ADVERTISEMENT

അഭിനന്ദൻ വർധമാനെ വിട്ടുകിട്ടിയതോടെ, ആകാശാതിർത്തി പ്രതിരോധത്തിന് ഉപയോഗിച്ച തന്ത്രങ്ങൾ ശരിയായിരുന്നോ എന്നതു സംബന്ധിച്ച് വ്യോമസേനയിൽ വിലയിരുത്തലുണ്ടാകും. പൊതുവേ, ഒട്ടേറെ തലങ്ങളായാണ് അതിർത്തിക്കടുത്തുള്ള വ്യോമപ്രതിരോധം സംവിധാനം ചെയ്തിരിക്കുന്നത്. 

ഒന്ന്: ശത്രുവിനെ അകലെനിന്നുതന്നെ കണ്ടെത്താനുള്ള റഡാർ സംവിധാനവും അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള മധ്യദൂര മിസൈൽ സംവിധാനവും. കശ്മീർ പ്രദേശത്ത് ഏത് റഡാർ – മിസൈൽ സംവിധാനമാണു നിലവിലുള്ളതെന്ന് വ്യോമസേനയ്ക്കു വെളിപ്പെടുത്താനാവില്ല. ഈ സംവിധാനം പരാജയപ്പെട്ടോ എന്നതാണ് ഇപ്പോൾ വ്യോമസേന പരിശോധിക്കുന്നത്. 

ശത്രുവിനെ ദൂരെനിന്നുതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഒന്നുകിൽ മിസൈൽ ഉപയോഗിച്ചു തടയാമായിരുന്നു. അതല്ലെങ്കിൽ, ഇന്ത്യയുടെ ഉള്ളിലുള്ള താവളങ്ങളിൽ വിന്യസിച്ചിരിക്കുന്ന ശക്തികൂടിയതും ദൂരപരിധി കൂടിയതുമായ മിഗ്–29 പോലുള്ള വിമാനങ്ങളെ അയയ്ക്കാമായിരുന്നു. ദീർഘദൂര ആകാശപ്രതിരോധ വിമാനങ്ങളെ ഒരു വ്യോമസേനയും അതിർത്തിക്കടുത്തു വിന്യസിക്കാറില്ല. 

രണ്ട്: കഴിഞ്ഞ ദിവസം, ശത്രു അടുത്തെത്തിയ (100 കിലോമീറ്ററിലും താഴെ) ശേഷമേ ഇന്ത്യൻ റഡാറുകളിൽ ദൃശ്യമായുള്ളൂ എന്നു കരുതാവുന്നതാണ്. അതിനാൽ, അതിർത്തിക്കടുത്തുള്ള താവളങ്ങളിൽനിന്നു ദ്രുതഗതിയിൽ പറന്നുപൊങ്ങുന്ന മിഗ്–21 ബൈസൻ ആണ് ഉപയോഗിച്ചത്. ഒപ്പം ദൂരപരിധി കുറഞ്ഞ മിസൈലുകളും ഉപയോഗിച്ചിരിക്കണം. ഇവ രണ്ടും ചേർന്നതാണ് വ്യോമപ്രതിരോധത്തിന്റെ രണ്ടാം തലം. 

മിസൈൽ പ്രതിരോധനിരയും ഭേദിച്ച് ശത്രു അകത്തുകടന്നാൽ നിലത്തുനിന്നുള്ള വിമാനവേധ പീരങ്കികൾ നിറയൊഴിച്ചുതുടങ്ങും. ഇതാണ് മൂന്നാം തലം. ആധുനിക പോർവിമാനങ്ങൾക്കെതിരെ ഇവ ഒട്ടും ഫലപ്രദമല്ല. 

താരതമ്യേന കൂടുതൽ ആധുനികമായ എഫ്–16 വിമാനവുമായി ശത്രു അതിക്രമിച്ചുവന്നപ്പോൾ ഇന്ത്യൻ വ്യോമസേന മിഗ്–21 ബൈസൻ വിമാനം ഉപയോഗിച്ചു പ്രതിരോധിക്കാൻ ശ്രമിച്ചത് ബുദ്ധിപൂർവമായിരുന്നോ എന്ന് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. 

മിഗ്–21ന്റെ നവീകരിച്ച പതിപ്പാണ് മിഗ്–21 ബൈസൻ. ഇവതന്നെ 1990കളിൽ വീണ്ടും ആധുനികവത്കരിച്ചതാണ്. അതിനാൽ വിമാനത്തിന്റെ പ്രഹരശക്തി സംബന്ധിച്ചു സംശയം വേണ്ടെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥർ പറയുന്നത്. 

ഉപയോഗിച്ച വിമാനത്തെക്കാൾ, ഇവിടെ നിലവിലുള്ള റഡാർ സംവിധാനം സംബന്ധിച്ചാണ് വ്യോമസേനയ്ക്കു കൂടുതൽ ആശങ്ക. പാക്ക് വ്യോമസേനയിൽനിന്നു തിരിച്ചടി പ്രതീക്ഷിച്ചിരുന്നിട്ടും എന്തുകൊണ്ട് നിലത്തുള്ള റഡാറുകൾ ശത്രുവിമാനങ്ങളുടെ വരവു കണ്ടില്ല എന്നതാണ് ഉത്തരം തേടുന്ന ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com