ADVERTISEMENT

1000 ദിവസത്തെ ഭരണം തികയ്ക്കുന്ന പിണറായി വിജയൻ സർക്കാർ ഇതുവരെ നാടിനുവേണ്ടി ചെയ്ത കാര്യങ്ങളുടെ കൂട്ടത്തിൽ എടുത്തുപറയുന്ന ഒന്നുണ്ട്: സംസ്ഥാനത്തു മികച്ച ക്രമസമാധാനപാലനം ഉറപ്പാക്കി. ഒരു സർക്കാർ നാട്ടിലെ ജനങ്ങൾക്കു സ്വൈരജീവിതം ഉറപ്പാക്കി എന്ന് അവകാശപ്പെടുമ്പോൾത്തന്നെ, മറുവശത്ത് അത്യന്തം ഹീനമായ രീതിയിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവമാണ് കേരളം ചർച്ചചെയ്യുന്നത്. ഒറ്റമുറി ഓലപ്പുരയിൽ കഴിയുന്ന ഒരു ചെറുപ്പക്കാരന്റെ ജീവനു പോലും വിലയില്ലാത്ത നാട്ടിൽ എങ്ങനെയാണ് ക്രമസമാധാനം പുലരുന്നത്? ഇൗ ആശങ്കയിലും കണ്ണീരിലും കുതിർന്നതായി മാറുന്നു 1000 ദിനങ്ങളുടെ ആഘോഷം. എല്ലാം ശരിയാകുമെന്ന ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താണെന്ന് ഓരോ കൊലപാതകം നടക്കുമ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. 

തെക്കുനിന്നും വടക്കുനിന്നും എൽഡിഎഫിന്റെ രണ്ടു ജാഥകൾ മുന്നേറുമ്പോഴും സർക്കാർ 1000 ദിവസം പൂർത്തിയാക്കുമ്പോഴും നടന്ന ദാരുണമായ ഇരട്ടക്കൊലപാതകം സർക്കാർ മുന്നോട്ടുവയ്ക്കുന്ന നേട്ടങ്ങളുടെ ശോഭ കെടുത്തിയെന്നതിൽ തർക്കമില്ല. 1000 നാളുകൾ കൊണ്ടു പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്ന വികസന പ്രവർത്തനങ്ങളിൽ പലതും കഴിഞ്ഞ യുഡിഎഫ് സർക്കാർ തുടക്കമിട്ടവയാണെന്ന വിമർശനവുമുണ്ട്. 

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കിയതും സ്കൂളുകൾ നവീകരിച്ചതും ക്ഷേമപെൻഷൻ സമയബന്ധിതമായി വിതരണം ചെയ്തതും സർക്കാരിന്റെ എടുത്തുപറയാവുന്ന നേട്ടങ്ങൾതന്നെയാണ്. പ്രകടനപത്രികയിൽ മുന്നോട്ടുവച്ച പല പദ്ധതികളും പ്രവൃത്തിപഥത്തിലെത്തിക്കാനുമായി. എന്നാൽ, ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാരിന്റെ ആരംഭകാലത്തുതന്നെ പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. 

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കേരളം ഏറെ ചർച്ച ചെയ്ത തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതി അനിശ്ചിതത്വത്തിലാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടക്കമിട്ട പദ്ധതിക്കായി രൂപരേഖ തയാറായിട്ട് നാലുവർഷമായി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയുടെ നിലപാടുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ദേശീയപാത വികസനം, ജലപാത, വാട്ടർ മെട്രോ തുടങ്ങിയവ വൈകുകയാണ്. എറണാകുളം – കായംകുളം റെയിൽപാത ഇരട്ടിപ്പിക്കലിന്റെ അവസാനഘട്ടത്തിനായി മൂന്നര ഏക്കർ‌ ഭൂമി ഏറ്റെടുത്തുനൽ‌കാൻ കഴിയാത്തതിനാൽ ഇരട്ടിപ്പിക്കൽ വൈകുന്നു. 

അഞ്ചു വർഷംകൊണ്ട് അടിസ്ഥാനസൗകര്യ വികസനമേഖലയിൽ അരലക്ഷം കോടിയുടെ നിക്ഷേപമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 6000 കോടി രൂപ മാത്രമാണ് ഇപ്പോഴും കിഫ്ബി അക്കൗണ്ടിലുള്ളത്. പുതിയ ധനസമാഹരണ മാർഗങ്ങൾ തേടുന്നുണ്ടെന്ന് ആവർത്തിക്കുന്നതല്ലാതെ പണം ഇതുവരെ വന്നിട്ടില്ല. ബാക്കിയുള്ള രണ്ടര വർഷം കൊണ്ട് എത്രത്തോളം പദ്ധതികൾ കിഫ്ബിക്കുകീഴിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഇൗ ഘട്ടത്തിലെങ്കിലും പരിശോധിക്കേണ്ടതാണ്; വിശേഷിച്ചും, സംസ്ഥാനത്തിന്റെ സാമ്പത്തികനില മോശമായ സാഹചര്യത്തിൽ. 

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ആർദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നുവെന്ന അവകാശവാദം ഉന്നയിക്കുമ്പോൾത്തന്നെ, അവയുടെ പുരോഗതി കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇൗ സാമ്പത്തികവർഷം അവസാനിക്കാൻ 40 ദിവസം മാത്രം ബാക്കിനിൽക്കെ, ഫണ്ട് വിനിയോഗത്തിൽ 54% പുരോഗതി കൈവരിക്കാനേ സർക്കാരിനായിട്ടുള്ളൂ. പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ പണംതേടി അലയുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാനുള്ള നടപടികൾ ഒട്ടും ഫലം കണ്ടിട്ടുമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഒൻപതരക്കോടി രൂപ മുടക്കിയുള്ള 1000 ദിനാഘോഷംതന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com