ADVERTISEMENT

പൊന്നാണ് മുസ്‌ലിം ലീഗിനു പൊന്നാനി. മാറ്റേറുകയും കുറയുകയും ചെയ്‌തിട്ടുണ്ടെങ്കിലും ചതിച്ചിട്ടില്ല. എല്ലാം കൈവിട്ടു പോകുമായിരുന്ന 2004ൽ യുഡിഎഫിന്റെ മാനം കാത്തതു പൊന്നാനിയാണ്. കുത്തക മണ്ഡലമായിരുന്ന മലപ്പുറം (മഞ്ചേരി) പോലും അത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തിരിഞ്ഞുകുത്തി.  ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും പൊന്നാനിയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞുവരുന്നത് എൽഡിഎഫ് ശുഭസൂചനയായി കാണുന്നു. കയറാൻ മാത്രമുള്ളതല്ല, ഇറങ്ങാനുമുള്ളതാണു കോണിയെന്ന് അവർ ഓർമപ്പെടുത്തുന്നു.

മഹാരാഷ്‌ട്രയിൽനിന്നു വന്ന ജി.എം.ബനാത്ത്‌വാലയാണ് 1977ൽ മണ്ഡലത്തിൽ ഹരിതപതാക നാട്ടിയത്. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ അത് ഉയരത്തിൽ പാറിയിട്ടേയുള്ളൂ. 7 തവണ ബനാത്ത്‌വാല പൊന്നാനിയിൽ നിന്നു കോണികയറി ലോക്‌സഭയിലെത്തി. തുടർന്ന് ഇബ്രാഹിം സുലൈമാൻ സേട്ടും ഇ.അഹമ്മദും പൊന്നാനിയുടെ പച്ചപ്പിൽ വിജയംകണ്ടു.

പിന്നീട് ഇ.ടി.മുഹമ്മദ് ബഷീറിനായിരുന്നു ഊഴം. കഴിഞ്ഞ 2 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബഷീറിനെ പൊന്നാനി പാർലമെന്റിലയച്ചു. 4 പതിറ്റാണ്ടിലേറെയായി പൊന്നാനിയുടെ മണ്ണിൽ നിറംമങ്ങാതെ നിൽക്കുന്ന പച്ചക്കൊടി പിഴുതെടുക്കാനാവുമോ എന്ന പരീക്ഷണത്തിലാണ് എൽഡിഎഫ്. വോട്ടിന്റെ കരുത്തു കാട്ടി മോദിക്കു പിന്തുണ കൂട്ടാൻ ബിജെപിയും, ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കുകയെന്ന ലക്ഷ്യവുമായി എസ്‌ഡിപിഐയും പിഡിപിയും രംഗത്തുണ്ട്.

രാഷ്‌ട്രീയ പരീക്ഷണശാല

എൽഡിഎഫിന് പൊന്നാനി രാഷ്‌ട്രീയ പരീക്ഷണശാലയാണ്. എന്നാൽ, ഇവിടെ നടത്തിയ പരീക്ഷണങ്ങളൊന്നും ഫലം കണ്ടില്ലെന്നതു ചരിത്രം. ലീഗിന്റെ അടിത്തറ ഇളക്കുകയെന്ന ലക്ഷ്യത്തോടെ 2009ലെ തിരഞ്ഞെടുപ്പിലാണ് സിപിഎം ആദ്യപരീക്ഷണം നടത്തുന്നത്. സിപിഐയുടെ മണ്ഡലമായിരുന്ന പൊന്നാനി സിപിഎം ഏറ്റെടുത്തു. പകരം സിപിഐക്കു വയനാട് നൽകി. പിഡിപി നേതാവ് അബ്‌ദുൽനാസർ മഅദനിയുടെ ആശീർവാദത്തോടെ ഡോ. ഹുസൈൻ രണ്ടത്താണിയെ പൊന്നാനിയിൽ ഇടതു സ്വതന്ത്ര സ്‌ഥാനാർഥിയാക്കി. ആ പരീക്ഷണം വിജയിച്ചില്ലെന്നു മാത്രമല്ല, പിഡിപിയുമായുള്ള കൂട്ടുകെട്ട് മറ്റു മണ്ഡലങ്ങളിൽ സിപിഎമ്മിനു തിരിച്ചടിയുമായി.

കെപിസിസി അംഗമായിരുന്ന വി.അബ്‌ദുറഹ്‌മാനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനാക്കി മത്സരിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീറിന്റെ രണ്ടാം ജയത്തിനു തടയിടാൻ അതുകൊണ്ടുമായില്ല. അബ്‌ദുറഹ്‌മാന് കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞതിനാൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അബ്‌ദുറഹ്‌മാനെ താനൂർ നിയമസഭാ മണ്ഡലത്തിൽ നിർത്തി എൽഡിഎഫ് എംഎൽഎയാക്കി. ഇതിനു സമാനമായ മറ്റൊരു പരീക്ഷണമാണ് എൽഡിഎഫ് ഇത്തവണ നടത്തുന്നത്. നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെയാണ് ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ നിർത്തിയിരിക്കുന്നത്. മുൻ കോൺഗ്രസുകാരനാണ് അൻവർ. ന്യൂനപക്ഷ വോട്ടുകളും ഒരു വിഭാഗം കോൺഗ്രസുകാരുടെ വോട്ടുകളും കിട്ടുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫിന്റെ നീക്കം.

കോണിയിറങ്ങുന്ന ഭൂരിപക്ഷം

മൂന്നാം തവണയും ഇ.ടി.മുഹമ്മദ് ബഷീർ ജനവിധി തേടുമ്പോൾ യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത് കുറഞ്ഞു വരുന്ന ഭൂരിപക്ഷമാണ്. 2009ൽ ബഷീർ ജയിച്ചത് 82,684 വോട്ടുകൾക്കാണ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 25,410 ആയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം യുഡിഎഫിന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഭൂരിപക്ഷം 1071.  മുൻ തിരഞ്ഞെടുപ്പുകളുടെ സാഹചര്യമല്ല ഇന്നുള്ളതെന്ന് യുഡിഎഫ് വിലയിരുത്തുന്നു. മോദിഭരണത്തിന് എതിരായ ജനവികാരവും എംപിയെന്ന നിലയിൽ ബഷീർ മണ്ഡലത്തിലുണ്ടാക്കിയ വികസനവുമെല്ലാം അനൂകൂല ഘടകമായി കാണുന്നു. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള ജാഗ്രതയും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്.

ലീഗ് നേതാക്കൾ എസ്‌ഡിപിഐയുമായി രഹസ്യചർച്ച നടത്തിയെന്ന ആരോപണം മണ്ഡലത്തിൽ സജീവ ചർച്ചയായിരുന്നു. എസ്‌ഡിപിഐ മത്സരരംഗത്തു വന്നതോടെ ആരോപണത്തിൽനിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണു ലീഗ്.  തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്‌ക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. തിരൂരങ്ങാടി, തിരൂർ, കോട്ടയ്‌ക്കൽ, തൃത്താല മണ്ഡലങ്ങൾ യുഡിഎഫിന് ഒപ്പവും താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ എൽഡിഎഫിന് ഒപ്പവുമാണ്.

സിറ്റിങ് എംപിയും എംഎൽഎയും

പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്‌ഥാനാർഥികളെയാണ് 3 മുന്നണികളും ഇറക്കിയിരിക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാണ് യുഡിഎഫ് സ്‌ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ. 4 തവണ എംഎൽഎ ആയി. 3 തവണ വിദ്യാഭ്യാസ മന്ത്രി. 1985ൽ പെരിങ്ങളം മണ്ഡലത്തിൽനിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തി. തുടർന്ന് 3 തവണ തിരൂരിൽനിന്നു നിയമസഭയിൽ.  നിലമ്പൂർ എംഎൽഎയാണ് എൽഡിഎഫ് സ്‌ഥാനാർഥി പി.വി.അൻവർ. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഡിഐസി ജില്ലാ വൈസ് പ്രസിഡന്റും സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ സ്വതന്ത്രനായി മത്സരിച്ച് സിപിഐ സ്‌ഥാനാർഥിയെ നാലാം സ്‌ഥാനത്താക്കി.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും സ്വതന്ത്രവേഷമിട്ടു. 2016ൽ നിലമ്പൂരിൽനിന്ന് സിപിഎം സ്വതന്ത്രനായി എംഎൽഎ ആയി. മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റാണ് എൻഡിഎ സ്‌ഥാനാർഥി വി.ടി.രമ. പട്ടാമ്പി ഗവ. കോളജ് ഇംഗ്ലിഷ് അധ്യാപികയായിരുന്നു. തൃത്താല നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. എസ്‌ഡിപിഐ സ്‌ഥാനാർഥിയായി കെ.സി.നസീറും പിഡിപി സ്‌ഥാനാർഥിയായി പൂന്തുറ സിറാജും രംഗത്തുണ്ട്.

മോദിക്കും രാഹുലിനും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ഇ.ടി.മുഹമ്മദ് ബഷീർ വോട്ട് തേടുന്നത്. മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പദ്ധതികളും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ പാർലമെന്റിനകത്തു നടത്തിയ ഇടപെടലുകളും പ്രചാരണ വിഷയമാണ്. മോദിഭരണത്തിന് അറുതിവരുത്താൻ വിശാല മതേതര ഐക്യം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് അൻവർ ഉന്നയിക്കുന്നത്. മോദിഭരണത്തിന്റെ തുടർച്ചയ്‌ക്കു രമ വോട്ട് തേടുന്നു.

തീരദേശ മണ്ഡലത്തിൽ ഇരുമുന്നണികളും മൂന്നാംഘട്ട പ്രചാരണത്തിന് ഇറങ്ങുകയാണ്. പ്രചാരണരംഗത്തു മുന്നേറ്റം സൃഷ്‌ടിക്കാനുള്ള എല്ലാ അടവുകളും പയറ്റുന്നുണ്ട്. വൈകി ഇറങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ബിജെപിയും കിണഞ്ഞു ശ്രമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com