ADVERTISEMENT

പുൽവാമയിലെ ധീരജവാന്മാർ നടുക്കവും വേദനയുമായി ഇപ്പോഴും വിട്ടുമാറാതെ നമ്മുടെ മനസ്സുകളിൽ നിൽക്കുന്നു. നമ്മുടെ  ഫോണുകളിൽ പക്ഷേ, നിറയുന്നത് ആ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങളും വാ‍ർത്തകളുമാണ്. സമീപകാലത്ത്, സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുണ്ടായത് പുൽവാമ ആക്രമണത്തിനുശേഷമുള്ള ഈ നാളുകളിലാണ്. അത് ഇപ്പോഴും തുടരുന്നു. അവയിൽ ചിലത്: 

വ്യാജം: പുൽവാമ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന രണ്ടു വിഡിയോകൾ.  

യാഥാർഥ്യം: 1. ഫെബ്രുവരി ആദ്യം സിറിയയിൽ ഉണ്ടായ കാർ ബോംബ് സ്ഫോടനം. 2.ഇറാഖിൽ 2007ൽ ഉണ്ടായ സ്ഫോടനം. (ഈ സൂചിപ്പിച്ച രണ്ടു വിഡിയോയിലും കാണുന്നത് ശ്രീനഗർ – ജമ്മു ഹൈവേ അല്ല എന്നത് വളരെ വ്യക്തമാണ്)  

വ്യാജം: പുൽവാമ സംഭവത്തിനു ശേഷം പിടിയിലായ ഭീകരൻ, വർഗീയകലാപം സൃഷ്ടിക്കാൻ തങ്ങൾക്ക് ആർഎസ്എസ് ഫണ്ടു നൽകി എന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള ചിത്രവും അടിക്കുറിപ്പും.

യാഥാർഥ്യം: 2016ൽ ബിഎസ്എഫ് കശ്മീർ അതിർത്തിയിൽനിന്നു പിടിച്ച പാക്ക് ഭീകരൻ. ഇയാളുടെ കുറ്റസമ്മതത്തിൽ ആർഎസ്എസിനെക്കുറിച്ചു പറയുന്നതായി ഒരു തെളിവുമില്ല. 

വ്യാജം: പുൽവാമയിൽ ചാവേറായ ഭീകരൻ ആദിൽ മുഹമ്മദും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം. 

യാഥാർഥ്യം: ആദ്യകാഴ്ചയിൽത്തന്നെ ഫോട്ടോഷോപ് ചിത്രമെന്നു വ്യക്തം. രാഹുൽ ഗാന്ധിയുടെ പഴയൊരു ചിത്രത്തിലേക്ക് ചാവേറായ ഭീകരനെ വെട്ടിയൊട്ടിച്ചു. ഭീകരന്റെ തല ‘വെട്ടി’യെടുത്തതാകട്ടെ, ജയ്ഷെ മുഹമ്മദ് പുറത്തുവിട്ട വിഡിയോയിൽനിന്ന്.

വ്യാജം: പുൽവാമ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരരിൽ ഒരാളെ ഇന്ത്യൻ സൈന്യം പിടികൂടി അയാളെ മർദിക്കുന്ന വിഡിയോ. കട്ടിലിൽ കമിഴ്ത്തിക്കിടത്തി ഒരാളെ ക്രൂരമായി അടിക്കുന്നതാണ് വിഡിയോ. സൈനികവേഷധാരികൾ അയാളെ മുറുകെപ്പിടിക്കുന്നതും കാണാം. 

യാഥാർഥ്യം: പാക്കിസ്ഥാൻ സൈന്യം ആരെയോ മർദിക്കുന്ന പഴയ വിഡിയോ. ഇന്ത്യയുമായി ഒരു ബന്ധവുമില്ല. 

വ്യാജം: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേതെന്ന പേരിൽ, സിആർപിഎഫ് ജവാന്മാരുടെ മൃതദേഹങ്ങൾ നിരത്തിക്കിടത്തിയ ചിത്രം. 

യാഥാർഥ്യം: പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ചിത്രം ഇത്തരത്തിൽ പുറത്തുവന്നിട്ടേയില്ല. ഇത്, 2010ൽ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ ചിത്രം. 

വ്യാജം:  ഭീകരാക്രമണമുണ്ടായതിനു പിന്നാലെ ലക്നൗവിൽ മാധ്യമപ്രവർത്തകരെക്കണ്ട കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചിരിച്ചു എന്ന അടിക്കുറിപ്പും വിഡിയോയും. 

യാഥാർഥ്യം: വാർത്താസമ്മേളനത്തിന്റെ വിഡിയോയിൽനിന്ന് ഏതാനും സെക്കൻഡുകൾ മാത്രം മുറിച്ചെടുത്തത്. അന്ന് പ്രിയങ്ക യഥാർഥത്തിൽ ചെയ്തത്: ജവാന്മാരുടെ മരണത്തിൽ അനുശോചിച്ച്, ‘ഇപ്പോൾ രാഷ്ട്രീയകാര്യങ്ങൾ പറയുന്നതു ശരിയല്ല’ എന്നു വ്യക്തമാക്കി വാർത്താസമ്മേളനം ഒഴിവാക്കി. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചു.   

വ്യാജം: പുൽവാമ ആക്രമണത്തിനുശേഷം തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിനു സ്വാതന്ത്ര്യം നൽകിയതിനെത്തുടർന്ന്, ചികിൽസയിലിരുന്ന സൈനികൻ അതു പൂർത്തിയാക്കാതെ ആശുപത്രിയിൽനിന്നു ജോലിക്കായി മടങ്ങിയെത്തി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം. 

യാഥാർഥ്യം: 2004ൽ റഷ്യയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ റഷ്യൻ സൈനികൻ മാക്സിം അലക്സാൻഡ്രോവിച്.  

അർധസത്യം: ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങാനും കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബത്തെ സഹായിക്കാനും സർക്കാർ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. അതിലേക്ക് ഒരു രൂപ മുതൽ സംഭാവന ചെയ്യാം.  

പൂർണചിത്രം: അക്കൗണ്ട് ഉണ്ട്. എന്നാൽ, അത് ആയുധങ്ങൾ വാങ്ങാനല്ല. സൈനികരുടെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടാണ്. ഇത്തരത്തിലുള്ള രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് കരസേനയുടെ ഔദ്യോഗിക ട്വിറ്ററിൽ ഇന്നലെ വന്ന കുറിപ്പാണ് ഇതൊടൊപ്പം ചേർത്തിട്ടുള്ളത്. വാട്സാപ്പിലും മറ്റും ഫോർവേഡായി കിട്ടുന്ന മെസേജുകളിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിക്കുള്ളതാണോ എന്നു പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഇന്ത്യൻ കരസേനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കൃത്യമായ വിവരമുണ്ട്: www.indianarmy.nic.in 

വ്യാജം: പുൽവാമ സ്ഫോടനത്തിന് 9 മണിക്കൂർ മുൻപ് സിആർപിഎഫ് ജവാന്മാർ ബസിൽ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം. 

യാഥാർഥ്യം: പുൽവാമ സംഭവത്തിന് ആഴ്ചകൾക്കു മുൻപുതന്നെ ഇന്റർനെറ്റിൽ ഉണ്ടായിരുന്ന ചിത്രം. ജനുവരിയിൽത്തന്നെ പലരും ഈ ചിത്രം ഫെയ്സ്ബുക്കിലും മറ്റും ഷെയർ ചെയ്തിരുന്നു.

പ്രത്യേകം ശ്രദ്ധിക്കുക

ആരെങ്കിലും ഫോർവേഡ് ചെയ്തുതരുന്ന വിഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും ഒരുകാരണവശാലും കണ്ണുമടച്ചു വിശ്വസിക്കരുത്. സത്യാവസ്ഥ പരിശോധിച്ച ശേഷം മാത്രമേ, അവ ഷെയറും ഫോർവേഡും ചെയ്യാവൂ. വ്യാജവാർത്തകൾ ഉണ്ടാകുന്ന അതേ വേഗത്തിൽത്തന്നെ അവ വ്യാജമാണെന്നുള്ള കണ്ടെത്തലുകളും വരുന്നുണ്ട്. ഗൂഗിളിൽ ഒന്നു തിരയുകയേ വേണ്ടൂ. അസത്യങ്ങളുടെ പ്രജനനകാലമാണ്. നമ്മൾ സത്യത്തിനു കാവൽനിൽക്കേണ്ട കാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com