ADVERTISEMENT

‘നല്ല തല്ലുപോലും കിട്ടാതെ തളർന്നുറങ്ങുന്ന’ കുഞ്ഞുങ്ങളെക്കുറിച്ച് കടമ്മനിട്ടയുടെ ശാന്ത ആധികൊള്ളുന്നു. ‘മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോൻ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ’ എന്ന് ‘മാമ്പഴ’ത്തിലെ അമ്മ ചോദിക്കുന്നു. തല്ലുകൊണ്ടാലേ കുട്ടികൾ നന്നാകൂ എന്നതു മലയാളിയുടെ പൊതുബോധമാണ്. ‘എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകില്ല’ എന്നു പറയുന്ന അമ്മാവനും മരുമകനും തല്ലിന്റെ നന്നാക്കൽ സാധ്യതയിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ ഇതു മലയാളിയുടെ മാത്രം തോന്നലല്ല. Spare the rod and spoil the child എന്നാണ് ഇംഗ്ലിഷ് പഴമൊഴിയും പറയുന്നത്. വിശ്വാസം എന്തായാലും ശാരീരിക ശിക്ഷണങ്ങൾ ഗുണപരമായ ഒരു മാറ്റവും

കുട്ടികളിലുണ്ടാക്കുകയില്ല എന്നും മറിച്ച് ഒരുപാട് ദോഷങ്ങൾക്കു കാരണമാകും എന്നുമാണു ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നത്. അമ്മയുടെ മർദനമേറ്റ് മൂന്നു വയസ്സുകാരൻ കുട്ടി മരിച്ച വാർത്തയും മദ്യപിച്ചെത്തിയ പിതാവ് നിലത്തെറിഞ്ഞതിനെ തുടർന്നു കയ്യൊടിഞ്ഞ എട്ടു വയസ്സുകാരി ആശുപത്രിയിലായ വാർത്തയും മലയാളിമനസ്സിനെ ഞെട്ടിക്കുന്നു. അമ്മ കു‍ഞ്ഞിനെ ശിക്ഷിച്ചത് മനഃപൂർവം ശാരീരികക്ഷതം വരുത്തണം എന്ന ഉദ്ദേശ്യത്താലാകാൻ സാധ്യത കുറവാണ്. ശിക്ഷണത്തിലൂടെ കുഞ്ഞ് ‘നന്നാകും’ എന്ന വിശ്വാസത്തിലായിരിക്കാം. ശാരീരിക ശിക്ഷ ഉണ്ടാക്കുന്ന ഫലത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാകാം, കോപം മനസ്സിന്റെ നിയന്ത്രണം കൈവിടുന്നതിനിടയാക്കിയതാകാം. ക്രോധം ഓർമക്കുറവ് ഉണ്ടാക്കുന്നു (ക്രോധാത് ഭവതി സമ്മോഹ) എന്നു ഭഗവദ്ഗീത പറയുന്നു. കുട്ടികളോടു ദേഷ്യം വരാൻ പാടില്ല, ദേഷ്യം അഭിനയിക്കാൻ മാത്രമേ പാടുള്ളൂ എന്നതു രക്ഷിതാക്കളൊക്കെ ഓർക്കേണ്ട കാര്യമാണ്. എന്തായാലും നാം കുഞ്ഞുങ്ങളെ വളർത്തുന്ന രീതിയെക്കുറിച്ചും കുഞ്ഞുങ്ങൾക്കായി നാം

സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചും ഗൗരവത്തിലുള്ള ഒരു സ്വയം വിമർശനത്തിനും തുറന്ന ചർച്ചകൾക്കും ഈ ഞെട്ടൽ കാരണമായെങ്കിൽ എന്നാശിച്ചുപോകുന്നു. കുഞ്ഞുങ്ങളെ അപകടകരമായ രീതിയിൽ ശാരീരികമായി ശിക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിട്ടാണു പൊതുവേ കണക്കാക്കുന്നത്. എന്നാൽ അതങ്ങനെയല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മുതിർന്നവരിൽ നാലിലൊന്ന് ആളുകൾ കുട്ടികളായിരിക്കുമ്പോൾ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട്. ഡോ. മനോജ് തേറയിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ കൗമാരപ്രായക്കാരിൽ നടത്തിയ പഠനം കണ്ടെത്തിയത് ഏകദേശം 75% കുട്ടികൾ ശാരീരിക ശിക്ഷണം (Physical abuse) അനുഭവിച്ചിട്ടുള്ളവരാണ് എന്നാണ്. ആദ്യം സൂചിപ്പിച്ച പൊതുബോധം അത്രമേൽ കുട്ടികളുടെ ശാരീരിക പീഡനത്തിന് കാരണമാകുന്നുണ്ട് എന്നർഥം.

കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത് ഈയടുത്ത കാലത്തു മാത്രം ഉണ്ടായതല്ല. 19–ാം നൂറ്റാണ്ടിനു മുൻപു വരെ കുട്ടികളോടുള്ള ക്രൂരതകൾ തടയുന്നതിനു നിയമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. Battered Child Syndrome എന്ന ഡയഗ്നോസിസ് അറുപതുകളിലാണ് മെഡിക്കൽ ടെക്സ്റ്റ് ബുക്കുകളിൽ ഇടംപിടിക്കുന്നത്. രക്ഷിതാക്കളി‍ൽനിന്നുള്ള ശാരീരിക പീഡനം മൂലം ശരീരത്തിനുണ്ടാകുന്ന രോഗാവസ്ഥയാണ് ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിൽ താരതമ്യേന കുറവാണെങ്കിലും പല രാജ്യങ്ങളിലും ഇതു വലിയ തോതിൽ കാണപ്പെടുന്നുണ്ട്.

P-Krishnakumar
ഡോ.പി. കൃഷ്ണകുമാർ

കുട്ടികൾ ശാരീരിക പീഡനത്തിന്, അല്ലെങ്കിൽ ശിക്ഷണത്തിന് ഇരയാകുന്നതിനു പല കാരണങ്ങളുണ്ട്. കുട്ടികളെ വളർത്തുന്നതിനെക്കുറിച്ച തെറ്റായ ധാരണയാകാം ഇതിലൊന്ന്. കർശനമായ നിയന്ത്രണങ്ങളും ശിക്ഷകളും ഇല്ലെങ്കിൽ കുട്ടികൾ വഷളായിപ്പോകും എന്ന തെറ്റായ ധാരണ മിക്ക രക്ഷിതാക്കൾക്കുമുണ്ട്. കുട്ടികളിൽനിന്ന് അവരുടെ കഴിവിൽ കൂടുതൽ പ്രതീക്ഷിക്കുന്നതു പലപ്പോഴും ശിക്ഷണങ്ങൾക്കു കാരണമാകുന്നു. ഓരോ പ്രായത്തിലുമുള്ള കുട്ടികൾ എങ്ങനെ പെരുമാറണം, അവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, അവരുടെ കഴിവുകൾ–പരിമിതികൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊക്കെ മിക്കപ്പോഴും തെറ്റായ ധാരണകളാണു രക്ഷിതാക്കൾക്കുള്ളത്.

അച്ഛനമ്മമാർ തമ്മിൽ പ്രശ്നങ്ങൾ ഉള്ള കുടുംബങ്ങളിലെ കുട്ടികൾ പീഡനങ്ങൾക്ക് ഇരയാകാൻ സാധ്യത കൂടുതലാണ്. ഗാർഹിക പീഡനങ്ങൾ മിക്കപ്പോഴും കുട്ടികളുടെ പീഡനത്തിനും കാരണമാകുന്നു. വ്യക്തിത്വ വൈകല്യങ്ങൾ ഉള്ള രക്ഷിതാക്കൾ, ലഹരിക്കടിമയായ രക്ഷിതാക്കൾ – ഇത്തരം കുടുംബങ്ങളിൽ കുട്ടികൾ പീഡനത്തിനിരയാകാൻ സാധ്യത കൂടുതലാണ്. ശാരീരിക ശിക്ഷണത്തിലൂടെ വളരുന്ന കുട്ടികളുടെ ലോക വീക്ഷണം ആ തരത്തിലാകാൻ സാധ്യത കൂടുതലാണ്. അങ്ങനെ വളരുന്ന കുട്ടികൾ മുതിർന്ന് സ്വന്തം കുടുംബം കെട്ടിപ്പടുക്കുമ്പോൾ തങ്ങൾ വളർന്ന രീതിയിലാണ് തങ്ങളുടെ കുട്ടികളും വളരേണ്ടത് എന്നു വിശ്വസിക്കുന്നവരാകുന്നു.
ആരോഗ്യമുള്ള കുടുംബാന്തരീക്ഷം കുട്ടികളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു പരമപ്രധാനമാണ്.

ആരോഗ്യമുള്ള കുടുംബാന്തരീക്ഷം എങ്ങനെയുണ്ടാക്കാം എന്നതു നമ്മൾ പഠിക്കേണ്ടതുണ്ട്. പുതിയ തലമുറയിലെ മാതാപിതാക്കൾക്ക് മിക്കപ്പോഴും കുട്ടികളെക്കുറിച്ചും കുട്ടികളെ വളർത്തുന്ന രീതികളെക്കുറിച്ചും പരിമിതമായ അറിവു മാത്രമാണുള്ളത്. കുട്ടികളെ വളർത്തുന്ന രീതികളെക്കുറിച്ച് (Parenting skills) ശരിയായ അറിവ് ഉണ്ടാകുന്നതിനുള്ള പഠന/പരിശീലന പരിപാടികൾ ഔപചാരിക തലത്തിൽ തന്നെ വ്യാപകമായി നടത്തേണ്ടതുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഇത്തരത്തിലൊരു പരിശീലന പരിപാടിക്ക് ഇപ്പോൾ രൂപം നൽകിയിട്ടുണ്ട്. അതുപോലെ കുട്ടികളെ പീഡനങ്ങളിൽനിന്നു രക്ഷിക്കുന്നതിനും പീഡിപ്പിക്കുന്നവർക്ക് ഉചിതമായ ശിക്ഷ നൽകുന്നതിനുമുള്ള നിയമ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടതുമുണ്ട്.

കോഴിക്കോട് ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടറാണു ലേഖകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com