ADVERTISEMENT

കാസർകോ‍ട് ഇരട്ടക്കൊലപാതകത്തിലെ കുറ്റവാളികൾ ആരാവാം എന്ന എന്റെ സംശയത്തിനു നിവൃത്തിയുണ്ടാക്കിയത് ആ സംഭവത്തോടു പ്രതികരിച്ച് സമൂഹമാധ്യമങ്ങളിൽ കണ്ട ചില പ്രസ്തവങ്ങളാണ്.

യുക്തി ലളിതമാണ്: സിപിഎംകാർ വല്ല കൊലയും നടത്തിയാൽ അതിനെപ്പറ്റിയുള്ള സാംസ്കാരിക പ്രവർത്തകരുടെ പ്രതികരണത്തിൽ കൊല്ലപ്പെട്ടവരുടെയോ കൊന്നവരുടെയോ പേരുവിവരം കാണുകയില്ല. അതിന് ഉത്തരവാദിയായ രാഷ്ട്രീയ പാർട്ടിയുടെ ഊരും പേരും തിരിയാത്തവരാണ് പ്രതികരണക്കാർ എന്നു നിങ്ങൾ ഈ സാഹചര്യത്തിൽ വളരെ വേഗം മനസ്സിലാക്കും. ആ പ്രസ്താവനകളും കുറിപ്പുകളും അഹിംസ, സ്നേഹം, ദയ തുടങ്ങിയ ശാശ്വതമൂല്യങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെങ്ങനെ എന്ന് ‘സുതരാം’ വ്യക്തമാക്കിത്തരും. ശ്രീബുദ്ധൻ, യേശുക്രിസ്തു, ഗാന്ധിജി തുടങ്ങിയ മഹദ്നാമങ്ങൾക്കു മാത്രമേ ആ ‘സാമാന്യവൽകൃത’ പ്രസ്താവങ്ങളിൽ പ്രസക്തി കാണുകയുള്ളൂ. നമുക്ക് ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടയോ? ആര്, ആരോട് ചെയ്തു എന്നു പറയാനല്ല; ആര്, ആരോടു ചെയ്താലും അതു ജനാധിപത്യത്തെ ദുർബലപ്പെടുത്തും എന്ന തത്വജ്ഞാനം വിശദമാക്കാനാണ് അവ എഴുതപ്പെട്ടത്! പണ്ട് പാട്ടിൽ ചോദിച്ചപോലെ ‘എങ്ങനെ ഞാൻ നാവെടുത്തു പേര് വിളിക്കും?’

കുറ്റം പറയാനൊക്കുമോ? അവർ പ്രതിഷേധിച്ചില്ലേ? പ്രതിഷേധിച്ചു. പറഞ്ഞതൊക്കെ സത്യമല്ലേ? സത്യമാണ്! 

എന്റെ നോട്ടത്തിൽ ഈ പ്രതികരണക്കാർക്കാണ് ‘ആവിഷ്ക്കാര സ്വാതന്ത്ര്യം’ തീരെയില്ലാത്തത്. അതിന്റെ പുതിയ തെളിവാണ് കഴിഞ്ഞ ദിവസം കാസർകോട്ട് കൃപേഷ്, ശരത്‌ലാൽ എന്നീ യുവാക്കൾ സിപിഎം ഗുണ്ടകളാൽ നിഷ്ഠൂരമായി കൊല്ലപ്പെട്ടതിനെപ്പറ്റി ചില സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ നടത്തിയ ‘ഇടപെടലുകൾ’. അവർക്കു സ്തുതിയായിരിക്കട്ടെ!

‘രാഷ്ട്രീയ കൊലപാതകം’ എന്ന ശൈലീ കൊലപാതകത്തെ രാഷ്ട്രീയപ്രവർത്തനമായി നമ്മൾ മലയാളികൾ അംഗീകരിച്ചുകഴിഞ്ഞതിന്റെ സൂചകമാണ്. ഇതിൽ എല്ലാ പാർട്ടികൾക്കും വലുതോ ചെറുതോ ആയ ഉത്തരവാദിത്തമുണ്ട്. കൂടുതൽ ചുമതല കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മിനാണ്. ആ പാർട്ടി നേതൃത്വം കൊടുക്കുന്ന മുന്നണിയാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ആ പാർട്ടിക്കാണ് ക്രമസമാധാന നില ഉറപ്പുവരുത്താനുള്ള പ്രാഥമികമായ ഉത്തരവാദിത്തം. ‘വരമ്പത്തു കൂലി’ എന്ന നയപ്രഖ്യാപനം പാർട്ടി അണികൾ അത്രയെളുപ്പം മറന്നുപോകുമോ?

ഇതിനുള്ള പരിഹാരം, ഒരു പക്ഷേ ഒരേയൊരു രക്ഷാമാർഗം, അണികൾ കണ്ണു തുറക്കുക എന്നതാണ്. നേതാക്കന്മാരോ അവരുടെ മക്കളോ സാധാരണനിലയ്ക്ക് കൊല്ലാനോ മരിക്കാനോ പോകുന്നില്ല എന്ന സത്യത്തിലേക്ക് എല്ലാ പാർട്ടികളിലുയും അണികൾ ഉണരണം. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും വഴിക്കു തിരിയുന്ന സ്വന്തം കക്ഷിക്കെതിരെ സംസാരിക്കുവാൻ അനുയായികൾ തന്നെ തയാറാവണം. എങ്കിലേ ഈ ഹിംസാഭ്രാന്തിന് അറുതി വരൂ. 

വാൽക്കഷണം:

എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട ‘അഭിമന്യു’വിനു വേണ്ടിക്കൂടിയാണ് നൂറ്റാണ്ടുകൾക്കു മുമ്പേ ഗാന്ധാരി വിലപിച്ചത്: 

കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ മാധവാ? 

കൊല്ലിക്കത്രെ നിനക്കു രസമെടോ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com