പം സന്തോഷത്തോടെ തിരിച്ചുവരുന്നതു കണ്ടു. അവളുടെ മര്യാദയില്ലാത്തെ പെരുമാറ്റത്തെ രാജാവു ചോദ്യംചെയ്തു. അവൾ ക്ഷമാപണത്തോടെ പറ‍ഞ്ഞു, ‘ഭർത്താവിനെക്കുറിച്ചുള്ള ചിന്തയിൽ, ഞാൻ താങ്കളെ കണ്ടതേയില്ല. അങ്ങ് ഈശ്വരചിന്തയിൽ അല്ലായിരുന്നോ. പിന്നെങ്ങനെയാണ് എന്നെ കണ്ടത് ?’ രാജാവു നിശ്ശബ്‌ദനായി. 

ഒരേസമയം പല കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നവർക്ക് ഒന്നിലും ആസ്വാദനവും അലിഞ്ഞുചേരലും സാധ്യമാകില്ല. യാന്ത്രികത ഉദ്ദിഷ്‌ടഫലം തന്നേക്കാം; സംതൃപ്‌തി തരില്ല. നിബന്ധനകൾക്കും നിർബന്ധങ്ങൾക്കും വിധേയരായി ചെയ്യുന്ന ജോലികളിൽ ഏകാഗ്രതയോ പരിപൂർണതയോ ഉണ്ടാകില്ല. പ്രാർഥനയായാലും പ്രയത്‌നമായാലും ഫലപ്രദമാകുന്നത് സ്വയംപ്രേരണയുടെ മിശ്രിതംകൂടി ചേരുമ്പോഴാണ്. 

അവനവനിലേക്കും ഈശ്വരനിലേക്കുമുള്ള ഏകാന്തയാത്രയാണ് പ്രാർഥന. ശ്രേഷ്‌ഠമായതിനെ അന്വേഷിക്കുമ്പോൾ നിസ്സാരമായവയെ മാറ്റിനിർത്തണം. ആനന്ദാനുഭവങ്ങൾ പോലും ചുറ്റുപാടുകളെയും ഇടപെടുന്നവരെയും ആശ്രയിച്ചിരിക്കും. 

സ്വയം വിചിന്തനത്തിനും വിചാരണയ്ക്കുമുള്ള, ഈശ്വരൻസാക്ഷിയായ അമൂല്യ അവസരമാണ് പ്രാർഥന. ഒരാളോടു സംസാരിക്കുമ്പോൾ വേറൊരാളെ ശ്രദ്ധിക്കുന്നതാകും അയാളോടുള്ള ഏറ്റവും വലിയ അവഹേളനം. പ്രാർഥന ഒരു പ്രവൃത്തിയല്ല, മനോഭാവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com