ചരിത്രമുറങ്ങുന്ന ചാലക്കുടി; ചാടിക്കടക്കുന്നതാരാകും?

Chalakkudy-Candidates
SHARE

ടിപ്പു സുൽത്താന്റെ സൈന്യത്തിന്റെ വെടിക്കോപ്പുപുര ചാലക്കുടിപ്പുഴയുടെ തീരത്തായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നെഞ്ചുലച്ച എത്രയോ പ്രസംഗങ്ങളുടെ വെടിപ്പുരയും ചാലക്കുടിയായിരുന്നു. കോൺഗ്രസിന്റെ നാവായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മവും കർമവുമെല്ലാം ഇവിടെയായിരുന്നു. സിപിഎം പത്തിവിരിച്ച മൂർഖനാണെങ്കിൽ, സിപിഐ പത്തി ഒതുക്കിയ മൂർഖനാണെന്നു പനമ്പിള്ളി പറയുമ്പോൾ കമ്യൂണിസ്റ്റുകാർ നിശ്ശബ്ദരാകുമായിരുന്നു. 

ചാലക്കുടിയുടെ രാഷ്ട്രീയയാത്രകൾ

ഡൽഹിയിലെ കേന്ദ്ര സെക്രട്ടേറിയറ്റിൽ ചാലക്കുടി ഫയൽ എന്നു പറഞ്ഞാൽ ഉദ്യോഗസ്ഥർ ഭവ്യതയോടെ കൈകാര്യം ചെയ്തിരുന്ന കാലമുണ്ട്. കേന്ദ്ര നിയമ, റെയിൽവേ മന്ത്രിയായിരുന്ന പനമ്പിള്ളിയെ അവർക്ക് അത്രയേറെ ബഹുമാനമായിരുന്നു. കെ.കരുണാകരനെ ‘രാഷ്ട്രീയക്കളികൾ’ പഠിപ്പിച്ചതു പനമ്പിള്ളിയാണ്. അപ്പോൾത്തന്നെ അറിയാമല്ലോ ഗുരുവിന്റെ വലുപ്പം! വാക്കിൽ ഗുരുവിനോളം വന്നില്ലെങ്കിലും അടവിൽ ഒരടി കൂടി മുന്നോട്ടുവച്ച കരുണാകരൻ, 1999ൽ പാർലമെന്റിലെത്തിയത് പുനർനിർണയത്തിനു മുൻപുള്ള ഇവിടത്തെ മണ്ഡലമായ മുകുന്ദപുരത്തുനിന്നു ജയിച്ചാണ്. 2004ൽ മകൾ പത്മജ സിപിഎമ്മിന്റെ ലോനപ്പൻ നമ്പാടനോടു തോറ്റതും ഇവിടെ. 

മുകുന്ദപുരത്തിനു പകരം ചാലക്കുടി പിറന്ന 2009ൽ കെ.പി.ധനപാലനിലൂടെ കോൺഗ്രസ് ജയിച്ചുകയറി. കഴിഞ്ഞ തവണ തൃശൂരിൽനിന്നു മണ്ഡലം മാറിവന്ന പി.സി.ചാക്കോയെ തോൽപിച്ച് ഇന്നസന്റ് എംപിയായി. പനമ്പിള്ളിയിൽനിന്ന് ഇന്നസന്റിലേക്കുള്ള ദൂരമാണ് ചാലക്കുടിയുടെ രാഷ്ട്രീയയാത്ര. 

കണ്ണടച്ച് വിശ്വസിച്ചു, പക്ഷേ...

മുകുന്ദപുരമായിരുന്ന കാലം മുതലേ കോൺഗ്രസുകാർ സുരക്ഷിതമെന്നു കണ്ണടച്ചു വിശ്വസിക്കുന്ന മണ്ഡലമാണിത്. തോൽപിച്ചതൊക്കെ ലോനപ്പൻ നമ്പാടനെയും ഇന്നസന്റിനെയും പോലുള്ള വിരുന്നുകാരാണ്. 16 തിരഞ്ഞെടുപ്പുകളിൽ പന്ത്രണ്ടിലും കോൺഗ്രസ് ഉൾപ്പെട്ട മുന്നണി വിജയിച്ചു. തോൽവികൾ കോൺഗ്രസിനകത്തെ കുത്തിത്തിരിപ്പുകൊണ്ടായിരുന്നുവെന്ന് ആ കാലത്തെ രാഷ്ട്രീയചിത്രം നോക്കിയാലറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വരെ അതാവർത്തിച്ചു. തൃശൂരിൽ മത്സരിക്കാനില്ലെന്നു പറഞ്ഞ പി.സി.ചാക്കോയെ ചാലക്കുടിയിലെ കോൺഗ്രസുകാർ സ്വീകരിച്ചത് ‘വരൂ തോൽപിച്ചുതരാം’ എന്ന മനസ്സോടെയാണ്. അതു ചെയ്യുകയും ചെയ്തു.

Chalakkudy-lok-sabha-constituency-candidates-2019-new

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽപെട്ട പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങൾ യുഡിഎഫിനൊപ്പമായിരുന്നു; കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവും. എൽഡിഎഫ് മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം ഇരുപതിനായിരത്തിനു മുകളിലായിരുന്നു.

ഇത് പാർട്ടിയുടെ ഇന്നസന്റ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആകർഷണം ഇന്നസന്റ് തന്നെയായിരുന്നു. മലയാളിക്കു പുഞ്ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഈ മുഖം മനസ്സിലിട്ടാണു വോട്ടർമാർ ബൂത്തിലെത്തിയത്. ‘കിലുക്കം’ എന്ന സിനിമയിൽ ലോട്ടറിയടിച്ച ശേഷം തിലകന്റെ മുന്നിലെത്തി ‘ഞാനെന്റെ സ്വന്തം കാറിൽ വരും...’ എന്നു പറയുന്ന ഇന്നസന്റായിരുന്നു അവരുടെ മനസ്സിൽ. എംപി എന്ന ബോർഡ് വച്ച കാർ വോട്ടർമാർ സമ്മാനിക്കുകയും ചെയ്തു. അടിച്ചതു ലോട്ടറിയായിരുന്നില്ലെന്നു തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിനാണ്; ഇന്നസന്റിനല്ല. 

രാഷ്ട്രീയക്കാരനായ ഇന്നസന്റിനെയാണ് ഇത്തവണ വോട്ടർമാർ വിലയിരുത്തുന്നത്. കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് ആർഎസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തി ഇരിങ്ങാലക്കുട നഗരസഭാംഗമായ ശേഷം സിനിമയിലേക്കു പോയ ഇന്നസന്റ് ഇത്തവണ മത്സരിക്കുന്നത് അരിവാൾ ചുറ്റിക നക്ഷത്രമെന്ന പാർട്ടി ചിഹ്നത്തിലാണ്. കഴിഞ്ഞതവണ സിപിഎം സ്വതന്ത്രനായിരുന്നു.

കോൺഗ്രസിന് ബെന്നി ബെസ്റ്റാ...

എ.കെ.ആന്റണിക്കും വയലാർ രവിക്കും ശേഷമുള്ള കോൺഗ്രസ് തലമുറയുടെ പ്രതിനിധിയാണു ബെന്നി ബഹനാൻ. 1978ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായാണു നേതൃത്വത്തിലേക്കുള്ള വരവ്. തൃക്കാക്കരയിൽനിന്നും പിറവത്തുനിന്നും നിയമസഭയിലെത്തി. ഇടക്കാലത്ത് തൃശൂർ ഡിസിസിയുടെ ചുമതലക്കാരനായി. 

കോൺഗ്രസിലെ മിതവാദിമുഖം. കടുത്ത എ ഗ്രൂപ്പുകാരനാണെങ്കിലും സർവസമ്മതനായാണു സ്ഥാനാർഥിയായത്. കോൺഗ്രസിൽ അതത്ര എളുപ്പമല്ല. യുഡിഎഫ് സംസ്ഥാന കൺവീനർ എന്ന പദവി ബെന്നിയുടെ സ്ഥാനാർഥിത്വത്തിനു ഗൗരവം കൂട്ടുന്നു.

സമരമുഖത്തുനിന്ന് രാധാകൃഷ്ണൻ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ബിജെപി ഒരു ലക്ഷത്തോളം വോട്ട് പിടിച്ചു. ഇതത്ര ചെറിയ സംഖ്യയല്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതും. ആർഎസ്എസ്  വൊളന്റിയറായി കണ്ണൂരിൽ തുടങ്ങിയ രാഷ്ട്രീയജീവിതമാണു രാധാകൃഷ്ണന്റേത്. പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ പദവികളിലെല്ലാം എത്തി. രാഷ്ട്രീയത്തിനതീതമായ ബന്ധവുമുണ്ടാക്കി. 

ശബരിമല പ്രശ്നത്തിൽ 10 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം കിടന്ന രാധാകൃഷ്ണൻ, പാർട്ടിയുടെ ശബരിമല സമരത്തെ സജീവമാക്കി നിർത്തി. എൽ.കെ.അഡ്വാനിയുടെ ആദ്യ കേരളയാത്രയുടെ ചുമതലക്കാരനായിരുന്നു.

എറണാകുളം vs തൃശൂർ

പ്രളയമാണു ചാലക്കുടിയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. നാലു ദിവസത്തോളം മേൽക്കൂരവരെ മുങ്ങിയ ആയിരക്കണക്കിനു വീടുകളുണ്ട് മണ്ഡലത്തിൽ. തുറന്നുവിട്ട ഡാമുകളിലൂടെ പ്രളയം ഒഴുകിയെത്തുകയായിരുന്നു. ഒരു നാമ്പുപോലും ബാക്കിവയ്ക്കാതെ പ്രളയം എടുത്തുകൊണ്ടുപോയ ഏക്കർ കണക്കിനു കൃഷിയിടങ്ങളുണ്ട്. ഇന്നും ക്യാംപുകളിൽ കഴിയുന്നവരുണ്ട്. ചാലക്കുടി ടൗണിന്റെ നട്ടെല്ലൊടിച്ചാണു പ്രളയം പോയത്. 

പ്രളയദുരിതാശ്വാസത്തിൽ ഇപ്പോഴും കടംപോലെ സർക്കാർ ബാക്കിവച്ച ഒരുപാടു കണക്കുകളുണ്ട്. കണക്കിൽ ദുരിതാശ്വാസം നടന്നെങ്കിലും കാര്യത്തിൽ പലതും ബാക്കിയാണ്. 

chalakkudy-lok-sabha-constituency

രാഷ്ട്രീയവിഷയങ്ങളിലൊന്ന് എൻഎസ്എസ് നിലപാടാണ്. സംസ്ഥാനത്ത് എൻഎസ്എസിന്റെ ഏറ്റവും വലിയ താലൂക്കായ മുകുന്ദപുരം ചാലക്കുടിയിലാണ്. ശബരിമലപ്രശ്നത്തിൽ എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാട് ഇവിടെ നിർണായകമാണ്. എറണാകുളം ജില്ലയിലെ യുഡിഎഫ് കരുത്തും തൃശൂർ ജില്ലയിലെ എൽഡിഎഫ് കരുത്തും തമ്മിലുള്ള പോരാട്ടം കൂടിയാണിത്.

പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം

ഇന്നസന്റ് എംപിയായിരിക്കെ, 1750 കോടി രൂപയുടെ വികസനപ്രവർത്തനമാണ് മണ്ഡലത്തിൽ ഉണ്ടായതെന്ന് എൽഡിഎഫ്. 1200 കോടി രൂപയാണ് അടിസ്ഥാന വികസനമേഖലയ്ക്കു മാത്രം നൽകിയത്. 

വളരെ ചിട്ടയായി പ്രവർത്തിക്കുന്നൊരു ഓഫിസ് സംവിധാനം ഇന്നസന്റിനുണ്ടായിരുന്നു. അങ്കമാലിയിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യ ടെക്നോളജി സെന്റർ, ചാലക്കുടിയിലെ ആയുഷ് ആശുപത്രി, സൗജന്യ മാമോഗ്രാം പരിശോധനാ പദ്ധതി എന്നിവയെല്ലാം ഇന്നസന്റ് പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ടിലെ നേട്ടങ്ങളാണ്. ഈ റിപ്പോർട്ട് ജനം ഒപ്പിട്ടു നൽകുമോ എന്നതാണിനി അറിയാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA