ADVERTISEMENT

തിരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു പോകുന്തോറും വ്യാജവാർത്തകൾ വോട്ട് ചോദിച്ചിറങ്ങുന്നതും ഇടവേളയില്ലാതെ തുടരുകയാണ്. സോഷ്യൽ മീഡിയ മാറ്റേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവേണൻസ്, പോളിസീസ് ആൻഡ് പൊളിറ്റിക്സ് എന്നിവ ചേർന്നു നടത്തിയ സർവേയിൽ പ്രതികരിച്ച 53% പേരും സമൂഹമാധ്യങ്ങളിലൂടെ വ്യാജവാർത്ത ലഭിച്ചിട്ടുണ്ടെന്നാണു പ്രതികരിച്ചത്. അതായത്, രണ്ടിൽ ഒരാൾക്ക് വ്യാജൻ കിട്ടിയിട്ടുണ്ട്. 

വ്യാജവിരൽ

തിരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്യാൻ ‘വ്യാജവിരലുകൾ’ വ്യാപകമായി നിർമിക്കുന്നു എന്നൊരു വാർത്ത ഇക്കഴി‍ഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. കൃത്രിമവിരലുകൾ നിരത്തിയിട്ടിരിക്കുന്നതിന്റെ ചിത്രം സഹിതമാണിത്. വോട്ട് ചെയ്തശേഷം വിരലിൽ മഷിയടയാളം വരയ്ക്കുമ്പോൾ യഥാർഥ വിരലിന്റെ മുകളിലണിഞ്ഞ വ്യാജവിരലിലേ പതിയൂ. വിരൽ മാറ്റി മാറ്റി ഒരാൾക്കുതന്നെ എത്ര തവണ വേണമെങ്കിലും വോട്ട് ചെയ്യാം! 

എന്നാൽ, ഈ ചിത്രം ഇന്റർനെറ്റിൽ പരിശോധിക്കുമ്പോൾ യാഥാർഥ്യം ബോധ്യപ്പെടും. ജപ്പാനിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ വിരൽ മുറിച്ചുകളയുന്ന ഒരു വിഭാഗമുണ്ട്. അത്തരത്തിൽ വിരലുകൾ നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഒരു ഡോക്ടർ രൂപകൽപന ചെയ്ത കൃത്രിമവിരലുകളാണു ചിത്രത്തിലേത്. 

ഫോട്ടോഷോപ്പിൽ മൃഷ്ടാന്നം

ബിജെപി ദേശീയ വക്താവും ഒഡീഷയിലെ പുരിയിലെ പാർട്ടി സ്ഥാനാർഥിയുമായ സംപിത് പത്ര പ്രചാരണത്തിനിടെ ഗ്രാമീണരുടെ വീടുകളിൽ പോയി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളിൽ ചിലതു വെട്ടിയെടുത്ത്, അദ്ദേഹം റോഡിലിരുന്നു ഭക്ഷണം കഴിക്കുന്നതായി ഫോട്ടോഷോപ് വ്യാജനുണ്ടാക്കി എതിരാളികൾ പ്രചരിപ്പിച്ചത് ഇപ്പോഴും കറങ്ങിനടക്കുന്നുണ്ട്. 

പണം വാങ്ങിയതാണ്, കൊടുത്തതല്ല

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ വോട്ടർമാർക്കു പരസ്യമായി പണം വിതരണം ചെയ്യുന്നു എന്നു പറഞ്ഞുള്ള ചിത്രം രണ്ടാഴ്ച പിന്നിട്ടിട്ടും കറങ്ങിത്തിരിയുന്നു. പ്രത്യേകിച്ചും, ഉത്തരേന്ത്യയിൽ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പുതിയതുറയിലെ മത്സ്യവിൽപനക്കാരായ സ്ത്രീകളിൽനിന്നു ശശി തരൂ‍ർ സ്വീകരിക്കുന്നതാണു ചിത്രം. തരൂർ തന്നെ ട്വിറ്ററിൽ ഇതു ഷെയർ ചെയ്തിരുന്നു. അതേ ചിത്രമെടുത്താണ് തരൂരിനെതിരായ പ്രചാരണമാക്കുന്നത്.  

കഴുത്തിലണിയിക്കും ഫോട്ടോഷോപ്

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തിയപ്പോൾ പ്രത്യേക മതചിഹ്നമുള്ള മാല ധരിച്ചുവെന്നു കാണിക്കുന്ന ഒരു ഫോട്ടോ ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവിടെ നമ്മുടെ വാട്സാപ്പിലും ഇതു കറങ്ങിത്തിരിഞ്ഞു വന്നു. ഫോട്ടോഷോപ് ചിത്രവും യഥാർഥ ചിത്രവും ഇവിടെ ചേർത്തത് ശ്രദ്ധിക്കുക. കാര്യം വ്യക്തമാകും. 

ധോണി വീണ്ടും?

ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം കോൺഗ്രസിൽ ചേരുന്നു എന്ന വ്യാജ വാർത്തയോടൊപ്പം ഷെയർ ചെയ്യുന്ന കാര്യം ഏതാനും ആഴ്ചമുൻപ് ഈ കോളത്തിൽ കൊടുത്തിരുന്നു. ലോകകപ്പ് വിജയിച്ച ടീം സോണിയയെ കണ്ട പഴയ ചിത്രമായിരുന്നു അത്. ഇപ്പോൾ, ധോണിയും അമിത് ഷായും കാണുന്ന ചിത്രം, ധോണി ബിജെപിയിലേക്ക് എന്ന അടിക്കുറിപ്പുമായി പ്രചരിക്കുന്നുണ്ട്. ഇതും പഴയതാണ്. മോദിസർക്കാരിന്റെ ഭരണനേട്ടങ്ങൾ അറിയിക്കാൻ കഴിഞ്ഞ വർഷം ഷാ ധോണിയെ കണ്ടപ്പോഴത്തെ ചിത്രമാണിത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com