ADVERTISEMENT

പ്രശസ്തനായ ചിത്രകാരനെ കാണാൻ വേണ്ടി സുഹൃത്ത് വീട്ടിലെത്തി. വീട് അടച്ചിട്ടിരിക്കുന്നു. പുറമെനിന്നു പൂട്ടാത്തതുകൊണ്ട് അകത്ത് ആളുണ്ടെന്നു മനസ്സിലായി. വാതിലിൽ മുട്ടിനോക്കിയെങ്കിലും ഫലമുണ്ടായില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു: ‘താങ്കൾ എന്തിനാണ് ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്നത്. വെളിച്ചത്തിലേക്ക് ഇറങ്ങിവരൂ’. ചിത്രകാരൻ അകത്തുതന്നെയിരുന്നു മറുപടി പറഞ്ഞു: ‘ഇപ്പോൾ ഞാൻ വെളിച്ചത്തിലേക്കു വന്നാൽ എന്റെയുള്ളിൽ തെളിയാൻ തുടങ്ങിയ നാളത്തെ അത് ബാധിക്കും’.

വെളിച്ചത്തിൽ നിൽക്കുന്നവർക്കെല്ലാം ‘വെളിച്ചം’ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ചുറ്റിലുമുളള പ്രകാശത്തിന്റെ ആനുകൂല്യത്തിൽ തിളങ്ങുന്നവരാകും അവർ. അലങ്കാര ബൾബുകളുടെ, അൽപായുസ്സു മാത്രമുള്ള വർണവൈവിധ്യത്തിൽ നിന്നു ലഭിക്കുന്ന ശോഭയും മനോഹാരിതയും ഒരു താൽക്കാലിക പ്രതിഭാസം മാത്രമായിരിക്കും.  ആഘോഷരാവുകളിൽ മിന്നിത്തിളങ്ങുന്നതെല്ലാം അനുദിന ജീവിതത്തിന്റെ ഭാഗമാകണമെന്നില്ല. ഉള്ള് പൊള്ളയായവയെ പ്രകാശിപ്പിക്കാൻ എളുപ്പമാണ്. അകത്തൊരു നാളം തെളിച്ചാൽ മതി. പക്ഷേ അതൊന്നും ഉള്ളിലെ ഊർജപ്രവാഹമല്ലാത്തതിനാൽ പുറത്തുള്ളവയുടെ പ്രകാശനശേഷിയെ ആശ്രയിച്ചു നിലനിൽക്കേണ്ടിവരും. സ്വയം തെളിക്കാനുള്ള സാധ്യതയും സ്വന്തം വെളിച്ചം നിലനിർത്താനുള്ള പരിശ്രമവുമാകണം ജീവിതം. പുറത്തുള്ള വെളിച്ചം മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ആനുകൂല്യങ്ങളുടെ അടിമകളാകാൻ മാത്രമായിരിക്കും വിധി.

ജീവിതം ആഘോഷം മാത്രമല്ല, ആത്മപരിശോധന കൂടിയാണ്. സ്വയം പുനരുജ്ജീവിപ്പിച്ച് പ്രകാശം പരത്താനുള്ള ആത്മധ്യാനം. എത്ര പ്രകാശം പരത്തുന്ന വിളക്കിനും നിശ്ചിത ഇടവേളകളിൽ എണ്ണ പകരണം, തിരി മാറണം. ഒരു നാളവും ശൂന്യതയിൽ നിന്നല്ല ഉടലെടുക്കുന്നത്. അതിനാവശ്യമായ അടിസ്ഥാന ഊർജം സ്വയം കണ്ടെത്തിയേ മതിയാകൂ. കാലാനുസൃതമായ ഊർജസംഭരണം നടത്താത്തവരെല്ലാം കരിന്തിരി കത്തുകയോ അണഞ്ഞുപോവുകയോ ചെയ്യും. എക്കാലവും പ്രകാശിക്കുന്നവർ എപ്പോഴും സ്വയം നവീകരണം നടത്തുന്നവരാണ്. ഇരുട്ടിൽ നിൽക്കേണ്ടി വരുന്നെങ്കിൽ വഴിവിളക്കുകളെ പഴിചാരിയാൽ മാത്രം പോരാ, ഉൾക്കാഴ്‌ച പരിശോധിക്കുകയും കൂടി വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com