ADVERTISEMENT

ഇന്നേവരെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലാത്ത രണ്ടു സ്ഥാനാർഥികൾ – എ.സമ്പത്ത്, അടൂർ പ്രകാശ്. ഇരു മുന്നണികളിലായി അവർ ഏറ്റുമുട്ടുമ്പോഴോ? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ആറ്റിങ്ങൽ. മൂന്നുവട്ടം വലിയ ഭൂരിപക്ഷത്തോടെ ജയിച്ച സിറ്റിങ് എംപി 

എ. സമ്പത്തിനെത്തന്നെ സിപിഎം ഇറക്കിയത് നാലാം വിജയത്തിനും പ്രാപ്തനെന്നു തിരിച്ചറിഞ്ഞാണ്. പരിചിത സൗമ്യമുഖംതന്നെ സമ്പത്തിന്റെ മുഖ്യ സമ്പത്ത്. 

സിപിഎമ്മിൽനിന്നു സീറ്റ് പിടിച്ചെടുത്ത് അഞ്ചുവട്ടം തുടർച്ചയായി കോന്നി നിയമസഭാ മണ്ഡലത്തിൽ വിജയിച്ചതിന്റെ വീറുമായാണു മറുവശത്ത് അടൂർ പ്രകാശിന്റെ വരവ്. വിവാദങ്ങളുടെ നിഴലിൽ പോരിനിറങ്ങിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽത്തന്നെയായിരുന്നു ഏറ്റവുമധികം ഭൂരിപക്ഷവും. 

ശോഭ സുരേന്ദ്രനെപ്പോലൊരു പോരാളിയുള്ളതിനാൽ ഇക്കുറി ബിജെപിയുടെ വരവും പഴയതുപോലെയല്ല. 

കരുത്തന്മാരുടെ വീഴ്ചയും വാഴ്ചയും

ലോക്സഭാ മത്സരചരിത്രവും നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കും നോക്കിയാൽ ഏറെ മുൻതൂക്കം എൽഡിഎഫിനാണ്. ചിറയിൻകീഴും പിന്നെ പേരുമാറി ‘ആറ്റിങ്ങലു’മായി നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനു 11 ജയം; കോൺഗ്രസിന് അഞ്ചും. നിയമസഭാ സീറ്റുകളിൽ അരുവിക്കര ഒഴികെ ആറും എൽഡിഎഫിനൊപ്പം. 

ചിറയിൻകീഴ് ലോക്സഭാ സീറ്റിൽ കോൺഗ്രസ് നേടിയ അഞ്ചു ജയവും തുടർച്ചയായിട്ടായിരുന്നുവെന്ന പ്രത്യേകതയുണ്ട്. കരുത്തനായ ആർ.ശങ്കറിനെ കെ.അനിരുദ്ധൻ മുട്ടുകുത്തിച്ച മണ്ണിൽ രണ്ടുംകൽപിച്ചെത്തിയ വയലാർ രവി 1971ലും ’77ലും വലിയ ഭൂരിപക്ഷം നേടി. എന്നാൽ, 1980ൽ‌ കോൺഗ്രസ് (യു) സ്ഥാനാർഥിയായി സിപിഎം മുന്നണിയിൽ മത്സരിച്ചപ്പോൾ കോൺഗ്രസ്(ഐ) സ്ഥാനാർഥി എ.എ.റഹിമിനോടു തോൽക്കുകയും ചെയ്തു. 

1984ലും ’89ലും മണ്ഡലം കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനൊപ്പം നിന്നു; 1989ൽ തോൽപിച്ചത് സിപിഎമ്മിന്റെ പ്രബല നേതാവ് സുശീല ഗോപാലനെ. 1991ൽ തലേക്കുന്നിലിനെ തോൽപിച്ച് സുശീല ഗോപാലൻ മണ്ഡലം തിരികെപ്പിടിച്ച ശേഷം കോൺഗ്രസ് ഇവിടെ ജയിച്ചിട്ടേയില്ല. മൂന്നു തവണ വീതം വർക്കല രാധാകൃഷ്ണനും എ.സമ്പത്തും വിജയക്കൊടി പാറിച്ചു. കോൺഗ്രസിന്റെ സംഘടനാശക്തി ദുർബലമായതും എൽഡിഎഫ് വിജയങ്ങൾക്കു പിന്നിലെ ഘടകങ്ങളിലൊന്നാണ്. എന്നാൽ, ഇക്കുറി മണ്ഡലം മാറിച്ചിന്തിക്കുമെന്ന വലിയ പ്രതീക്ഷ യുഡിഎഫിനുണ്ട്. 

ബലാബലത്തിൽ ആര് ?

കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ വിജയവും നിയമസഭാ മണ്ഡലങ്ങളിലെ മേൽക്കോയ്മയും കൊണ്ടുതന്നെ, എൽഡിഎഫ് തങ്ങളുടെ അടിയുറച്ച മണ്ഡലമാക്കി ആറ്റിങ്ങലിനെ മാറ്റിയെടുത്തു എന്നതാണ് സമ്പത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. കെ.അനിരുദ്ധന്റെ മകനെന്ന വാൽസല്യവും ജനങ്ങൾക്കുണ്ട്. വിളിപ്പുറത്തുള്ള എംപിയെന്ന ജനകീയത കൂടി വോട്ടായി മാറുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. 

attingal-lok-sabha-constituency

എന്നാൽ, മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കാര്യമായ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലാതെയാണ് സമ്പത്ത് എത്തുന്നതെന്ന വിമർശനം എതിർപക്ഷം ശക്തമായി ഉയർത്തുന്നു. ദേശീയപാതയിൽ ആറ്റിങ്ങലിലെയും എംസി റോഡിൽ‌ വെഞ്ഞാറമൂട്ടിലെയും ഗതാഗതക്കുരുക്കിനു പരിഹാരമാകാത്തത് എംപിക്കും സംസ്ഥാന സർക്കാരിനുമെതിരെ യുഡിഎഫ് ആയുധമാക്കുന്നു. 

ഏതു പ്രതിസന്ധിയും തരണം ചെയ്ത് വോട്ടു നേടാനുള്ള അടൂർ പ്രകാശിന്റെ നൈപുണ്യമാണ് യുഡിഎഫിനു വലിയ പ്രതീക്ഷ പകരുന്നത്. ഒരു പരിധിവരെ എതിരാളിയുടെ കുത്തകയായിരുന്ന സാമുദായിക വോട്ടുകളിൽ‌ അടൂർ പ്രകാശ് വലിയ വിള്ളൽ‌ വീഴ്ത്തിയേക്കാം. പ്രകാശിന്റെ വരവോടെ മണ്ഡലത്തിൽ യുഡിഎഫിനു കെട്ടുറപ്പുമേറി. 

ശബരിമല യുവതീപ്രവേശത്തിനെതിരായ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ശോഭ സുരേന്ദ്രൻ ഏറെ പ്രതീക്ഷയോടെയാണു പ്രചാരണരംഗത്തുള്ളത്. 2009ൽ ബിജെപി വോട്ട് 47,620 മാത്രമായിരുന്നെങ്കിൽ, കഴി‍ഞ്ഞതവണ അത് 90,528 ആയി. ശക്തയായ സ്ഥാനാർഥിയിലൂടെ നിർണായക സാന്നിധ്യമാകുകയാണ് ഇക്കുറി പാർട്ടിയുടെ ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com