ADVERTISEMENT

‘ഇരുപത്തൊന്നാം വയസ്സിൽ പാട്ടക്കൃഷിക്ക് ഇറങ്ങിയതാണു ഞാൻ. 15,000 റബർമരങ്ങൾ വരെ പാട്ടത്തിനെടുത്തു. മൂന്നുവട്ടം വില കയറി. മൂന്നുവട്ടം പൊട്ടി. കൂട്ടത്തിൽ ഞാനും പൊട്ടി. പൊൻകുന്നം നഗരത്തിലെ ഇരുനിലവീടും കടയും തോട്ടങ്ങളും വിൽക്കേണ്ടിവന്നു’ – പൊൻകുന്നം ചിറക്കടവ് വട്ടോത്തുകുഴി വി.കെ.രാധാകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ സ്ഥലം ബ്രോക്കറാണ്. റബർകൊണ്ടു മുറിവേറ്റവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 2011ൽ കിലോയ്ക്ക് 249 രൂപയുണ്ടായിരുന്നു വില. ഇപ്പോൾ 123 രൂപയായി. വിലസ്ഥിരതാ ഫണ്ടു വഴിയുള്ള പണം 3 മാസമായി കിട്ടിയിട്ടില്ല. 2015 മുതൽ റബർക്കൃഷിക്കുള്ള സബ്സിഡിയും വിതരണം ചെയ്തിട്ടില്ല. പ്രളയത്തിൽ 1.25 ലക്ഷം റബർ ഒടിഞ്ഞുപോയി. റബർ ബോർഡിന്റെ കണക്കുപ്രകാരം കാൽഭാഗം തോട്ടങ്ങളും ടാപ്പിങ് നടത്താതെ കിടക്കുന്നു.

ടാപ്പിങ് തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ്. ഷീറ്റടിക്കലും നഷ്ടം. ഈ പ്രതിസന്ധി മറികടക്കാൻ തൊഴിലാളികൾക്കു പങ്കിനു ടാപ്പിങ് നൽകുന്നു. കൂലിക്കു പകരം തുല്യ തുകയ്ക്കുള്ള ഷീറ്റ് തൊഴിലാളിക്കു കൊടുക്കുന്നതാണ് ഈ രീതി. കൂടാതെ ഷീറ്റടിക്കുന്നതിനു പകരം ഒട്ടുപാലായി നേരിട്ടുവിൽക്കുന്നു. പാൽ നേരിട്ടു സ്വീകരിക്കുന്ന വ്യാപാരികൾ സജീവം. 300 മരം ദിവസം ടാപ്പ് ചെയ്തു ഷീറ്റടിക്കുന്നതിന് 1300 രൂപയോളം ചെലവു വരും. ഷീറ്റു വിറ്റാൽ കിട്ടുന്നത് 1200 രൂപയും.

radhakrishnan-ktm-farmer
വി.കെ.രാധാകൃഷ്ണൻ

അവസാന വഴി!

സ്വന്തം ഭൂമിയിൽ ഉടമസ്ഥാവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിനിടെ മനംമടുത്താണ് കാസർകോട് ബളാൽ പഞ്ചായത്തിലെ മാലോം വില്ലേജിലുൾപ്പെട്ട അത്തിയടുക്കം സ്വദേശി ചിറയ്ക്കൽ തെക്കേക്കൂറ്റ് എൻ.ജെ.അലക്സാണ്ടർ (അപ്പു) എന്ന കർഷകൻ ഒന്നരവർഷം മുൻപ് ആത്മഹത്യ ചെയ്തത്. ഒരുവർഷം മുൻപ് അത്തിയടുക്കത്തെതന്നെ മണിയറ രാഘവൻ എന്ന കർഷകനും ഇതേ കാരണത്താൽ ജീവനൊടുക്കി.

കോട്ടയം കടുത്തുരുത്തിയിൽനിന്ന് 1978ൽ ആണ് അത്തിയടുക്കത്തേക്ക് അലക്സാണ്ടർ കുടിയേറിയത്. പിന്നീട് ഇവിടെ 3 ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങുകയും ചെയ്തു. കൃഷിചെയ്തു ജീവിതം മുന്നോട്ടു നയിക്കവേ, ഇവിടത്തെ കൃഷിഭൂമി പരിസ്ഥിതിദുർബല പ്രദേശമായി പരിഗണിക്കപ്പെട്ടുവെന്ന പേരിൽ വില്ലേജ് അധികൃതർ നികുതിവാങ്ങാതായി. സ്വന്തം ഭൂമിയിൽ അന്യരായപ്പോൾ അവസാനവഴി തിരഞ്ഞെടുത്തു – മരണം!

മലയോരത്തെ കരച്ചിൽ

കഴിഞ്ഞ കൊല്ലത്തെ പ്രളയത്തിനൊപ്പമുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടം നഷ്‌ടമായ, മലപ്പുറം നിലമ്പൂരിലെ തറമുറ്റം കാഞ്ഞിരപ്പാറ ജോർജിന്റെ കണ്ണീരിതുവരെ തോർന്നിട്ടില്ല. 2 ഏക്കർകൃഷിയിടത്തിലെ വരുമാനം കൊണ്ടാണു കുടുംബം പുലർത്തിയിരുന്നത്. വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും പതിച്ച് ഒരേക്കർ ഉപയോഗശൂന്യമായി. റബർ, കമുക്, തെങ്ങ് എന്നിവ പൂർണമായും നശിച്ചു.

ശേഷിച്ച ഒരേക്കറിലും ഭാഗികനാശമുണ്ട്. വെള്ളപ്പാച്ചിലിൽ വനത്തിൽനിന്ന് ഒഴുകിയെത്തിയ മരങ്ങളാണു കൃഷിയിടം നിറയെ. മറ്റത്തിൽ ജോസഫ്, കരീക്കുന്നേൽ ജോയി എന്നിവരുടെ കഥയും ഇതുതന്നെ. ജോസഫിന് ഒരേക്കർ ഭൂമി നഷ്‌ടപ്പെട്ടു. 

ജയിലിലാക്കും കൃഷി

കൃഷിവായ്പയുടെ തിരിച്ചടവു മുടങ്ങിയതിനാൽ കഴിഞ്ഞവർഷം 5 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽകിടന്നു. സ്വകാര്യ ബാങ്കിൽനിന്നെടുത്ത വായ്പ കുടിശികയായി, ഇപ്പോൾ 5 ലക്ഷം രൂപയുടെ കടം. ‘ആത്മഹത്യ ചെയ്യാനൊന്നും എന്നെക്കിട്ടില്ല. 15–ാം വയസ്സിൽ പറമ്പിലേക്കിറങ്ങിയതാണ്. ഇപ്പോൾ 53 വയസ്സായി. ആവുന്നിടത്തോളം കാലം എന്റെ ഭൂമിയിൽ കൃഷി ചെയ്യും. പിന്നോട്ടില്ല.’ പ്രതിസന്ധികളുടെ നടുവിൽ നിൽക്കുമ്പോഴും കോഴിക്കോട് കൂരാച്ചുണ്ട് പൂവത്തുംചോല താന്നിയാംകുന്നിലെ ചുമപ്പുങ്കമറ്റത്തിൽ സന്തോഷിന്റെ വാക്കുകളിൽ കരുത്തുണ്ട്.

santhosh-clt-farmer
സന്തോഷ്

നാലേക്കർ സ്ഥലമാണു സന്തോഷിനുള്ളത്. കുരങ്ങൻമാർ വിളയാട്ടം തുടങ്ങിയതോടെ തോട്ടത്തിൽനിന്ന് ഒന്നും കിട്ടാതെയായി. വിലയിടിവു കൂടിയായതോടെ നടുവൊടിഞ്ഞു. കഴിഞ്ഞ വർഷം കിലോ 150 രൂപയ്ക്കു വിറ്റ ഗ്രാമ്പൂ ഞെട്ടിന്, ഇത്തവണ വില 20 രൂപ. ‘പിന്നെയെങ്ങനെ ഞങ്ങൾ കർഷകർ രക്ഷപ്പെടാനാണ്?’ സന്തോഷും പ്രദേശവാസികളായ വട്ടപ്പറമ്പിൽ ബേബി, ഓലിക്കത്തൊട്ടിയിൽ ജോയി, കല്ലുങ്കൽ തോമസ് എന്നിവരും ചോദിക്കുന്നു.

ഒഴുകിപ്പോയ സ്വപ്നം

തൃശൂർ തിരുവില്വാമല കണിയാർക്കോട് പുത്തൂർ ഓണശേരിൽ വീട്ടിൽ ജയിംസിന് ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ കൊല്ലത്തെ പ്രളയത്തിലുണ്ടായത്. ഭാരതപ്പുഴയുടെ തീരത്തെ കൃഷിസ്ഥലത്തുണ്ടായിരുന്ന കമുകും കൊക്കോയും കുരുമുളകും ജാതിയുമെല്ലാം ഏറെക്കുറെ പോയി. വാഴ, ചേന, കപ്പ എന്നിവ പോയതിലൂടെ നഷ്ടം വേറെ. 200 കമുകാണു മറിഞ്ഞുവീണത്.
1400 കമുകുകൾ അതിനുശേഷം മഹാളിരോഗത്തിന്റെ പിടിയിലമർന്നു. പ്രളയത്തിന് ഒരാഴ്ച മുൻപ് 5.75 ലക്ഷം രൂപ വില പറഞ്ഞുപോയതാണ്. പക്ഷേ, പ്രളയം കഴിഞ്ഞപ്പോൾ കിട്ടിയത് 10,000 രൂപയുടെ അടയ്ക്ക മാത്രം. 9,000 കൊക്കോ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു. 600 കൊടി കുരുമുളകും പോയി. കൃഷിഭവനിൽ അപേക്ഷ കൊടുത്തു. 36,000 രൂപയാണ് ആകെ കിട്ടിയത്. 10 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നിടത്താണ് ഇത്. കടം വാങ്ങി കൃഷി പുനരാരംഭിച്ചിട്ടുണ്ട്.

കൃഷി തകർക്കും; ജീവിതവും

തിരുവനന്തപുരം ജില്ലയിലെ മലയോര പഞ്ചായത്തുകളിലെ കൃഷിഭൂമികളിൽ ഭൂരിഭാഗവും തരിശുകിടക്കുകയാണ്. കുരങ്ങ് – കാട്ടുപന്നിശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതി. വായ്പയെടുത്തു കൃഷിയിറക്കിയ പലരും കടവും കണ്ണീരുമായി കൃഷിയുപേക്ഷിക്കുന്നു.  ഡിസംബർ 19ന്, കൃഷി നശിപ്പിക്കുകയായിരുന്ന വാനരക്കൂട്ടത്തെ വിരട്ടുന്നതിനിടെയാണ് മണലി തെക്കേക്കരവീട്ടിൽ വി.സൈറസിന് പാറയിൽവീണു ഗുരുതര പരുക്കേറ്റത്; ചികിൽസയിലിരിക്കെ മരിച്ചു. വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ, കുരങ്ങൻ അടർത്തിയെറിഞ്ഞ കരിക്കു തലയിൽവീണ് നെട്ട ചീരാംകുഴിവീട്ടിൽ റോസമ്മ ജോർജിനു പരുക്കേറ്റത് കഴിഞ്ഞ ഒക്ടോബർ 3ന്.

കത്തിപ്പാറ ശങ്കിലി കോമ്പുറം സ്വദേശി അമ്മുക്കുട്ടിക്ക് കുരങ്ങൻ മാങ്ങ പറിച്ചെറിഞ്ഞതിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടു.  വീട്ടിലെ ഭക്ഷണമുൾപ്പെടെ പതിവായി നശിപ്പിക്കുന്ന കുരങ്ങന്മാരുടെ ശല്യത്താൽ ഗതികെട്ടാണ് കത്തിപ്പാറ സ്വദേശി പുഷ്പാഭായി 2017 ഫെബ്രുവരി 9നു ജീവനൊടുക്കിയത്. കുരങ്ങന്മാരെ പിടിക്കാൻ വനംവകുപ്പ് കൂടു സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. മുന്നിൽ കാണുന്നതെല്ലാം നശിപ്പിച്ചാണ് കാട്ടുപന്നിക്കൂട്ടങ്ങളുടെയും വിളയാട്ടം. പുലർച്ചെ റബർ ടാപ്പിങ്ങിനു പോയ തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും ഏറെ.

തയാറാക്കിയത്: അനിൽ കുരുടത്ത്, ആർ.കൃഷ്ണരാജ്, ജോമിച്ചൻ ജോസ്, ടി.ബി.ലാൽ

അവസാനിച്ചു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com