ADVERTISEMENT

രാജ്യത്തെ 17 കോടി ടിവി ഉപയോക്താക്കൾക്ക് ഏതൊക്കെ ചാനലുകൾ തങ്ങളുടെ സ്വീകരണമുറിയിൽ ലഭിക്കണമെന്നു തീരുമാനിക്കാനും ഉപയോഗിക്കുന്ന ചാനലുകൾക്കു മാത്രം വില നൽകാനും പൂർണസ്വാതന്ത്ര്യം നൽകുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ ചട്ടം നടപ്പാക്കി ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും, മിക്ക ഉപയോക്താക്കൾക്കും ആ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതു നിർഭാഗ്യകരമാണ്.

ചാനൽ തിരഞ്ഞെടുപ്പു സംബന്ധിച്ച ഉപയോക്താക്കളുടെ ആശയക്കുഴപ്പവും അനിശ്ചിതത്വവും മാറാത്തതിനാൽ മാർച്ച് 31വരെ ട്രായ്‌ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്. അടിസ്ഥാനതുകയ്ക്ക് 100 ഫ്രീ ടു എയർ (സൗജന്യം) ചാനലുകൾക്കൊപ്പം ആവശ്യാനുസരണം അധികതുക നൽകി പേ ചാനലുകൾ പ്രത്യേകമായോ (അലാകാർട്ട) കൂട്ടമായോ (ബൊക്കെ) തിരഞ്ഞെടുക്കാമെന്നതാണു പുതിയ ചട്ടം. 100ൽ 26 എണ്ണം ദൂരദർശൻ ചാനലുകളായിരിക്കണം. ബാക്കി 74 ചാനലുകൾ ഉപയോക്താക്കൾക്കു തിരഞ്ഞെടുക്കാം. പേ ചാനലുകൾക്ക് 19 രൂപയേ പരമാവധി ഈടാക്കാവൂ എന്നും സൗജന്യമാണോ അതോ പേ ചാനലാണോ എന്നും കൃത്യമായി ഉപയോക്താക്കളെ അറിയിക്കണമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു. 2017 മാർച്ചിലെ ചട്ടം 2018 ഡിസംബറിൽ നടപ്പാക്കണമെന്നായിരുന്നു ട്രായിയുടെ ആദ്യ തീരുമാനമെങ്കിലും പിന്നീടു തീയതി പലതവണ നീട്ടി.

പകുതിയോളം ഉപയോക്താക്കളും പുതിയ വരിസംഖ്യാ സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞെന്നാണ് ട്രായിയുടെ ഔദ്യോഗിക കണക്ക്. രാജ്യത്ത് 10 കോടി കേബിൾ കണക്‌ഷനും 7 കോടി ഡിടിഎച്ച് കണക്‌ഷനുമാണുള്ളത്. 6.5 കോടി കേബിൾ ടിവി ഉപയോക്താക്കളും 2.5 കോടി ഡിടിഎച്ച് ഉപയോക്താക്കളും പുതിയ സംവിധാനത്തിലേക്കു മാറിയെന്ന് ട്രായ് അവകാശപ്പെടുന്നു. എന്നാൽ, ട്രായ്‌ നൽകുന്ന സ്വാതന്ത്ര്യം ലഭിച്ച ഉപയോക്താക്കളുടെ എണ്ണവും ഈ കോടികളും തമ്മിൽ വലിയ അന്തരമുണ്ടെന്നതാണു യാഥാർഥ്യം. സ്വന്തമായി ചാനലുകളും ബൊക്കെകളും തിരഞ്ഞെടുക്കാനായ ഉപയോക്താക്കൾ തീരെക്കുറവാണ്. തിരഞ്ഞെടുത്തവർക്കാകട്ടെ, പേ ചാനലുകൾ മാത്രമല്ല, പല സൗജന്യ ചാനലുകൾതന്നെയും ലഭിക്കുന്നുമില്ല. ചാനലുകൾ ലഭിക്കുന്നില്ലെന്നു പരാതിപ്പെടാനുള്ള സംവിധാനവുമില്ല. സേവനദാതാക്കളുടെ കസ്റ്റമർ കെയർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണു കാരണം.

നൂറു സൗജന്യ ചാനലുകൾ മാത്രമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകാത്ത ഡിടിഎച്ച് സർവീസുകളുമുണ്ട്. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും പ്രായമായവർ മാത്രമുള്ള വീടുകളിലും ഓൺലൈൻ തിരഞ്ഞെടുപ്പ് ഒരുതരത്തിലും പ്രായോഗികവുമല്ല. പലർക്കും സേവനദാതാക്കൾ നൽകുന്ന പാക്കേജുകൾകൊണ്ട് സംതൃപ്തിപ്പെടേണ്ടതായി വരുന്നു. ചാനലുകൾ തിരഞ്ഞെടുക്കാത്ത വരിക്കാർക്ക് കേബിൾ–ഡിടിഎച്ച് സേവനദാതാക്കൾതന്നെ ‘അനുയോജ്യ പ്ലാൻ’ രൂപപ്പെടുത്തി നൽകണമെന്നാണ് ട്രായ് പുതിയ ഉത്തരവിൽ പറയുന്നത്. എന്നാൽ, ഉപയോക്താവ് സ്വന്തമായി ചാനലുകൾ തിരഞ്ഞെടുത്തുനൽകിയാൽ അപ്പോൾ മുതൽ ആ പ്ലാൻ ലഭ്യമാക്കണം എന്നുണ്ട്. സേവനദാതാവു നൽകുന്ന ‘അനുയോജ്യ പ്ലാൻ’ അതോടെ അവസാനിപ്പിക്കുകയും വേണം.

സൗജന്യ ചാനലുകളുൾപ്പെടെയുള്ളവ ഇതിനകം പല സേവനദാതാക്കളും വിച്ഛേദിച്ചുകഴിഞ്ഞു. ചാനലുകൾ പൂർണമായി വിച്ഛേദിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദേശമുള്ളതിനാൽ ഏതാനും ചാനലുകൾ മാത്രം നൽകുന്നവരുമുണ്ട്. പുതിയ സംവിധാനത്തിലൂടെ മാസവരിസംഖ്യയിൽ 15 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് ട്രായി പറയുന്നത്. എന്നാൽ, പുതുക്കിയ നിരക്കുകൾ വരിക്കാർക്കു കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഓപ്പറേറ്റർ‌മാരുടെ വരുമാനത്തെ ബാധിക്കുമെന്നുമാണ് കേബിൾ ഓപ്പറേറ്റർമാരുടെ വാദം. ആവശ്യാനുസരണം ചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഉപയോക്താക്കൾക്കു ലഭിച്ചാൽ വരിസംഖ്യ ഉയരില്ലെന്നിരിക്കെ, ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ തുടർശ്രദ്ധ ഉണ്ടാവുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com