ADVERTISEMENT

പ്രശസ്തനായ ഡോക്‌ടർ തന്റെ വിദ്യാർഥികൾക്ക് 2 ഉപദേശങ്ങൾ നൽകി. ഒന്ന്, ദുർഗന്ധത്തോടു വിരക്തി അരുത്. രണ്ട്, എല്ലാം നിരീക്ഷണബുദ്ധിയോടെ ചെയ്യണം. അതിനുശേഷം അദ്ദേഹം വിരൽ മലിനജലത്തിൽ മുക്കി വായിൽവച്ചു. വിദ്യാർഥികളെല്ലാം ഒരു മടിയും കൂടാതെ അനുകരിച്ചു. ഡോക്‌ടർ പറഞ്ഞു, ‘നിങ്ങൾ ആദ്യ പരീക്ഷ ജയിച്ചു. ആർക്കും മാലിന്യത്തോട് ഒരു അറപ്പുമില്ല. പക്ഷേ, രണ്ടാമത്തെ കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായി. ഞാൻ മാലിന്യത്തിൽ മുക്കിയ വിരലല്ല വായ്‌ക്കുള്ളിൽ വച്ചത്’. 

കാണുന്നതിനെയെല്ലാം കണ്ണടച്ച് അനുകരിക്കുന്നതിനു മുൻപ്, കണ്ട കാഴ്‌ചകളുടെ കൃത്യത പരിശോധിക്കുന്നതു നല്ലതാണ്. കാഴ്‌ചകളൊരുക്കുന്നവന്റെ കരവിരുതിൽ കബളിപ്പിക്കപ്പെട്ടാണ് പലർക്കും തങ്ങളുടെ ഇഷ്‌ടങ്ങളും സ്വപ്‌നങ്ങളും ചിലപ്പോൾ ജീവിതംപോലും പണയപ്പെടുത്തേണ്ടി വരുന്നത്. 

എന്നും കാണുന്ന കാഴ്‌ചകളെപ്പോലും നിരീക്ഷിക്കാതെ കടന്നുപോകും. സ്ഥിരപരിചയത്തിന്റെയും മുൻധാരണകളുടെയും പ്രതലത്തിൽനിന്നു കാണുന്ന കാഴ്‌ചകൾക്കെല്ലാം സ്വാഭാവിക ന്യൂനതകളുണ്ടാകും. കാണേണ്ടത് കണ്ണുകൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടു കൂടിയാകണം. മനസ്സിനു കാണാൻ കഴിയാത്തതൊന്നും കണ്ണിനു ഗ്രഹിക്കാൻ കഴിയില്ല. 

അപഗ്രഥനമില്ലാത്ത അറിവ് അസംബന്ധമായി രൂപാന്തരപ്പെടും. ഓരോ അറിവിനും അതിന്റേതായ സന്ദർഭവും കൃത്യതയും ഉണ്ടാകും. അവയെല്ലാം പൊതുവിജ്‌ഞാനവും പൊതുധാരണയുമാക്കി രൂപപ്പെടുത്താൻ ശ്രമിച്ചാൽ അമളി പറ്റും. 

എല്ലാ അറിവുകളും ചോദ്യംചെയ്യപ്പെടുകയും പുനരാവിഷ്കരിക്കപ്പെടുകയും വേണം. അറിവു പകരുന്നവരെ ബഹുമാനിക്കേണ്ടത് അന്ധമായി വിശ്വസിക്കുന്നതിലൂടെയും അനുകരിക്കുന്നതിലൂടെയുമല്ല; സൂക്ഷ്‌മമായി നിരീക്ഷിച്ച് ചോദ്യം ചെയ്യുന്നതിലൂടെയാണ്. കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളിൽ പ്രസരണനഷ്‌ടം ഉണ്ടായേക്കാം. ഒരറിവും പൂർണമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com