ADVERTISEMENT

പ്രവാസി ഇന്ത്യക്കാർക്ക് ഇത്തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ നേരിട്ടു മണ്ഡലത്തിലെത്തണം. പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യത്തു വച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന നിയമഭേദഗതി ലോക്സഭ പാസാക്കി; രാജ്യസഭയിൽ ബിൽ പരിഗണിച്ചിട്ടില്ല. വിവാദമായ മുത്തലാഖ് ഉൾപ്പെടെ ഏതാനും വിഷയങ്ങളിൽ ബിൽ പാസാകാത്തതിനാൽ വീണ്ടും ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ നടപടിയെടുത്തു. എന്നാൽ, പ്രവാസിവോട്ടിന്റെ കാര്യത്തിൽ ഓർഡിനൻസിന്റെ സൂചന ഇപ്പോഴുമില്ല.  

നിയമപോരാട്ടത്തിന്റെ 5 വർഷം

പ്രവാസികൾക്കു വോട്ടവകാശം അനുവദിച്ച് 2010ൽ രണ്ടാം യുപിഎ സർക്കാർ ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കി. പ്രവാസികൾ വോട്ട് ചെയ്യാൻ മണ്ഡലത്തിലെത്തണമെന്ന വ്യവസ്ഥ, ഭരണഘടനയിലെ തുല്യത ഉൾപ്പെടെയുള്ള അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് ദുബായിലെ സംരംഭകൻ ഡോ.ഷംഷീർ വയലിലും മറ്റുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ ഓഫിസിൽ നൽകുന്ന വോട്ടിങ് സൗകര്യം മറ്റു പ്രവാസികൾക്കുകൂടി അനുവദിക്കാനാവില്ലേ എന്ന ചോദ്യമാണ് 2014 മാർച്ചിൽ നൽകിയ ഹർജിയിൽ ഡോ. ഷംഷീർ ഉന്നയിച്ചത്. 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാബല്യത്തിലാക്കാനെന്നോണം, വിഷയം പരിശോധിക്കാൻ കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് നിർദേശിച്ചു. 2014 ഏപ്രിലിലാണ് നിർദേശമുണ്ടായതെങ്കിലും, തിരഞ്ഞെടുപ്പു കമ്മിഷൻ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ വന്നത് അതേവർഷം ഒക്ടോബറിലാണ്. പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചോ ഇലക്ട്രോണിക് ബാലറ്റിലൂടെയോ (ഇ ബാലറ്റ്) പ്രവാസികൾക്കു വോട്ടിങ് സൗകര്യം അനുവദിക്കാവുന്നതാണെന്ന് കമ്മിഷൻ കോടതിക്കു റിപ്പോർട്ട് നൽകി. മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടു കോടതി നിർദേശിച്ചു. കമ്മിഷന്റെ ശുപാർശകൾ അംഗീകരിക്കുന്നുവെന്ന് സർക്കാർ 2015 ജനുവരി 12നു വ്യക്തമാക്കി. എട്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന്  കോടതി. 

2015 ഏപ്രിലിൽ വീണ്ടും 8 ആഴ്ചകൂടി അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ നിയമമുണ്ടാക്കണമെന്നു സർക്കാരിനോടു നിർദേശിക്കാനാവില്ലെന്നും കോടതി അന്നു പറഞ്ഞു. ഇ ബാലറ്റിന്റെ  സാധ്യതകളാണു സർക്കാർ പരിശോധിച്ചത്. ഭേദഗതി ബിൽ പരിഗണനയിലാണെന്ന് 2015 ജൂലൈ 8ന് സർക്കാർ കോടതിയെ അറിയിച്ചു. 

സർക്കാർ ഒക്ടോബറിൽ, വിഷയം 11 മന്ത്രിമാരുടെ സമിതിയുടെ പരിശോധനയ്ക്കു വിട്ടു. നീണ്ട ചർച്ചകൾക്കൊടുവിൽ, ഇ ബാലറ്റിലൂടെയല്ല, പകരക്കാരെ ഉപയോഗിച്ചു പ്രവാസികൾക്കു വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന നിയമഭേദഗതി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് 2017 നവംബറിൽ കോടതിയെ അറിയിച്ചു. അതേവർഷം ഡിസംബർ 18ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 

കഴിഞ്ഞ ഓഗസ്റ്റ് 9ന് ബിൽ ലോക്സഭ പാസാക്കി. ബിൽ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിലെത്തിയെങ്കിലും, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലും കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയെങ്കിലും ചർച്ചചെയ്തു പാസാക്കാനായി പരിഗണിച്ചില്ല. തൃണമൂൽ കോൺഗ്രസാണ് ബില്ലിനെ ശക്തമായി എതിർത്തത്. വിദേശത്തുള്ളവർക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പകരക്കാരെ ഉപയോഗിച്ചു വോട്ട് ചെയ്യാൻ സൗകര്യം വേണമെന്നാണ് തൃണമൂൽ ആവശ്യപ്പെട്ടത്. 

2017 ജൂലൈയിൽ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരനുവേണ്ടി ഹാജരായ മുകുൾ റോഹത്ഗിയും ഹാരീസ് ബീരാനും കോടതിയോടു പറഞ്ഞത്, സർക്കാരിന്റെ മെല്ലപ്പോക്കു കണക്കിലെടുക്കുമ്പോൾ, 2019ലും പ്രവാസിക്ക് വിദേശത്തുവച്ചു വോട്ട് ചെയ്യാൻ അവസരം ലഭിക്കില്ല. അന്ന് കോടതി പറഞ്ഞത്, 2021ലും അതു സാധ്യമാവുമെന്നു തോന്നുന്നില്ലെന്നാണ്. അഭിഭാഷകരുടെയും കോടതിയുടെയും വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്. ലോക്സഭയിൽ അവതരിപ്പിച്ചതായതിനാൽ ബിൽ ലാപ്സായി. ഓർഡിനൻസിന് ഉടനെ സർക്കാർ തയാറാവുന്നില്ലെങ്കിൽ, ലാപ്സാവുന്ന ബില്ലിലെ വ്യവസ്ഥ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രാബല്യത്തിലാവില്ല. എങ്കിൽ, അടുത്ത സർക്കാരിന്റെ കാലത്ത് പുതിയ ബിൽ. 

∙ ഡോ. ഷംഷീർ വയലിൽ (ഹർജിക്കാരൻ): ലോക്സഭയിൽ ബിൽ പാസാക്കിയപ്പോൾ ഞാൻ കരുതിയത് നിയമയുദ്ധം ജയിച്ചെന്നാണ്. നിയമമാകുന്നതിന്റെ പടിവാതിലിൽ എത്തിയപ്പോഴാണ് ബിൽ ലാപ്സായിരിക്കുന്നത്. കേസ് തുടങ്ങിയിട്ട് ഇപ്പോൾ 5 വർഷമാകുന്നു. നിയമം സാധ്യമാക്കാനുള്ള ശ്രമം തുടരും. ഉടൻ സുപ്രീം കോടതിയെ സമീപിക്കും. എന്തുകൊണ്ട് നിയമനിർമാണം സാധ്യമായില്ലെന്ന്, കോടതിക്കു നൽകിയ ഉറപ്പുപാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാരാണു പറയേണ്ടത്. ഇപ്പോൾ ഓർഡിനൻസ് മാത്രമാണു വഴി. അതിന് സർക്കാരിനെയും സമീപിക്കും.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com