ADVERTISEMENT

പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ തൽക്കാലത്തേക്കെങ്കിലും അയവുവന്നെന്ന വിലയിരുത്തലി‍ലാണ് വിദേശകാര്യ മന്ത്രാലയം. എന്നാൽ, നയതന്ത്രതലത്തിൽ പോർമുന പാക്കിസ്ഥാനെതിരെതന്നെ –  ഭീകരവാദത്തിന്റെ പേരിലാണെന്നു മാത്രം. 

തിരിച്ചടി  ഗുണകരമാവില്ല

പുൽവാമയിൽ ഭീകരാക്രമണമുണ്ടായി, ഇന്ത്യ തിരിച്ചടിച്ചു. അതിനു പ്രത്യാക്രമണമുണ്ടായി. പിടിയിലായ പോർവിമാന ൈപലറ്റിനെ പാക്കിസ്ഥാൻ രാജ്യാന്തര സമ്മർദത്തിനു വഴങ്ങിയാണെങ്കിലും വേഗത്തിൽ വിട്ടയച്ചു. അതിനെ സംഘർഷം അയയുന്നതിന്റെ തെളിവായി പല രാജ്യങ്ങളും വ്യാഖ്യാനിക്കുകയും ചെയ്തു. 

ഇനി വീണ്ടും പാക്കിസ്ഥാന് സൈനികമായി മറുപടി നൽകാൻ ശ്രമിച്ചാൽ കടന്നാക്രമണവും പ്രകോപനവും നടത്തുന്നത് ഇന്ത്യയാണെന്ന വിലയിരുത്തലിനു വഴിവയ്ക്കാം. അതുകൊണ്ടുതന്നെ, സൈനിക നടപടിയുടെ പാതയിൽനിന്നു പിന്മാറുന്നതാകും ഉചിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തലെന്നാണു സൂചന. 

ആഭ്യന്തര താൽപര്യങ്ങൾ കണക്കിലെടുക്കുമ്പോൾ രാഷ്ട്രീയനേതൃതലത്തിൽ ഈ സമീപനം എളുപ്പത്തിൽ സ്വീകാര്യമാകണമെന്നില്ല. 

മസൂദിനെക്കുറിച്ചുള്ള തെളിവ്

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിൽത്തന്നെയുണ്ടെന്നും കടുത്ത അനാരോഗ്യത്തിലാണെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു വിദേശ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ തെളിവുനൽകിയാൽ മാത്രമേ മസൂദിനെതിരെ നടപടി സാധ്യമാവൂ എന്നും മന്ത്രി പറഞ്ഞു. 

മസൂദ് പാക്കിസ്ഥാനിലുണ്ടെന്ന് അംഗീകരിക്കുമ്പോൾ ഭീകരവാദികൾക്കു താവളമൊരുക്കുന്നവരെന്ന ആരോപണം, പാക്കിസ്ഥാൻ ശരിവയ്ക്കുന്നുവെന്നാണ്  വൃത്തങ്ങൾ പറയുന്നത്. തെളിവു നൽകണമെന്നത് പാക്കിസ്ഥാന്റെ സ്ഥിരം പല്ലവിയാണ്. താൽപര്യമുണ്ടെങ്കിൽ നടപടി സാധ്യമാക്കുന്ന വേണ്ടത്ര തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് തന്നെ പുറത്തുവിട്ടതായി കരുതുന്ന വിഡിയോ ദൃശ്യങ്ങളുൾപ്പെടെ ഈയിടെ കൈമാറിയിട്ടുണ്ട്. എന്നിട്ടും പാക്കിസ്ഥാൻ നിഷേധാത്മക നിലപാടിലാണ്. 

മുംബൈ ഭീകരാക്രമണത്തിന്റെയും പഠാൻകോട്ട് ഭീകരാക്രമണത്തിന്റെയും ഉത്തരവാദികളെ സംബന്ധിച്ച തെളിവുകൾ നൽകിയതാണ്. പഠാൻകോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട്, ഫോൺ നമ്പരുകളുൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകി. എന്നിട്ടും നടപടിയുണ്ടായിട്ടില്ല. 

ഭീകരവാദം തന്നെ വിഷയം

ഇന്ത്യ – പാക്ക്  സംഘർഷം എന്നതിൽനിന്ന് വീണ്ടും ഭീകരാവാദത്തിനെതിരെയുള്ള പോരാട്ടം എന്നതിലേക്ക് ചർച്ചകൾ തിരികെക്കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. 

ഇസ്‌ലാമിക സഹകരണസംഘടനയുടെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എടുത്തുപറഞ്ഞതും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com