ADVERTISEMENT

പുതിയ ഫ്ലാറ്റിൽ താമസമാക്കിയ അയാൾ, അവിടേക്ക് ആദ്യമായി എത്തുന്ന സുഹൃത്തിന് വഴി സൂചിപ്പിച്ചുകൊണ്ട് മെസേജ് അയച്ചു. ഫ്ലാറ്റിലെത്തി കൈമുട്ടുകൊണ്ടു ഗേറ്റ് തള്ളിത്തുറക്കുക. ലിഫ്റ്റിൽ കയറി കൈമുട്ടുകൊണ്ട് അഞ്ച് എന്ന ബട്ടണിൽ അമർത്തുക. ലിഫ്റ്റിൽ നിന്നിറങ്ങി ഇടത്തോട്ടു നടക്കുമ്പോൾ കാണുന്ന രണ്ടാമത്തെ വാതിലിനു സമീപത്തെ കോളിങ് ബെല്ലിൽ കൈമുട്ടമർത്തുക; ഞാൻ വന്നു വാതിൽ തുറന്നേക്കാം. 

സുഹൃത്ത് മറുപടി അയച്ചു – ‘എല്ലായിടത്തും എന്തിനാണു കൈമുട്ട് അമർത്തുന്നത്? എന്റെ വിരലുകൾക്കു കുഴപ്പമൊന്നുമില്ലല്ലോ...’ അതിനുള്ള മറുപടി പെട്ടെന്നു കിട്ടി – അപ്പോൾ നീ വരുന്നതു വെറുംകയ്യോടെയാണല്ലേ...?

പ്രതീക്ഷയുടെ അടിത്തറയിൽ നിന്നാണ് ഓരോരുത്തരും പരസ്‌പരം വിലയിരുത്തുകയും വിമർശിക്കുകയും വാൽസല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത്. ബന്ധങ്ങളുടെ ദൃഢത, സ്വന്തം പ്രതീക്ഷകൾക്കനുസരിച്ച് മറ്റുള്ളവർ പെരുമാറുന്നതുമായി നാം കൂട്ടിയിണക്കും. 

അവനവന്റെ ഇഷ്‌ടങ്ങളോടു പൊരുത്തപ്പെടുകയും സഹകരിക്കുകയും ചെയ്യുന്നവരോടു മാത്രം ബന്ധം നിലനിർത്താനുള്ള വ്യഗ്രതയാണ് പല സംസർഗങ്ങൾക്കും പാതിവഴിയിൽ പൂർണവിരാമം ഇടുന്നത്. മറ്റുള്ളവരുടെ പെരുമാറ്റത്തെ സ്വന്തം മാനദണ്ഡങ്ങളുപയോഗിച്ച് മാറ്റുരച്ചു നോക്കുന്നിടത്തെല്ലാം അവശേഷിക്കുന്നത് അസംതൃപ്‌തിയും ആരോപണ പ്രത്യാരോപണങ്ങളും മാത്രമാകും. 

ഒരാൾ ആരാണ്, അയാൾക്ക് എന്തൊക്കെ നൽകാൻ ശേഷിയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ തുടങ്ങാനും തുടരാനുമാണു നമുക്കിഷ്‌ടം. അപരന്റെ ‘വിതരണശേഷിയെ’ ആധാരമാക്കി ആരംഭിക്കുന്ന ബന്ധങ്ങളുടെ ആത്മാർഥത മാത്രമല്ല, സ്ഥിരതയും ചോദ്യം ചെയ്യപ്പെടും. 

സമ്മാനങ്ങൾ വിശിഷ്‌ടമാകുന്നത് അവ നൽകുന്നവരുടെ വൈശിഷ്‌ട്യം കൊണ്ടാണ്. ആഗ്രഹിക്കാതെ ലഭിക്കുന്ന സമ്മാനങ്ങൾക്കും പ്രതീക്ഷിക്കാത്തവർക്കു നൽകുന്ന സമ്മാനങ്ങൾക്കും ഒരു സ്വാഭാവിക വിശുദ്ധിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com