ADVERTISEMENT

2016 മേയ് 25ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 1,000 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. പ്രകടനപത്രികയിലൂടെ നൽകിയിരുന്ന വാഗ്ദാനങ്ങളിൽ മിക്കതും രണ്ടേ മുക്കാൽ വർഷംകൊണ്ടു നടപ്പാക്കി. സർവതലസ്‌പർശിയും സാമൂഹികനീതിയിൽ അധിഷ്‌ഠിതവുമായ സമഗ്രവികസനം യാഥാർഥ്യമാക്കാനാണു സർക്കാർ ശ്രമിച്ചത്. അതേസമയം, വികസനപ്രവർത്തനങ്ങൾ പ്രകൃതിക്കു ഭംഗംവരുത്താതെ ശ്രദ്ധിക്കുകയും ചെയ്‌തു. 

പ്രകടനപത്രികയിൽ അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാംതന്നെ പൂർത്തിയാക്കാൻ 1,000 ദിവസം കൊണ്ടു കഴിഞ്ഞിട്ടുണ്ട്. ദേശീയപാത വികസനം, മലയോര പാത, തീരദേശപാത, ഗെയ്‌ൽ പൈപ്‌ലൈൻ, എൽഎൻജി ടെർമിനൽ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, നാഷനൽ വാട്ടർ വേ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു.

കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷനുകൾ – ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം – വിജയകരമായി നടപ്പാക്കുന്നു. ആരോഗ്യമേഖലയിലെ ഇടപെടലുകൾ, നിപ്പ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാൻ പ്രാപ്‌തരാക്കി. സ്‌പെഷ്യൽറ്റി സൗകര്യങ്ങൾ ജില്ലാ, താലൂക്ക് ആശുപത്രികളിൽവരെ ലഭ്യമാക്കി. 2 വർഷംകൊണ്ടു മൂന്നേകാൽ ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി ചേർന്നു.

ഐടി പാർക്കുകളിലെ വിസ്തീർണം ഒരു കോടി ചതുരശ്ര അടിയായി ഉയർത്താൻ ലക്ഷ്യമിട്ടിരുന്നത് പകുതിയോളം ഇതിനകം നേടി. നിസാൻ, ഫുജിറ്റ്സു തുടങ്ങിയ കമ്പനികൾ കേരളത്തിൽ വന്നു. സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തിൽ യാഥാർഥ്യമാവുന്നു. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. അടച്ചുപൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു. കയർ, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു.പ്രതിമാസം 1200 രൂപ നിരക്കിൽ സാമൂഹികക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു. സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പ് ആരംഭിച്ചു. പിങ്ക് പട്രോളും ഷീ–ലോഡ്‌ജും മറ്റും യാഥാർഥ്യമാക്കി. 

ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേക നയം നടപ്പിലാക്കി. പൊതു ഇടങ്ങളെ ‘അംഗപരിമിത സൗഹൃദ’മാക്കി മാറ്റാൻ ശ്രമിച്ചു. ദലിത് വിഭാഗങ്ങളിലുൾപ്പെടെയുള്ള പിന്നാക്കക്കാരെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി നിയമിക്കാൻ കഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേർക്കു പട്ടയം നൽകി.

കഴിഞ്ഞവർഷം പദ്ധതിനിർവഹണത്തിനു നീക്കിവച്ചിരുന്ന തുകയുടെ 90 ശതമാനവും വിനിയോഗിച്ചു. ഒരു ലക്ഷത്തോളം പേർക്കാണ് പിഎസ്‌സി വഴി നിയമനം നൽകിയത്. ഇരുപതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ചു. 80% തൊഴിൽമേഖലകളിലും ഇടപെട്ട് സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തി. തൊഴിലിടങ്ങളിൽ തൊഴിലാളിക്ക് ഇരിക്കാനുള്ള അവകാശം നൽകി.

പാരമ്പര്യേതര ഊർജത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതിസൗഹൃദ വികസനമാതൃകകൾ അവലംബിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനരംഗത്ത് കേരളം  പുതിയ ചുവടുവച്ചു. ഹാർഡ്‌വെയർ ഉൽപാദനസംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് സയൻസസ് പാർക്ക് എന്നിവ യാഥാർഥ്യമാകുന്നു.

കേരളത്തിന്റെ സമ്പദ്‌ഘടനയിൽ കാതലായ മുന്നേറ്റമുണ്ടാക്കാൻ, പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ലോക കേരളസഭ സ്ഥാപിക്കുകയും അവരുടെ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്താവുന്ന ഡയ്‌സ്‌പോറ ബോണ്ടുകളും കെഎസ്എഫ്ഇ ചിട്ടികളും ആവിഷ്കരിക്കുകയും ചെയ്‌തു.പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുകയും പുനർനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കുകയും ചെയ്തു. പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടു മുതൽ മൂന്നുവർഷംവരെ വേണ്ടിവരും. 

ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഘട്ടത്തിൽ നമ്മുടെ ഒരുമയെ തകർക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിലെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിതശ്രമങ്ങൾ നടന്നു. വർഗീയ ശക്തികൾക്കെതിരായ ചെറുത്തുനിൽപാണ് ഭാവിയിലും നമ്മെ പുരോഗതിയുടെ പാതയിൽ മുന്നോട്ടു കൊണ്ടുപോകുക. 

അഞ്ചുവർഷം കൊണ്ട് ഒരു സർക്കാരിനു സാധാരണ ചെയ്യാൻ കഴിയുന്നതിലുമപ്പുറമാണ് 1,000 ദിവസം കൊണ്ട് ഈ സർക്കാർ ചെയ്‌തത്. അതിനു സഹായകരമായത് കേരളജനതയുടെ ഒത്തൊരുമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com