ADVERTISEMENT

കാസർകോട്ട് സിപിഎമ്മുകാർ വെട്ടിക്കൊന്ന രണ്ടു യുവാക്കളുടെ രക്തത്തിനു മുന്നിലിരുന്നാണ് സർക്കാരിന്റെ 1,000 ദിവസത്തെ വിലയിരുത്തുന്ന ഈ കുറിപ്പ് ഞാൻ എഴുതുന്നത്. കൗമാരം വിട്ടുമാറാത്ത കൃപേഷ്, ശരത്‌ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇങ്ങനെ വെട്ടിനുറുക്കിക്കൊല്ലാൻ മാത്രം എന്തുതെറ്റാണ് അവർ ചെയ്തത്? നിത്യവൃത്തിക്കു വകയില്ലാത്ത വീടുകളിലെ ആശ്രയവും പ്രതീക്ഷയുമായിരുന്നു ഈ യുവാക്കൾ. 

കൃത്യം ഒരു വർഷം മുൻപാണ് മട്ടന്നൂരിൽ ഷുഹൈബ് എന്ന, യൂത്ത് കോൺഗ്രസിന്റെ മറ്റൊരു ചെറുപ്പക്കാരനെ സിപിഎമ്മുകാർ ഇതുപോലെ വെട്ടിനുറുക്കിക്കൊന്നത്. 1,000 ദിവസങ്ങൾക്കുള്ളിൽ 29 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. എല്ലാറ്റിലും ഒരറ്റത്ത് സംസ്ഥാനത്തിന്റെ ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎമ്മാണ്. സർക്കാർ 1,000 ദിവസം ആഘോഷിക്കുമ്പോൾ, ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ കൈകളിൽ ചോര മണക്കുന്നു. 

കൊലപാതക പരമ്പര ഒഴിച്ചാൽ, 1,000 ദിവസം പൂർത്തിയാക്കുന്ന സർക്കാരിന് എടുത്തുകാണിക്കാൻ എന്തു നേട്ടമാണുള്ളത്? ഏതെങ്കിലും ഒരു പദ്ധതി ആവഷ്‌കരിച്ചു പൂർത്തിയാക്കിയതായി സർക്കാരിന് അവകാശപ്പടാനുണ്ടോ? നാല് ബജറ്റുകൾ സർക്കാർ അവതരിപ്പിച്ചു. ആയിരക്കണക്കിനു കോടിയുടെ നൂറുകണക്കിനു പദ്ധതികളാണു പ്രഖ്യാപിച്ചത്. ഒന്നും നടപ്പിൽവന്നില്ല. 

പുതിയ പദ്ധതികളൊന്നും ആവിഷ്‌കരിക്കാൻ കഴിയാത്ത സർക്കാർ, യുഡിഎഫ് കാലത്ത് മിക്കവാറും പൂർത്തിയാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഞെളിയുന്നു. ഈ സർക്കാർ ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപാസ് തുടങ്ങിയവ യുഡിഎഫ് സമയത്ത് മിക്കവാറും പൂർത്തിയാക്കിയവയാണ്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥയെടുക്കുക. അഴിമതിയില്ലാതെ സമയബന്ധിതമായി അവയുടെ പണി പൂർത്തിയാക്കാൻ സന്നദ്ധനായി വന്ന, ഇ.ശ്രീധരൻ എന്ന രാജ്യം ആദരിക്കുന്ന എൻജിനീയറിങ് പ്രതിഭയെ ഓടിച്ചുവിടാൻ എന്ത് ഉൽസാഹമായിരുന്നു. എന്നിട്ട് സ്വയം ആ പണി നടത്തുമെന്നു പ്രഖ്യപിച്ചു. നടന്നോ? 

കേരളത്തിന്റെ വലിയ സ്വപ്‌നമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അവസ്ഥയും മോശമാണ്. ഈ ഡിസംബറിൽ കമ്മിഷൻ ചെയ്യേണ്ട പദ്ധതിയാണ്. ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. 

രണ്ടു മഹാദുരന്തങ്ങളാണ് ഈ സർക്കാർ വരുത്തിവച്ചത്: 2017 നവംബർ 30ന് കേരളതീരത്തെ തകർത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് 15,16,17 തീയതികളിൽ കേരളത്തിന്റെ അടിത്തറയിളക്കിയ മഹാപ്രളയം. ദുരന്തത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അവഗണിച്ചതും ബുദ്ധിശൂന്യമായി പെരുമാറിയതും ദുരന്തങ്ങൾക്കു കാരണമായി. 

 മഹാപ്രളയം ഉണ്ടായിട്ട് ആറു മാസം കഴിഞ്ഞു. കേരളത്തെ പഴയ അവസ്ഥയിലേക്കു മടക്കിക്കൊണ്ടു വരുമെന്നല്ല, പുതിയൊരു കേരളം സൃഷ്ടിക്കുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ, പുനഃസൃഷ്ടിയുടെ രൂപരേഖ പോലും തയാറാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ശബരിമല യുവതീപ്രവേശ പ്രശ്‌നം സർക്കാർ കൈകാര്യം ചെയ്ത രീതി അമ്പരപ്പിക്കുന്നതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികനില തകർച്ചയിലാണ്. ട്രഷറികളിൽ കടുത്ത നിയന്ത്രണം നിലനിൽക്കുന്നു. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറുന്നില്ല. കരാറുകാർക്ക് 1200 കോടി രൂപ കുടിശികയാണിപ്പോൾ. 

യുഡിഎഫ് അധികാരത്തിലിരുന്നപ്പോൾ പൊതുകടം ഒരു ലക്ഷം കോടിയായിരുന്നത് ആയിരം ദിവസം കൊണ്ട് ഒന്നര ലക്ഷം കോടിയാക്കി. 43,708 കോടി രൂപയാണ് സർക്കാർ കടം വാങ്ങിക്കൂട്ടിയത്. 

സർക്കാർ കൊണ്ടുവന്ന മിഷനുകളെല്ലാം കടലാസുപദ്ധതികളായി മാറി. ഒരൊറ്റ പുതിയ വീടുപോലും നിർമിച്ചുനൽകാൻ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ലൈഫ് മിഷന് കഴിഞ്ഞില്ല. 

അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് സർക്കാർ. ക്രമസമാധാനനില മുൻപില്ലാത്തവിധം തകർന്നു. ഗുണ്ടാവിളയാട്ടവും കവർച്ചയും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറി. പൊലീസ് അതിക്രമം അതിരുവിട്ടു. പൊലീസ് കസ്റ്റഡിയിൽ മരിച്ചതു 12 പേരാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരാണിത്. ഒരു നേട്ടവും എടുത്തുകാണിക്കാനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com