ADVERTISEMENT

കേരളത്തിനു തീയൽ പോലെയാണ് ആന്ധ്രയ്ക്ക് ഉലവച്ചാർ. കൃഷ്ണാനദിക്കരയിലുള്ള വിജയവാഡക്കാരും ഗുണ്ടൂരുകാരും നല്ല രസികൻ സോനാമസൂരിച്ചോറു കൂട്ടി രുചിയോടെ കഴിക്കുന്ന കറിയാണിത്. ഉലവച്ചാറിനെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അൽപം പരിഹാസരൂപത്തിൽ പറഞ്ഞതുവരെ, കടുത്ത പ്രാദേശികവാദത്തിന്റെ നെരിപ്പോടിൽ എരിയുന്ന ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പിൽ ചൂടേറിയ വിഷയമാണ്. കണ്ടോ...തെലങ്കാന നമ്മളെ പരിഹസിക്കുന്നു എന്നാണ് ഒരു വാദം. ആന്ധ്രയുടെ അഭിമാനവും ആത്മാഭിമാനവുമാണ് തിരഞ്ഞെടുപ്പിൽ തിളയ്ക്കുന്നത്. എല്ലാ പാർട്ടികളും ആന്ധ്രയ്ക്കു പ്രത്യേക പദവി നേടാനുള്ള പോരാട്ടമായി തിരഞ്ഞെടുപ്പിനെ കാണുന്നു.

Andhra-Pradesh-Loksabha-Constituency-seats-2014-map

വിഭജനത്തിന്റെ മുറിവുകൾ ഉണങ്ങാതെയാണ് ആന്ധ്ര രണ്ടാമത്തെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. നമ്മൾ കെട്ടിപ്പൊക്കിയ നഗരവും ഹൈടെക് സിറ്റികളുമെല്ലാം തെലങ്കാന കൊണ്ടുപോയി. അവർ ഇനി ആന്ധ്രക്കാരുടെ സ്വത്തുക്കളിലും കണ്ണുവയ്ക്കുമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രചാരണം. ആന്ധ്രയിൽ 175 അംഗ നിയമസഭയിലേക്ക് ഭരണകക്ഷിയായ ടിഡിപിയും (തെലുങ്കുദേശം പാർട്ടി) ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും നേർക്കുനേർ പൊരുതുമ്പോൾ, മൂന്നാം ശക്തിയായി തെലുങ്കു സിനിമയിലെ പവർസ്റ്റാർ പവൻ കല്യാണിന്റെ  ജനസേന പാർട്ടിയുമുണ്ട്. സിപിഎമ്മും സിപിഐയും ഉൾപ്പെട്ട ഇടതുപക്ഷവും ജനസേനയ്ക്കൊപ്പമാണ്.

25 ലോക്സഭാ സീറ്റിലേക്കും, സമാനമായ പോരാട്ടമാണ് ആദ്യഘട്ടമായ ഏപ്രിൽ 11നു നടക്കുന്നത്. പ്രാദേശിക പാർട്ടികളുടെ കടുത്ത മേധാവിത്തമുള്ള സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും കാഴ്ചക്കാരായി നിൽക്കുകയാണ്.

ആന്ധ്ര ആർക്കൊപ്പം?

തെലുങ്കുദേശവും വൈഎസ്ആർ കോൺഗ്രസും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മിക്ക മണ്ഡലങ്ങളിലും. 2014ലെ തിരഞ്ഞെടുപ്പിൽ 32.5% വോട്ടു നേടിയ തെലുങ്കുദേശത്തിന് ബിജെപിയുടെയും പവൻ കല്യാണിന്റെ ജനസേനയുടെയും പിന്തുണയോടെ ജയിക്കാനായത് 103 സീറ്റുകളിലാണ്. വോട്ടു ശതമാനത്തിൽ വൈഎസ്ആർ കോൺഗ്രസ് (32.01%) തൊട്ടുപിന്നിലെത്തി; അവർക്കു ലഭിച്ചത് 66 സീറ്റുകൾ. 25 ലോക്സഭാ സീറ്റിൽ ടിഡിപി പതിനാറും ബിജെപി രണ്ടും നേടിയപ്പോൾ വൈഎസ്ആർ കോൺഗ്രസ് ഏഴെണ്ണം സ്വന്തമാക്കി.

Telangana-Constituency-seats-2014-map

എന്നാൽ, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ശക്തരല്ലെങ്കിലും, ബിജെപിയുടെ പിന്തുണ തെലുങ്കുദേശത്തിനില്ല. എന്നാൽ, ദേശീയതലത്തിൽ പ്രതിപക്ഷനേതൃനിരയ്ക്കൊപ്പം മുൻനിരയിൽ കസേരയുള്ള നായിഡുവിനു വേണ്ടി മമത ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആന്ധ്രയിൽ പ്രചാരണത്തിനുണ്ട്. 

പവർസ്റ്റാർ പവൻ കല്യാൺ

ഇൗസ്റ്റ് ഗോദാവരിയിലും വെസ്റ്റ് ഗോദാവരിയിലും ശക്തമായ സാന്നിധ്യമാണ് ജനസേനാ പാർട്ടി. ചിരഞ്ജീവിയുടെ ഇളയസഹോദരൻ പവൻ കല്യാണിന് ചിരഞ്ജീവി ഉപേക്ഷിച്ചുപോയ പ്രജാരാജ്യത്തിന്റെ വോട്ടു ബാങ്കുകളുണ്ട്. അവിഭക്ത ആന്ധ്രയിലെ നിയമസഭയിലേക്ക് 18 സീറ്റുകൾ നേടിയ പ്രജാരാജ്യം, 40 സീറ്റുകളിൽ  5000ൽ താഴെ വോട്ടുകൾക്കാണു തോറ്റത്. ഇരു പാർട്ടികൾക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാൽ ജനസേനയുടെ നിലപാട് നിർണായകമാകും.

പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന റെഡ്ഡിമാർ ഇപ്പോൾ വൈഎസ്ആർ പാർട്ടിക്കൊപ്പമാണ്. ഖമ്മ സമുദായം എല്ലാക്കാലത്തും ടിഡിപിയെ തുണച്ചവരാണ്. ഇവിടെയാണ് കാപ്പുസമുദായത്തിന്റെ  റോൾ നിർണായകമാകുന്നത്. ടിഡിപിക്ക് വലിയ പിന്തുണ നൽകിയിരുന്ന ഇൗ സമുദായം ജനസേനയുമായി കൂടുതൽ അടുത്തിട്ടുണ്ട്.

31 കേസുകളിൽപെട്ട ജഗൻമോഹൻ അഴിമതിക്കാരനായ നേതാവാണെന്നു തന്നെയാണ് ആന്ധ്രജനത വിശ്വസിക്കുന്നത്. എന്നാൽ, നായിഡു നിപുണനായ ഭരണാധികാരിയാണെങ്കിലും ടിഡിപി ഭരണത്തിലും അഴിമതിയുണ്ടെന്നും ജനം കരുതുന്നു. രാഷ്ട്രീയത്തിൽ പ്രാവീണ്യമില്ലാത്ത മകൻ ലോകേഷിനെ തിരക്കിട്ടു മന്ത്രിയാക്കി മത്സരിപ്പിക്കുന്ന നായിഡുവിന്റെ നീക്കങ്ങളിലും പരക്കെ അതൃപ്തിയുണ്ട്. എങ്ങുമെത്താതെ കിടക്കുന്ന അമരാവതിയിലെ തലസ്ഥാനവും ആന്ധ്രയുടെ പ്രത്യേകപദവി വാഗ്ദാനവുമെല്ലാം നടപ്പാകാതെ പോയതിന്റെ അമർഷം നാട്ടുകാർക്കുണ്ട്. പുതിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാരെന്ന് കഴിഞ്ഞതവണത്തെ തിര‍ഞ്ഞെടുപ്പിൽ ഉത്തരം തേടിയപ്പോൾ, മികച്ച അഡ്മിനിസ്ട്രേറ്റർ എന്ന മിടുക്ക് ‘സിഇഒ ’ പ്രതിച്ഛായയുള്ള നായിഡുവിനെ തുണച്ചിരുന്നു. 

പുലിവെന്തുലയിലെ മാഫിയ രാഷ്ട്രീയമെന്ന് ജഗനെ വിമർശിച്ചവർക്കു കിട്ടിയ ആയുധമായി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം. പുലിവെന്തുല രാഷ്ട്രീയം ആന്ധ്രയിൽ അനുവദിക്കില്ലെന്നു നായിഡു പറയുമ്പോൾ ജഗൻ പ്രതിരോധത്തിലാകുന്നു. എന്നാൽ, ആന്ധ്രയിലെ പൗരൻമാരുടെ സർക്കാർ രേഖകൾ ചോർത്തിയതിന്റെ പേരിൽ നായിഡുവും പ്രതിക്കൂട്ടിലാണ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഉറ്റ അനുയായിയാണ് ജഗൻ എന്ന മട്ടിലാണ് നായിഡു ജഗനെ ഒറ്റപ്പെടുത്തുന്നത്. പൊതുവേദികളിൽ ജഗനെ ആക്രമിക്കുന്ന പവൻ കല്യാൺ, നായിഡുവിനെ അത്ര വിമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

പദയാത്രകളിൽ നിറഞ്ഞ്

പിതാവ് വൈ.എസ്.രാജശേഖര റെഡ്ഡി 1400 കിലോമീറ്റർ പദയാത്ര നടത്തിയാണ് ആന്ധ്രയുടെ ഹൃദയം കവർന്നതെങ്കിൽ, അതിന്റെ ഇരട്ടിയോളം ദൂരം താണ്ടിയാണ് ജഗൻ തിരഞ്ഞെടുപ്പിലേക്കു പോകുന്നത്. നവരത്ന എന്ന പേരിൽ ജഗൻ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു വാഗ്ദാനവും ശ്രദ്ധനേടിയിട്ടുണ്ട്. റായലസീമ മേഖലയിലെ മുൻതൂക്കവും മധ്യ ആന്ധ്രയിലെ ഗ്രാമീണമേഖലകളിലെ പിന്തുണയും തനിക്കു നേട്ടമാകുമെന്ന് ജഗൻ കരുതുന്നു. അഭിപ്രായ സർവേകളിലും മുൻതൂക്കം ജഗനു തന്നെയാണ്. തിരഞ്ഞെടുപ്പിൽ കാലിടറുന്ന പാർട്ടിക്ക് അതിജീവനം പ്രയാസമാകും. വൈഎസ്ആർ കോൺഗ്രസ് 9 വർഷമായി അധികാരത്തിനു പുറത്താണ്. ഇനിയൊരു 5 വർഷംകൂടി കാത്തിരിക്കാൻ ജഗന്റെ പാർട്ടിക്കാകില്ല. തോൽവി തെലുങ്കുദേശത്തിനും താങ്ങാനാകില്ല. 

കരകയറാതെ കോൺഗ്രസ്

ആന്ധ്രയെ വിഭജിച്ചതിന്റെ  പേരിൽ കോൺഗ്രസിനോടുള്ള ദേഷ്യം സംസ്ഥാനത്ത് ഇനിയും അടങ്ങിയിട്ടില്ല. പ്രമുഖ നേതാക്കളിൽ പലരും പാർട്ടിവിട്ടു. തെലങ്കാനയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഡിപി സഖ്യത്തിൽ മുന്നോട്ടു പോയ പാർട്ടി ഇക്കുറി വീണ്ടും ഒറ്റയ്ക്കാണ്. പാർട്ടിവിട്ട മുൻമുഖ്യമന്ത്രി കിരൺകുമാർ മടങ്ങിവന്നു എന്നതൊഴിച്ചാൽ  ശക്തമായ നേതൃനിര ഇനിയും പാർട്ടിയിലില്ല. സ്വാതന്ത്ര്യാനന്തരം 57 വർഷം ഭരിച്ച കോൺഗ്രസിനെ ഇല്ലായ്മയിൽനിന്നു കെട്ടിപ്പടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് എഐസിസി ചുമതലയുള്ള ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്ക്.

ബിജെപിയും വിഷമത്തിൽ

ടിഡിപി സഖ്യത്തിൽ‍ കഴിഞ്ഞതവണ 2 ലോക്സഭാ സീറ്റു ലഭിച്ച ബിജെപിയും കടുത്ത പ്രതിസന്ധിയിലാണ്. എൻ.ടി.രാമറാവുവിന്റെ മകൾ പുരന്ദ്രേശ്വരിയാണ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന ശ്രദ്ധേയതാരം. തിരഞ്ഞെടുപ്പിന് ആറുമാസം മുൻപ് ടിഡിപി, ബിജെപി സഖ്യം വിട്ടതിനാൽ പാർട്ടി തപ്പിത്തടഞ്ഞു നിൽക്കുകയാണ്. പാർട്ടിക്കു മാനസികമായി അടുപ്പമുള്ള ജഗൻ അധികാരത്തിൽ വരുമോയെന്നു മാത്രമാണ് അവരിപ്പോൾ നോക്കുന്നത്. സംസ്ഥാനതലത്തിൽ ശ്രദ്ധേയമായൊരു മുഖവും ബിജെപിക്കില്ല എന്നതും തിരിച്ചടിയാണ്.

പോരിന് 6 പേർ രാമറാവു കുടുംബത്തിൽ നിന്ന്

തെലുങ്കുദേശം സ്ഥാപകൻ എൻ.ടി.രാമറാവുവിന്റെ കുടുംബത്തിൽനിന്ന് ഇത്തവണ ആന്ധ്രയിൽ മത്സരരംഗത്തുള്ളത് ആറു പേർ. മകൾ പുരന്ദ്രേശ്വരി ബിജെപി ടിക്കറ്റിൽ വിശാഖപട്ടണത്തു നിന്നും ഭർത്താവ് ദഗ്ഗുബെട്ടി വെങ്കിടേശ്വര റാവു വൈഎസ്ആർ കോൺഗ്രസ് ടിക്കറ്റിൽ പർച്ചൂർ നിയമസഭാ സീറ്റിലും മത്സരിക്കുന്നു. രാമറാവുവിന്റെ മകൻ നന്ദമൂരി ബാലകൃഷ്ണ റായലസീമയിലെ ഹിന്ദുപുരിൽ ടിഡിപി സ്ഥാനാർഥിയാണ്.

ബാലകൃഷ്ണയുടെ 2 പെൺമക്കളുടെ ഭർത്താക്കന്മാരും രംഗത്തുണ്ട്; വിശാഖപട്ടണം ലോക്സഭാ മണ്ഡലത്തിൽ മരുമകൻ ശ്രീഭരതും മംഗളഗിരിയിൽ നാരാ ലോകേഷും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ കൂടിയാണ് ഐടി മന്ത്രിയായ ലോകേഷ്. ചിറ്റൂരിലെ കുപ്പത്തു നിന്നാണ് നായിഡു മത്സരിക്കുന്നത്.

റോജ വീണ്ടും

മലയാളികളുടെ പ്രിയപ്പെട്ട നടി റോജ തിരുപ്പതിക്കു സമീപം നഗരി മണ്ഡലത്തിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥിയാണ്. ഇവിടത്തെ സിറ്റിങ് എംഎൽഎയുമാണ് റോജ.

∙ 'ജഗൻ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച 75 പേജ് സത്യവാങ്മൂലത്തിൽ 70 പേജും സിബിഐ കേസുകളും എൻഫോഴ്സ്മെന്റ് കേസുകളുമാണ്. ഒരു ക്രൈം ത്രില്ലറാണത്.' - ചന്ദ്രബാബു നായിഡു

∙ 'ചന്ദ്രബാബു നായിഡുവി നെ സ്റ്റിക്കർ നായിഡുഎന്നു വിളിക്കുന്നതാകും നല്ലത്. എല്ലാ കേന്ദ്ര പദ്ധതികളും സ്റ്റിക്കറൊട്ടിച്ച് അദ്ദേഹം സംസ്ഥാന പദ്ധതികളാക്കി.' - നരേന്ദ്ര മോദി

∙ 'ആന്ധ്രയ്ക്കു പ്രത്യേക പദവി പ്രഖ്യാപിക്കുന്ന പാർട്ടിക്കാണ് കേന്ദ്രത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ. അതൊരു ബ്ലാങ്ക് ചെക്കാണ്.' - ജഗൻമോഹൻ റെഡ്ഡി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com