വ്യാജം സർവേമയം; ഫോട്ടോഷോപ് ഡിന്നർ, കത്തിലും വ്യാജൻ

fake-image
വ്യാജചിത്രം
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട പോളിങ് കഴിഞ്ഞതിനു പിന്നാലെ, എക്സിറ്റ് പോളുകൾ ‘ആ കക്ഷിക്കു ഭൂരിപക്ഷം പ്രവചിക്കുന്നു’, ‘ഈ കക്ഷിക്കു ഭൂരിപക്ഷം പ്രവചിക്കുന്നു’ എന്ന മട്ടിലുള്ള കണക്കുകളും പട്ടികകളും പലവഴി പ്രചരിക്കുന്നുണ്ട്. സംഗതി കയ്യിൽ കിട്ടിയിട്ടുണ്ടെങ്കിൽ വിശ്വസിക്കുകയേ അരുത്. ഒരു എക്സിറ്റ് പോളിന്റെയും ഫലം പുറത്തു വന്നിട്ടില്ല. മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടെടുപ്പു കഴിയാതെ അങ്ങനെ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ല.

ഇത്തരം വ്യാജ അഭിപ്രായസർവേകളും പോളുകളും പടച്ചുവിടുന്നവരുടെ സ്ഥിരം ഇരകളാണ് ബിബിസിയും സിഎൻഎന്നും. ഈ മാധ്യമസ്ഥാപനങ്ങളുടെ ലോഗോയും കൂടി ചേർത്തുവച്ചാണ് വ്യാജനുണ്ടാക്കുക. ബിബിസി നടത്തിയ സർവേയിൽ ഇന്ന കക്ഷി മുന്നിൽ എന്നൊക്കെയുള്ള മട്ടിൽ. പാവം ബിബിസിക്കാർ സംഗതി അറിഞ്ഞിട്ടുപോലുമുണ്ടാകില്ല! വിദേശ  ചാനലുകൾ മാത്രമല്ല, ഇന്ത്യയിലെ മാധ്യമങ്ങളുടെ പേരിലും വ്യാജർ വിലസുന്നുണ്ട്.

അത് അഭിനന്ദനല്ല

not-abhinandan

ഇന്ത്യയുടെ വീരവൈമാനികൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഒരു പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം കറങ്ങിനടക്കുന്നുണ്ട്. ചിത്രം വ്യാജമല്ല. പക്ഷേ, ചിത്രത്തിലുള്ളത് അഭിനന്ദൻ അല്ലെന്നു മാത്രം. അഭിനന്ദനോടു സാമ്യമുള്ള, അതേമട്ടിൽ മീശവച്ച ഏതോ ഒരാളാണു ചിത്രത്തിൽ. ആരും പെട്ടെന്നു വിശ്വസിച്ചു പോകാവുന്ന ഒരു പോസ്റ്റാണിത്. കാരണം, ചിത്രത്തിലെ ആൾക്ക് അഭിനന്ദനോട് അത്രയ്ക്കു സാമ്യമുണ്ട്.

പത്രമുണ്ടാക്കും ആപ്

fake

ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിനെ 2001ൽ യുഎസിലെ ബോസ്റ്റൺ വിമാനത്താവളത്തിൽ ലഹരിമരുന്നും അനധികൃത പണവുമായി അറസ്റ്റ് ചെയ്തു എന്ന വാർത്ത അച്ചടിച്ച ഒരു അമേരിക്കൻ പത്രത്തിന്റെ കട്ടിങ് കഴിഞ്ഞ ദിവസം, ആർബിഐ ഡയറക്ടർമാരിലൊരാളായ എസ്.ഗുരുമൂർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ബോസ്റ്റ്ൺ ഗ്ലോബ് എന്ന പത്രത്തിൽ വന്ന വാ‍ർത്തയെന്ന മട്ടിലായിരുന്നു അത്. വാർത്തയിലെ ലക്ഷണങ്ങൾവച്ച് നേതാവ് രാഹുൽ ഗാന്ധിയാണെന്നു തിരിച്ചറിയാം. എന്നാൽ, അൽപം കഴിഞ്ഞപ്പോൾ സംഗതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഗുരുമൂർത്തി തന്നെ ആ ട്വീറ്റ് നീക്കം ചെയ്തു.

വ്യാജ പത്രകട്ടിങ്ങുകൾ സൃഷ്ടിക്കാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ആ പത്ര കട്ടിങ് തയാറാക്കിയത്. പത്രത്തിന്റെ പേരും തലക്കെട്ടും വാർത്തയുമൊക്കെ നമുക്ക് ഈ ആപ്പിൽ വ്യാജമായി അടിച്ചു ചേർക്കാം.

fake-newspaper-cutting
വ്യാജ പത്ര കട്ടിങ്.

കത്തിലും വ്യാജൻ

ഇത്തവണ ബിജെപി സീറ്റു നിഷേധിച്ച രണ്ടു പ്രമുഖ നേതാക്കളാണല്ലോ എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും. ഇവരിൽ മുരളി മനോഹർ ജോഷി, എൽ.കെ. അഡ്വാനിക്ക് എഴുതിയത് എന്ന പേരിൽ വ്യാജകത്ത് പ്രചരിക്കുന്നുണ്ട്.

നമ്മൾ നിശ്ശബ്ദരായിരിക്കുന്നതു ശരിയല്ലെന്നും ബിജെപിക്ക് 120 സീറ്റു പോലും കിട്ടില്ലെന്നുമൊക്കെ കത്തിൽ ‘ജോഷി’ പറയുന്നുണ്ട്. വാർത്താ ഏജൻസിയായ എഎൻഐയുടെ ലോഗോ കൂടി ചേർത്താണ് ഹിന്ദിയിലുള്ള കത്തു പ്രചരിച്ചത്. സംഗതി വ്യാജമാണെന്നു കാണിച്ച് മുരളി മനോഹർ ജോഷി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. എഎൻഐയും ഇക്കാര്യം നിഷേധിച്ചു.

ശ്രദ്ധിക്കുക: മുകളിൽ ചേർത്ത ഉദാഹരണങ്ങളിലെല്ലാം പൊതുവായുള്ള ഒരു ഘടകം, മാധ്യമസ്ഥാപനങ്ങളെ വ്യാജവാർത്തയ്ക്കു വേണ്ടി കൂട്ടുപിടിച്ചു എന്നതാണ്. ബിബിസി, ബോസ്റ്റൺ ടൈംസ്, എഎൻഐ... അങ്ങനെ പലതിനെയും. വ്യാജവാ‍ർത്തയ്ക്കു വിശ്വാസ്യത വരുത്താനുള്ള ഒരു മാർഗമായാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. വിശ്വനീയമായ ലോഗോ ഒപ്പമുള്ളതുകൊണ്ട് ഇനിമുതൽ നമ്മൾ എല്ലാം കണ്ണടച്ചു വിശ്വസിക്കരുത്!

ഫോട്ടോഷോപ് ഡിന്നർ

fake-image
വ്യാജചിത്രം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ചിത്രം ഫോണിൽ വന്നിട്ടുണ്ടെങ്കിൽ അപ്പോഴേ ഡിലീറ്റ് ചെയ്യുക. ചിത്രം വ്യാജമാണെന്നു മാത്രമല്ല, ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതു കുറ്റകൃത്യവുമാണ്. ഇരുവരും ഭക്ഷണം കഴിക്കുന്ന വെവ്വേറെ ചിത്രങ്ങൾ മുറിച്ചെടുത്ത് പരസ്പരം ചേർത്തൊട്ടിച്ചുള്ള ഫോട്ടോഷോപ് ലീലാവിലാസമാണു സംഗതി. മോദി വച്ചിരിക്കുന്ന തൊപ്പിയാകട്ടെ, മൂന്നാമതൊരു ചിത്രത്തിൽനിന്നു വെട്ടിയെടുത്തതാണ്. അസ്സൽ വ്യാജൻ, ഒന്നാന്തരം ക്രൈം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA