ADVERTISEMENT

കടുത്ത വേനലിൽ കുളം വറ്റിയപ്പോൾ രണ്ടു തവളകൾ വെള്ളമന്വേഷിച്ചിറങ്ങി. ഒരു വീടിനു മുന്നിലിരുന്ന കലത്തിലേക്ക് അവർ എടുത്തുചാടി. എന്നാൽ, അതിൽ വെള്ളമായിരുന്നില്ല, തൈരായിരുന്നു. നീന്തി പുറത്തുവരാൻ അവർ കുറെനേരം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ ഒരു തവള പറഞ്ഞു, ‘എന്തു ചെയ്താലും രക്ഷപ്പെടില്ല. ഞാനിനി ശ്രമിക്കുന്നില്ല’. അത് തൈരിൽ മുങ്ങിത്താണു. രണ്ടാമത്തെ തവള രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതു നീന്തിനീന്തി തൈരു പതുക്കെ വെണ്ണയായി. വെണ്ണയുടെ മുകളിൽ ചവിട്ടി തവള പുറത്തേക്കു ചാടി. 

അടിയറവു പറയാൻ എളുപ്പമാണ് – ഒന്നുകിൽ ഭയംകൊണ്ട്, അല്ലെങ്കിൽ നിവൃത്തികേടുകൊണ്ട്. രണ്ടായാലും, അത് മനസ്സു പറഞ്ഞ കാര്യമാണ്, മനസ്സെടുത്ത തീരുമാനമാണ്. തോൽക്കുമെന്നു സ്വയം വിശ്വസിച്ച ആരും ഇന്നുവരെ ജയിച്ചിട്ടില്ല. തോൽക്കില്ലെന്നു സ്വയം ബോധ്യപ്പെടുത്തിയ ആരും പരാജയപ്പെട്ടിട്ടുമില്ല. എത്ര പ്രോൽസാഹനം കിട്ടിയാലും ആത്മവിശ്വാസമില്ലാതെ ഒരു പ്രതിസന്ധിയെയും ആർക്കും തരണം ചെയ്യാനാകില്ല. 

അകപ്പെടുന്ന സാഹചര്യങ്ങളിൽ – അവ അനുകൂലമായാലും അപകടകരമായാലും – തനതു കഴിവും പ്രയത്നവും പുറത്തെടുത്തേ മതിയാകൂ. ഉടനടി പരിഹാരമുണ്ടാവുക എന്നതിനെക്കാൾ പ്രധാനം പരിഹാരമുണ്ടാകുന്നതുവരെ പിടിച്ചുനിൽക്കുക, പരിശ്രമിക്കുക എന്നതാണ്. 

ഒരുമിച്ചുള്ള പോരാട്ടങ്ങളും പിടിച്ചുനി‍ൽപും ആയാസരഹിതമാണ്. ഒറ്റയ്‌ക്കുള്ള പ്രതിരോധങ്ങൾക്ക് വീറും വാശിയും വേണം. കൂടെയുള്ളവരെല്ലാം കീഴടങ്ങുന്നതും വിടവാങ്ങുന്നതും കണ്ട് ഒറ്റപ്പെട്ട അവസ്ഥയിൽ, സ്വയം തളരാതെ നിൽക്കുക എന്നതാകും അതിജീവനത്തിന്റെ ആദ്യപാഠം. എന്തുവന്നാലും ഒരുകൈ നോക്കാൻ തീരുമാനിച്ചവർക്ക് ബലമായി ആയിരം കൈകളുയരും. സാഹചര്യം അനുകൂലമല്ലെങ്കിൽ അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com