ADVERTISEMENT

ബിജെപിയുമായുള്ള ചർച്ചകൾക്കു മുന്നിട്ടിറങ്ങിയ തമിഴ്‌നാട് മന്ത്രിമാരായ തങ്കമണിയെയും വേലുമണിയെയും അണ്ണാ ഡിഎംകെയിലെ ബിജെപിവിരുദ്ധർ പരിഹസിച്ചെങ്കിലും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഈ രണ്ടു വിശ്വസ്തരാണ് സീറ്റുവിഭജന ചർച്ചകളിൽ ഫലമുണ്ടാക്കിയത്. സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളിൽ 37 എണ്ണവും കഴിഞ്ഞതവണ ജയലളിതതരംഗത്തിൽ അണ്ണാ ഡിഎംകെ നേടിയിരുന്നു. 

ഇത്തവണ തങ്ങളുടെ 12 സീറ്റുകൾ ബിജെപിക്കു വിട്ടുകൊടുത്തുകൊണ്ടാണ് പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും തിരഞ്ഞെടുപ്പു നേരിടാൻ പോകുന്നത്. ജയലളിതയില്ലാത്ത അണ്ണാ ഡിഎംകെയുടെ നില എന്താണെന്നു നേതാക്കൾക്കറിയാം. സഖ്യങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിലിൽ ഈ ധാരണ ബിജെപിക്കു വലിയ നേട്ടവുമാകും.

വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയിൽ ശക്തരായ പ്രാദേശികകക്ഷികളുടെ സാന്നിധ്യമുള്ളതിനാൽ, സമാനമായ സഖ്യങ്ങൾ തട്ടിക്കൂട്ടാനാണു ബിജെപിയുടെയും ശ്രമം. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സീറ്റുധാരണ കൂടിയാകുന്നതോടെ, യുപിഎയ്ക്കൊപ്പം സഖ്യശക്തി എൻഡിഎയും നേടും. പക്ഷേ, തമിഴ്‌നാട്ടിൽ ടി.ടി.വി.ദിനകരന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിമതവിഭാഗം തലവേദനയുണ്ടാക്കും. പ്രത്യേകിച്ചും ബിജെപി, പിഎംകെ, എംഡിഎംകെ കക്ഷികൾക്ക് അണ്ണാ ഡിഎംകെ വിട്ടുകൊടുക്കുന്ന സീറ്റുകളിൽ. ഈ മണ്ഡലങ്ങളിൽ പിണങ്ങിനിൽക്കുന്ന സിറ്റിങ് എംപിമാരാകും കുഴപ്പമുണ്ടാക്കുക. 

രണ്ടു വലിയ സംസ്ഥാനങ്ങളിലെ സഖ്യധാരണകൾ പൂർത്തിയാകുന്നതോടെ (മഹാരാഷ്ട്രയിൽ 48 സീറ്റുകൾ) രാജ്യത്തെ 160 സീറ്റുകളിൽ എൻഡിഎ – യുപിഎ പോരാട്ടമാണു നടക്കുക. മഹാരാഷ്ട്ര, ബിഹാർ, തമിഴ്‌നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇരുമുന്നണികളും നേരിട്ട് ഏറ്റുമുട്ടുന്നു. 14 സീറ്റുകളുള്ള ജാർഖണ്ഡിൽ യുപിഎ കക്ഷികളോട് ബിജെപി തനിച്ചാണു പോരാടുന്നത്. മറുവശത്ത്, പഞ്ചാബിലെ 13 സീറ്റുകളിൽ എൻഡിഎയിലെ അകാലിദൾ – ബിജെപി സഖ്യത്തോട് കോൺഗ്രസും തനിച്ചു പൊരുതുന്നു.

ബിജെപിയുടെ എല്ലാ മുഖ്യദൗത്യങ്ങളിലും പങ്കാളിയായ കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് തമി‌ഴ്‌നാട്ടിൽ, മന്ത്രിമാരായ തങ്കമണിയോടും വേലുമണിയോടും ചർച്ച നടത്തിയത്. മഹാരാഷ്ട്രയിൽ ശിവസേനാനേതൃത്വത്തിനു ബിജെപി അധ്യക്ഷൻ അമിത്‌ ഷായുമായുള്ള അസ്വാരസ്യം പറഞ്ഞുതീർക്കാൻ, മുതിർന്ന നേതാവായ നിതിൻ ഗഡ്‌കരിയുടെ സഹായം ഗോയൽ തേടിയിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള നേതാക്കളായ ഗഡ്‌കരിയും ഗോയലും അവരുടെ ബിസിനസ് ശൈലിയിലുള്ള രാഷ്ട്രീയത്തിനു പേരുകേട്ടവരാണ്. 

ഗോയലിന്റെ അടുത്ത നീക്കം ആന്ധ്രപ്രദേശിലെ മുഖ്യപ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന്റെ നേതാവായ ജഗൻമോഹൻ റെഡ്‌ഡിയെ വലയിലാക്കാനാണ്. പക്ഷേ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെപ്പോലെ ആന്ധ്രയ്ക്കു പ്രത്യേകപദവി വേണമെന്നു വാദിക്കുന്ന നേതാവാണ് ജഗനും. അതിനാൽ, തന്റെ നേതാവ് നരേന്ദ്ര മോദിയെക്കൂടി സ്വാധീനിക്കാനുള്ള ശ്രമത്തിലാണു ഗോയൽ. ആന്ധ്രയ്ക്കു പ്രത്യേക പദവി ഉടൻ പ്രഖ്യാപിക്കണമെന്നാണു ഗോയലിന്റെ വാദം. അങ്ങനെ ചെയ്താൽ ആന്ധ്രയിൽ ബിജെപിക്ക് ഒരു വെടിക്കു രണ്ടു പക്ഷിയാകും – ജഗനുമായി സഖ്യവും ഉണ്ടാക്കാം, പ്രത്യേക പദവിയുടെ കാര്യം പറഞ്ഞ് എൻഡിഎ വിട്ട നായിഡുവിനെ വീഴ്ത്തുകയും ചെയ്യാം. 

എന്നാൽ, ഈ തന്ത്രം ഇനിയും നരേന്ദ്ര മോദി അംഗീകരിച്ചിട്ടില്ല. കാരണം, ബിഹാറിനും പ്രത്യേക പദവി വേണമെന്ന ആവശ്യം എൻഡിഎ ഘടകകക്ഷിയായ ജനതാദൾ – യു ഉന്നയിച്ചത് മോദിയുടെ മുന്നിലുണ്ട്. ആന്ധ്രയ്ക്കു കൊടുത്താൽ ബിഹാറിനും വേണ്ടിവരും. പക്ഷേ വ്യത്യാസമെന്തെന്നാൽ, ജഗനുമായി സഖ്യമുണ്ടാക്കിയാൽ ആന്ധ്രയിലെ 25 സീറ്റുകൾ തൂത്തുവാരാം. അല്ലെങ്കിൽ അവിടെ ബിജെപിക്ക് ഒന്നും കിട്ടില്ല.

പ്രാദേശികകക്ഷികളെ പാട്ടിലാക്കാൻ ഒരു വഴിക്കു കൊണ്ടുപിടിച്ച നീക്കങ്ങൾ തുടരുമ്പോൾ, തന്ത്രങ്ങളിലൂടെ പ്രതിപക്ഷസഖ്യങ്ങളെ തകർക്കാനും ബിജെപി ശ്രമിച്ചേക്കാം. ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി – ബഹുജൻ സമാജ് പാർട്ടി സഖ്യം തകർക്കാനായാൽ, അത് ഭരണകക്ഷിക്കു വലിയ  ഉത്തേജനമായിത്തീരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com