ADVERTISEMENT

ദിവസങ്ങൾക്കു മുൻപുവരെ, ഡിഎംകെ സഖ്യത്തിന് അനായാസം ഗോളടിക്കാവുന്ന ആളൊഴിഞ്ഞ ഗോൾ പോസ്റ്റായിരുന്നു തമിഴ്നാട്ടിലെ രാഷ്ട്രീയക്കളം. തുറന്നുവിട്ട അണക്കെട്ടുപോലെ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്കനുകൂലമായ ഒഴുക്കായിരുന്നു പ്രവചനം. അണ്ണാഡിഎംകെ, ബിജെപിയും പിഎംകെയും ഉൾപ്പെടുന്ന മഹാസഖ്യം കെട്ടിപ്പടുത്തതോടെ പെനൽറ്റിയിൽനിന്നു ഫ്രീകിക്കിലേക്കു കളി മാറിയിരിക്കുന്നു. ഡിഎംകെയ്ക്കു ഗോളടിക്കാവുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. പക്ഷേ, അണ്ണാഡിഎംകെ കെട്ടിപ്പൊക്കിയ മുന്നണിമതിൽ മറികടക്കാൻ നന്നായി വിയർക്കേണ്ടിവരും. പൊട്ടിയ അണക്കെട്ടിനു സഖ്യംകൊണ്ടു ഷട്ടറിടാനുള്ള അണ്ണാഡിഎംകെ ശ്രമം എത്രമാത്രം വിജയിച്ചുവെന്നതിന്റെ ഉത്തരമായിരിക്കും ഇത്തവണത്തെ തമിഴകത്തെ പാർലമെന്റ് തിരഞ്ഞെടുപ്പുഫലം. കരുണാനിധി, ജയലളിത എന്നീ വന്മരങ്ങളുടെ സാന്നിധ്യമില്ലാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ അരങ്ങൊരുങ്ങുന്നു. 

കടലാസിലെ കരുത്ത്

ഉത്തരേന്ത്യയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള സീറ്റുകൾ മറ്റു സംസ്ഥാനങ്ങളിൽ പിടിക്കുകയെന്നതാണ് ബിജെപിയുടെ വിശാലതന്ത്രം. ഇതിന്റെ പ്രധാന പരീക്ഷണശാലയാണു തമിഴ്നാട്. അതിലേക്കുള്ള ആദ്യ ചുവടിൽ ബിജെപിക്കു പിഴച്ചില്ലെന്നു പറയേണ്ടിവരും. അണ്ണാഡിഎംകെ, പിഎംകെ കക്ഷികളെ കൂട്ടിയിണക്കി കടലാസിലെങ്കിലും ശക്തമായ മുന്നണി അവർ കെട്ടിപ്പൊക്കിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തിൽ നീരസത്തിലാണെങ്കിലും വിജയകാന്തിന്റെ ഡിഎംഡികെയും വന്നേക്കും. ടിഎംസി, പുതിയ തമിഴകം, ഇന്ത്യ ജനനായക കക്ഷി തുടങ്ങി, ചില പോക്കറ്റുകളിൽ സ്വാധീനമുള്ള പാർട്ടികൾ കൂടിയാകുമ്പോൾ മുന്നണി അവഗണിക്കാനാകാത്ത ശക്തിയാകുന്നു. ഈ പാർട്ടികളുമായി ധാരണ അന്തിമമായിട്ടില്ലെങ്കിലും ഭൂരിഭാഗവും മുന്നണിയിലുണ്ടാകും.

തമിഴ്നാട്ടിലെ 2014 ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടുനില

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഈ പാർട്ടികൾക്കെല്ലാം കൂടി 60 ശതമാനത്തിലധികം വോട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു കണക്കാക്കിയാൽ ഇതു 52 ശതമാനത്തോളം വരും. അണ്ണാഡിഎംകെയ്ക്കു മുന്നണിയിലെ വല്യേട്ടൻ പദവി വിട്ടുനൽകിയും 5 സീറ്റുകളിൽ ഒതുങ്ങിയും ബിജെപി പരമാവധി വിട്ടുവീഴ്ചയ്ക്കു തയാറായിരിക്കുന്നു. ആവശ്യക്കാരനും ഔചിത്യമാകാമെന്ന പാഠം ബിജെപി ഉൾക്കൊണ്ടതിന്റെ ഫലം. നേതാക്കൾക്കെതിരായ അഴിമതിക്കേസുകൾ മുതൽ വ്യവസായ സൗഹൃദങ്ങൾവരെ ആയുധമാക്കിയാണ് ബിജെപി മുന്നണി യാഥാർഥ്യമാക്കിയതെന്ന കഥകൾ അണിയറയിൽ കേൾക്കുന്നു. എന്നാൽ, അണ്ണാഡിഎംകെയ്ക്കു ബിജെപിയെയും തിരിച്ചും ആവശ്യമുള്ളതിനാൽ ഇതു പരസ്പരസഹായ മുന്നണി കൂടിയാണ്. സാമ്പത്തിക സംവരണം, തമിഴ്നാടിനോടുള്ള കേന്ദ്ര സർക്കാർ സമീപനം, കാവേരിജലം, മേക്കദാട്ടു അണക്കെട്ട് തുടങ്ങിയ നയപരമായ പ്രശ്നങ്ങളിൽ മുന്നണിയിലെ നാലു പാർട്ടികൾക്കു നൂറു നിലപാടാണ്. എല്ലാ അഭിപ്രായവ്യാത്യാസങ്ങൾക്കുമപ്പുറത്ത് എല്ലാവരെയും ചേർത്തുനിർത്തുന്നത് ഒറ്റ ലക്ഷ്യം - തിരഞ്ഞെടുപ്പു വിജയം. 

പിഎംകെയെന്ന തുറുപ്പ്

പട്ടാളി മക്കൾ കക്ഷിയെന്ന പിഎംകെയുടെ തിരഞ്ഞെടുപ്പു ചിഹ്നം മാമ്പഴമാണ്. നിലപാടുകൾ കണക്കിലെടുത്താൽ കൂടുതൽ യോജിക്കുന്ന ചിഹ്നം ഓന്തായിരിക്കും. 1989ൽ രൂപീകരിക്കുമ്പോൾ, ദ്രാവിഡഭരണത്തിൽനിന്നു സംസ്ഥാനത്തെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. 10 വർഷം തികയും മുൻപേ, 1998ൽ അണ്ണാഡിഎംകെയുമായി സഖ്യത്തിലായി. തൊട്ടടുത്ത വർഷം ഡിഎംകെ മുന്നണിയിൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ഡിഎംഡികെയും എംഡിഎംകെയും ഉൾപ്പെട്ട മഴവിൽസഖ്യത്തിലായിരുന്നു. ഇതിനിടെ, പാർട്ടി പ്രസിഡന്റ് എസ്.രാംദാസ് ഉഗ്രൻ പ്രഖ്യാപനവും നടത്തി. കടലിലെ വെള്ളം വറ്റുന്നതുവരെ ദ്രാവിഡ പാർട്ടികളുമായി സഖ്യമില്ല. കടലിലെ വെള്ളം വറ്റിക്കുന്നതിനെക്കാൾ എളുപ്പം വാക്കുമാറ്റുകയാണെന്നു പിന്നീട് ബോധ്യമായി. ഇത്തവണ ഒരേസമയം രണ്ടു വള്ളത്തിലും കാലുവച്ചു മുന്നണി ചർച്ച നടത്തി. 7 ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റുമെന്ന വാഗ്ദാനത്തിൽ അണ്ണാഡിഎംകെ ഭാഗത്തേക്കു ചാഞ്ഞു. കാലുമാറ്റം ആചാരമാക്കിമാറ്റിയ പിഎംകെയെ സ്വന്തമാക്കാൻ എല്ലാവരും വലവീശുന്നത് എന്തുകൊണ്ടാണ്? 

വണ്ണിയർ സമുദായത്തിനിടയിൽ നിർണായകസ്വാധീനമുള്ള പാർട്ടിക്ക് 5 ശതമാനത്തിലധികം വോട്ട് ഫിക്സഡ് ഡിപ്പോസിറ്റാണ്. വടക്കൻ തമിഴ്നാട്ടിലെ മുഴുവൻ ജില്ലകളിലും പശ്ചിമതമിഴ്നാട്ടിലെ ചിലയിടങ്ങളിലും പാർട്ടി വിജയം നിശ്ചയിക്കാൽ കെൽപുള്ള ശക്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതപ്രകാരം, 8 ലോക്സഭാ മണ്ഡലങ്ങളിൽ പാർട്ടിക്കു 10 ശതമാനത്തിലധികം വോട്ടുണ്ട്. ഗൗണ്ടർ സമുദായത്തിനു സ്വാധീനമുള്ള പടിഞ്ഞാറൻ തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ അടിത്തറ ശക്തമാണ്. ഇവിടെ വണ്ണിയർ വോട്ടുകൂടിയാകുമ്പോൾ മുന്നണിയെ തോൽപിക്കുക പ്രയാസം. 

ഡിഎംകെയുടെ ശക്തികേന്ദ്രമായ വടക്കൻ തമിഴ്നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് ഒറ്റയ്ക്കു മുട്ടിനിൽക്കാനാവില്ല. ആ കുറവ് പിഎംകെ നികത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിച്ച പിഎംകെ വടക്കൻ തമിഴ്നാട്ടിൽ പിടിച്ച വോട്ടുകൾ ഡിഎംകെയുടെ തോൽവിക്കു കാരണമായിരുന്നു. അത് അണ്ണാഡിഎംകെയെ ഭരണം നിലനിർത്താൻ പരോക്ഷമായി സഹായിച്ചു. 

പിഎംകെയോട് അണ്ണാഡിഎംകെ കാണിച്ച ഉദാരസമീപനം ഒരു മുഴം മുൻപേയുള്ള ഏറാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാൻ സാധ്യതയുള്ള 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ നിലനിൽപിനെ ബാധിക്കും. പകുതി സീറ്റെങ്കിലും നേടിയില്ലെങ്കിൽ സർക്കാരിന്റെ ഭാവി തുലാസിലാകും. ഇതിൽ 10 മണ്ഡലങ്ങളിലെങ്കിലും പിഎംകെ നിർണായകം. ഉപതിരഞ്ഞെടുപ്പുകളിൽ അവരുടെ പിന്തുണ ഉറപ്പാക്കിയത് അണ്ണാഡിഎംകെയ്ക്കു പ്ലസ് പോയിന്റ്. പുതുച്ചേരി സീറ്റ് നൽകി എൻആർ കോൺഗ്രസിനെക്കൂടി സഖ്യത്തിന്റെ ഭാഗമാക്കിയേക്കും. ഏട്ടിലെ പശു പുല്ലു തിന്നാത്തതുപോലെ, കണക്കുകളിലെ വോട്ട് യന്ത്രത്തിൽ വീഴില്ല. എങ്കിലും, ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പു നേരിടാനുള്ള പശ്ചാത്തലമൊരുക്കുന്നതിൽ ബിജെപി വിജയിച്ചുവെന്നു പറയണം.

Dhinakaran

സഖ്യ കക്ഷിപ്പേടിയിൽ ഡിഎംകെ

അണ്ണാഡിഎംകെയ്ക്ക് സഖ്യകക്ഷികൾ കരുത്താണെങ്കിൽ ഡിഎംകെയ്ക്ക് അവർ ദൗർബല്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയും ഡിഎംകെയും നേടിയ വോട്ടിൽ വലിയ വ്യത്യാസമില്ല. നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകളിൽ ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്കു കൊടുത്ത സീറ്റുകൾ ഒലിച്ചുപോയി. 42 സീറ്റിൽ മൽസരിച്ച കോൺഗ്രസ് നേടിയത് എട്ടു സീറ്റു മാത്രം. മറ്റു സഖ്യകക്ഷികളുടെ സ്ഥിതിയും മറിച്ചല്ല. ഇത്തവണ പരമാവധി സീറ്റുകളിൽ സ്വന്തമായി മൽസരിക്കാൻ ഡിഎംകെ കരുനീക്കുന്നതിനു കാരണം ഇതുതന്നെ. അതേസമയം, വിസികെയും ഇടതുപാർട്ടികളും എംഡിഎംകെയും ഉൾപ്പെടെയുള്ള പാർട്ടികളെ പിണക്കുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്ന ഭയമുണ്ട്. 

കോൺഗ്രസിനു പുതുച്ചേരിയുൾപ്പെടെ 10 സീറ്റുകളും മറ്റു പാർട്ടികൾക്കെല്ലാം ഓരോ സീറ്റ് വീതവും നൽകാനാണു സാധ്യത. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളിൽ ഒറ്റയ്ക്കു മൽസരിച്ച കോൺഗ്രസിനു 38 ഇടത്തും കെട്ടിവച്ച കാശ് പോയി. കന്യാകുമാരിയിൽ മാത്രം രണ്ടാമതെത്തി. സിപിഎമ്മിനും സിപിഐയ്ക്കും കിട്ടിയത് ഒരു ശതമാനം വോട്ടുകൾ. കടലാസിലെങ്കിലും ശക്തമായ മുന്നണി നേർക്കുനേർ നിൽക്കുമ്പോൾ, ഡിഎംകെയ്ക്ക് ആശങ്കപ്പെടാൻ മറ്റു കാരണങ്ങളുമുണ്ട്. 2009 പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പാർട്ടി തിരഞ്ഞെടുപ്പു ജയിച്ചിട്ടില്ല. നന്നായി ഗൃഹപാഠം ചെയ്തിട്ടും മുൻ പരീക്ഷകളിലെ തോൽവികൾ അലോസരപ്പെടുത്തുന്ന കുട്ടിയുടെ അതേ മാനസികാവസ്ഥ. മറുവശത്ത് ജയലളിതയില്ലെന്നു പറയുമ്പോൾ ഇപ്പുറത്ത് കരുണാനിധിയുമില്ലെന്ന ബോധ്യമുണ്ട്. സ്റ്റാലിനെതിരെ കലാപശ്രമം നടത്തിയ സഹോദരൻ അഴഗിരി ഇപ്പോൾ നിശ്ശബ്ദനാണ്. തിരഞ്ഞെടുപ്പു സമയത്തു വീണ്ടും തലവേദനായി രംഗത്തിറങ്ങുമോയെന്ന ആശങ്ക മുതിർന്ന നേതാക്കൾ മറച്ചുവയ്ക്കുന്നില്ല. ഗ്രാമസഭകളും സംസ്ഥാന പര്യടനവുമായി സ്റ്റാലിൻ ഓടി നടക്കുന്നുണ്ടെങ്കിലും ഒറ്റയ്ക്കു വിജയം കൊണ്ടുവരാൻ പ്രാപ്തിയുള്ള നേതാവെന്ന പേര് ഇനിയും നേടേണ്ടിയിരിക്കുന്നു.

Kamal Hassan

വീർപ്പുമുട്ടി ചെറുമീനുകൾ

പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള തമിഴകത്തെ രാഷ്ട്രീയ അരങ്ങിനെ പൊങ്കൽ കാലത്തെ സിനിമാ റിലീസിനോട് ഉപമിക്കാം. സൂപ്പർതാര സിനിമകൾപോലെ, അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികൾ നിറഞ്ഞുനിൽക്കുന്നു. ഇവരെ മറികടന്നു ബോക്സ് ഓഫിസിൽ സാന്നിധ്യമറിയിക്കാൻ ഒട്ടേറെ പുതുമുഖ ചിത്രങ്ങൾ. പതിറ്റാണ്ടുകളോളം പൊങ്കൽ റിലീസിന്റെ ഗതി നിർണയിച്ച കമൽഹാസനും രാഷ്ട്രീയത്തിരയിലെ പുതുമുഖമായി ജനവിധി കാത്തുനിൽക്കുന്നു. ലേറ്റായ സമയത്തു ലേറ്റസ്റ്റായി വരാനില്ലെന്നു രജനീകാന്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. തേവർ സമുദായത്തിനു സ്വാധീനമുള്ള തെക്കൻ തമിഴ്നാട്ടിലെ മണ്ഡലങ്ങൾ ഇളക്കിമറിക്കുന്ന ടി.ടി.വി.ദിനകരനാണ് ശ്രദ്ധിക്കേണ്ട മറ്റൊരാൾ. ലളിതമായ കണക്കുകൂട്ടലിൽ, കമൽ പിടിക്കുന്ന വോട്ടുകൾ ഡിഎംകെയെയാകും ബാധിക്കുക. ദിനകരൻ വിള്ളൽവീഴ്ത്തുന്നത് അണ്ണാഡിഎംകെ വോട്ടുബാങ്കിൽ. അണ്ണാഡിഎംകെ സഖ്യകക്ഷികൾക്കു വിട്ടുനൽകുന്ന സീറ്റുകൾ കേന്ദ്രീകരിക്കാനായിരിക്കും ദിനകരന്റെ ശ്രമം. ബിജെപിയും പിഎംകെയുമായി സഖ്യമുണ്ടാക്കിയതിലൂടെ ജയലളിതയുടെ ഓർമയെ പാർട്ടിനേതൃത്വം വഞ്ചിച്ചുവെന്ന ആരോപണം ദിനകരൻ ഉയർത്തിക്കഴിഞ്ഞു. നടനും സംവിധായകനുമായ സീമാന്റെ നാം തമിഴർ കക്ഷി, ശരത് കുമാറിന്റെ സമത്വ മക്കൾകക്ഷി തുടങ്ങിയ പാർട്ടികൾ വേറെയും പുറത്തുണ്ട്. ആശയപരമായി പല ദിക്കുകളിൽ നിൽക്കുന്നതിനാൽ തിരസ്കൃതരുടെ മുന്നണി രൂപപ്പെടാനുള്ള സാധ്യതയും ചുരുക്കം. 

ഉൾക്കടലിൽ രൂപംകൊണ്ടു തീരത്തു താണ്ഡവമാടുന്ന ചുഴലിക്കാറ്റുകൾ തമിഴ്നാട്ടിൽ പതിവാണ്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു ഫലങ്ങളും ഒരർഥത്തിൽ ചുഴലികളാണ്. അത് ഒരു മുന്നണിയെ കശക്കിയെറിയും, മറുചേരിയെ വിജയത്തിന്റെ ആകാശത്തേക്കുയർത്തും. രണ്ടു ദ്രാവിഡ പാർട്ടികളും അവ നേതൃത്വം നൽകുന്ന മുന്നണികളും അതിന്റെ ലാളനയും ക്രൗര്യവും ഒരുപോലെ അറിഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ന്യൂനമർദം മുന്നണികളായി രൂപപ്പെട്ടുകഴിഞ്ഞു. ജനവിധിയുടെ ചുഴലിയായി അതു തീരം തൊടുമ്പോൾ കാറ്റിന്റെ ദിശ എങ്ങോട്ടാകും? പ്രവചനങ്ങൾക്കു കളം തെളിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com