ADVERTISEMENT

കോൺഗ്രസിന്റെ കുടുംബസ്വത്തായിരുന്നു ഒരുകാലത്തു ലക്ഷദ്വീപ് ലോക്സഭാ മണ്ഡലം. തലമുറകളായി കൈവശം വച്ചനുഭവിക്കുന്ന തറവാട്ടിന്റെ കോലായിൽ മറ്റൊരാൾ അവകാശം പറഞ്ഞു കസേരയിട്ടിരിക്കുന്നതു പോലെയാണ് അവിടെയുണ്ടായ പരാജയം കോൺഗ്രസിനെ നോവിക്കുന്നത്. ലക്ഷദ്വീപ് മണ്ഡലത്തിലെ പോരാട്ടം കോൺഗ്രസിന് ഇക്കുറി അഭിമാനസംരക്ഷണത്തിനുള്ളതാണ്. സിറ്റിങ് സീറ്റ് ഉറപ്പിച്ചുനിർത്താൻ എൻസിപിയും ആവേശത്തോടെ രംഗത്തുണ്ട്. യുപിഎയിലെ 2 കക്ഷികൾ തമ്മിലുള്ള വാശിയേറിയ മത്സരത്തിനു വേദിയാവുകയാണ് രാജ്യത്തെ ഏറ്റവും കുറവു വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം. അര ലക്ഷത്തിൽ താഴെയാണ് ഇവിടെ വോട്ടർമാർ. 

2004 വരെ മറ്റൊരു പാർട്ടിക്കും അവസരം നൽകാതെ, കോൺഗ്രസ് മാത്രം അടക്കിഭരിച്ച മണ്ഡലത്തിൽ പിന്നീടു കോൺഗ്രസിനു കാലിടറി. മേൽക്കോയ്മ ചോദ്യം ചെയ്യാൻ കെൽപ്പുള്ള പാർട്ടികൾ വന്നതോടെ മത്സരം വീറുള്ളതായി. സിറ്റിങ് എംപി എൻസിപിയിലെ പി.പി.മുഹമ്മദ് ഫൈസൽ, കഴിഞ്ഞവട്ടം പരാജയപ്പെട്ട മുൻ എംപി കോൺഗ്രസിലെ മുഹമ്മദ് ഹംദുല്ല സഈദ് എന്നിവർ തമ്മിലാണു പ്രധാന മത്സരം. ഷെരീഫ് ഖാൻ (സിപിഎം), അലി അക്ബർ (സിപിഐ), അബ്ദുൽ ഖാദർ ഹാജി (ബിജെപി) ഡോ. മുഹമ്മദ് സാദിഖ് (ജെഡിയു) തുടങ്ങിയവരും രംഗത്തുണ്ട്.  

lakshadweep Lok Sabha Constituency

ഒറ്റയ്ക്കൊരു മണ്ഡലം

ലോക്സഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പുതിയ എംപിമാരുടെ ലിസ്റ്റ് എഴുതിച്ചേർക്കുമ്പോൾ ലക്ഷദ്വീപിന്റെ പേരിനു നേരെ മറ്റൊന്നും പരിശോധിക്കാതെ പി.എം.സഈദിന്റെ പേര് എഴുതിച്ചേർക്കുന്ന കാലമുണ്ടായിരുന്നു. 1967ൽ ലക്ഷദ്വീപിനു സ്വന്തമായി എംപി ഉണ്ടായ കാലം മുതൽ, 2004ൽ 71 വോട്ടിനു പരാജയപ്പെടുംവരെ ലക്ഷദ്വീപിനു മറ്റൊരു പേര് എഴുതിച്ചേർക്കേണ്ടി വന്നിട്ടില്ല. 2009ൽ അദ്ദേഹത്തിന്റെ മകൻ ഹംദുല്ല സഈദ് ജയിച്ചു. 2014ൽ ഹംദുല്ല പരാജയപ്പെട്ടു. 

പട്ടികവർഗ സംവരണ മണ്ഡലമാണിത്. കേരളത്തിനു പുറത്തു മലയാളഭാഷ സംസാരിക്കുന്നവരുടെ ഏക മണ്ഡലമാണെങ്കിലും കേരളരാഷ്ട്രീയത്തിന്റെ പ്രതിഫലനം തീരെയില്ല. വോട്ടർമാർ 99% മുസ്‌ലിംകളാണെങ്കിലും മുസ്‌ലിം ലീഗ് മത്സരിക്കുന്നില്ല. 

കോൺഗ്രസായിരുന്നു പ്രധാന കക്ഷി. പ്രതിപക്ഷ സ്വരമായി, ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിനനുസരിച്ച് ജനതാദളും ജെഡിയുവും എൻസിപിയും വളർന്നു. മാറ്റത്തിനു വേണ്ടി സിപിഎം വിത്തു വിതച്ചെങ്കിലും തഴച്ചുവളർന്നിട്ടില്ല, കൂമ്പറ്റു പോയിട്ടുമില്ല. ഡൽഹിയിൽനിന്നു നേരിട്ടുള്ള ഭരണം, ഡൽഹിയുമായി ബന്ധം– ഇതൊക്കെ മൂലം ദേശീയരാഷ്ട്രീയത്തിലെ മാറ്റങ്ങളാണ് ഇവിടത്തെ രാഷ്ട്രീയത്തിലുള്ളത്. 

പ്രചാരണം കഠിനം

പ്രചാരണം കഠിനമായ മണ്ഡലമാണു ലക്ഷദ്വീപ്. പലപല തുണ്ടുകളായി കിടക്കുന്ന ദ്വീപുകൾ. അതിനാൽത്തന്നെ ദേശീയ നേതാക്കളാരുംതന്നെ പ്രചാരണത്തിനു വരാറില്ല. കേരളത്തിൽനിന്നു മന്ത്രി എ.കെ.ശശീന്ദ്രനും കോൺഗ്രസ് നേതാവ് വി.ടി.ബൽറാമും പ്രചാരണത്തിനു പോയി. 

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആന്ത്രോത്തിൽ നിന്നാണു പ്രധാന സ്ഥാനാർഥികൾ രണ്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1535 ആണ് ഫൈസലിന്റെ ഭൂരിപക്ഷം. മുഖ്യ എതിരാളിക്കു പുറമേ, മറ്റു സ്ഥാനാർഥികളും നോട്ടയും നേടിയ വോട്ടുകൾ കൂട്ടിയാൽ 1444 വരും. ഒരു വർഷം മുൻപു നടന്ന ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ 10ൽ 7 വില്ലേജ് പഞ്ചായത്തുകളും നേടാൻ കഴിഞ്ഞതു കോൺഗ്രസിനു പ്രതീക്ഷ നൽകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com