ADVERTISEMENT

ആലത്തൂരിലെ യു‍ഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ആത്മധൈര്യം വർധിപ്പിക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണ് അവരെക്കുറിച്ചു ചില പരാമർശങ്ങൾ നടത്താൻ എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെ പ്രേരിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പലതും കാണാനും കേൾക്കാനുമുള്ള ചങ്കൂറ്റം അനിവാര്യമാണ്. എട്ടുംപൊട്ടും തിരിയാത്ത രമ്യ ഹരിദാസിന് ചങ്കൂറ്റം അത്ര പോരെന്നു തോന്നിയതുകൊണ്ടാണ് വിജയരാഘവൻ ആ പരാമർശങ്ങൾ നടത്തിയത്.

നവോത്ഥാന മൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും കൂടി ഭാഗമായിരുന്നു അത്. അതിന്റെ പേരിൽ വിജയരാഘവനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം, മിനിമം വാക്കുകളിൽ പറഞ്ഞാൽ ശുദ്ധ വിവരക്കേടാണ്. രമ്യ ഹരിദാസ് തീയിൽ കുരുക്കാത്തതുകൊണ്ടു വെയിലത്തു വാടും. അത് ഒഴിവാക്കാനാണ് വിജയരാഘവൻ ശ്രമിച്ചത്. അതിന്റെ പേരിൽ വിജയരാഘവനെതിരെ കേസെടുക്കാൻ ഒരു വകുപ്പുമില്ലെന്നു കണ്ടെത്താൻ കാര്യമായ നിയമപരിജ്ഞാനം പോലും വേണ്ട. 

എന്നാൽ ഒളിക്യാമറാ സംഘം കോഴിക്കോട്ടെ സ്ഥാനാർഥി എം.കെ. രാഘവനെ അഞ്ചു കോടിയുടെ വാഗ്ദാനത്തിൽ വീഴ്ത്താൻ ശ്രമിച്ച സംഭവം അങ്ങനെയങ്ങു വിടാൻ പറ്റില്ല. കോഴയെ സംഭാവനയെന്നു വിളിക്കരുതെന്ന് ജനപ്രാതിനിധ്യ നിയമത്തിൽ അടിവരയിട്ടു പറയുന്നുണ്ട്. അപ്പോൾപ്പിന്നെ കേസെടുത്തേതീരൂ. 

ഈ രണ്ടു നിയമോപദേശങ്ങളും നൽകിയതു ചില്ലറക്കാരനല്ല. ഡയറക്ടർ  ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആണ്. അദ്ദേഹം സിപിഎമ്മുകാരനാണെന്നു ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. സിപിഎമ്മുകാരനായതു കൊണ്ട് അദ്ദേഹത്തിനു നിയമവിജ്ഞാനമില്ലെന്ന് ആരോപിക്കാൻ കഴിയില്ല.

വെറും രാഘവനും വിജയരാഘവനും തമ്മിൽ ഒരു വിജയത്തിന്റെ വ്യത്യാസമുണ്ടെന്നു ചുരുങ്ങിയ പക്ഷം എം.കെ.രാഘവനെങ്കിലും മനസ്സിലാക്കണം. ആളുവില കല്ലുവില എന്നു കേട്ടിട്ടേയുള്ളൂ. കാണുന്നത് ഇപ്പോഴാണ്. 

സ്ഥാനാർഥിയുടെ സിദ്ധി

സാധ്വി പ്രജ്ഞാ സിങ്ങിനെപ്പോലുള്ള സന്യാസിനിമാരെ പേടിക്കണം. ഒറ്റനോട്ടം കൊണ്ട് ആളുകളെ ഭസ്മീകരിക്കാൻ ത്രാണിയുള്ളവരാണ് ഇവർ. മുംബൈയിൽ ഭീകരരെ നേരിടുമ്പോൾ വീരമൃത്യു വരിച്ച മഹാരാഷ്ട്രാ പൊലീസ് ഓഫിസർ ഹേമന്ത് കർക്കറെയെ താൻ ശപിച്ചു ഭസ്മമാക്കിയതാണെന്നു വെളിപ്പെടുത്തതു പ്രജ്ഞാ സിങ് അല്ലാതെ മറ്റാരുമല്ല.

അവരുടെ തപഃശക്തിയെക്കുറിച്ച് ആരും സംശയമുന്നയിക്കാനിടയില്ല. ജയിലിൽ കഴിയുമ്പോൾ അവർക്കു വേണമെങ്കിൽ ജയിൽ‍ ഉദ്യോഗസ്ഥരെ ഭസ്മമാക്കി ജയിൽ മോചിതയാകാമായിരുന്നു. അതിനൊന്നും അവർ മുതിർന്നില്ല. അവരുടെ തപഃക്തിയെക്കുറിച്ചു നല്ല ബോധ്യമുള്ളതു കൊണ്ടാണു കോടതി അവർക്കു ജാമ്യം നൽകിയത്. ‘ഭവാൻ മറിച്ചു കരുതീടുകിൽ അര ക്ഷണത്താൽ/ ദേവൻ വെറും പുഴു, മഹാബ്ധി മരുപ്രദേശം’ എന്നു കവി പാടിയതു പ്രജ്ഞാ സിങ്ങിനെപ്പോലുള്ള സന്യാസിനിമാരെക്കുറിച്ചാണ്. 

സംഗതി ഇതൊക്കെയാണെങ്കിലും കേന്ദ്ര സർക്കാർ പ്രജ്ഞാ സിങ്ങിന്റെ കഴിവുകളെ തിരിച്ചറിയാത്തതാണു കഷ്ടം. അവരെ ഭോപാലിൽ സ്ഥാനാർഥിയാക്കുന്നതിനു പകരം അതിർത്തിയിൽ വിന്യസിക്കുകയാണു വേണ്ടത്. അവരുടെ തപഃശക്തി വിനിയോഗിച്ചാൽ പാക്കിസ്ഥാൻ സൈന്യത്തെയും ക്യാംപുകളിലുള്ള ഭീകരരെയും അപ്പാടെ ഭസ്മമാക്കാമായിരുന്നു. സർജിക്കൽ സ്ട്രൈക് പോലുള്ള അപകടകരമായ അഭ്യാസങ്ങൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. പാക്ക്  സൈനികരും ഭീകരരും ഭസ്മമാകുന്നതോടെ ഇന്ത്യയ്ക്ക് ആവശ്യമായ ഭസ്മം സംഭരിക്കാനും കഴിയും. സാധ്വിയെ അതിർത്തിയിൽ വിന്യസിക്കുന്നതോടെ പ്രതിരോധ ബജറ്റ് വെറും പൂജ്യമാകും. ഇതിനെയാണു സീറോ ബജറ്റ് എന്നു വിളിക്കുന്നത്. ഇനിയെങ്കിലും ബിജെപിക്ക് ആ തിരിച്ചറിവ് ഉണ്ടാവണം. കോൺഗ്രസ് ആണ് അധികാരത്തിൽ വരുന്നതെങ്കിലും സാധ്വിയുടെ സേവനം വേണ്ടെന്നു വയ്ക്കരുത്. രാജ്യത്തിനുവേണ്ടി ഏതു ദൗത്യവും ഏറ്റെടുക്കാൻ അവർ സർവഥാ സന്നദ്ധയാണ്. 

ന്യായീകരണപ്പണി മടുത്ത്

വക്താവ് വാഴാ പാർട്ടിയായി കോൺഗ്രസ് അതിവേഗം മാറുന്ന ലക്ഷണമാണ്. പണ്ട് അഭിഷേക് മനു സിങ്‌വി എന്നൊരു വിദ്വാനായിരുന്നു മുഴുസമയ വക്താവ്. വക്താവ് ജോലിക്ക് എഐസിസി കൂലിയൊന്നും കൊടുക്കുന്നില്ലെന്നാണു കേൾവി. കൂലി ചോദിച്ച ഒരു വക്താവിനോട്, ചാനലുകളിൽ മോന്ത കാണിക്കാൻ അവസരം കിട്ടുന്നതിലും കൂടിയ കൂലി വേറെയുണ്ടോ എന്നാണ് ഹൈക്കമാൻഡ് ചോദിച്ചത്. 

ദക്ഷിണയില്ലാത്ത ചികിൽസ പോലെ കൂലിയില്ലാത്ത ജോലിയും ഫലവത്താവില്ലെന്നതാണു സത്യം. ജീവിച്ചുപോകാനുള്ള തുട്ടു തടയാൻ വേണ്ടിയാണ് സിങ്‌വി സാർ, കോൺഗ്രസിനു പിടിക്കാത്ത ഒരു കേസിൽ കേരള ഹൈക്കോടതിയിൽ ഹാജരായത്. കൊലക്കേസ് പ്രതിയാണു വരുന്നതെങ്കിലും വക്കാലത്ത് ഏറ്റെടുക്കൽ വക്കീലിന്റെ ധർമമാണ്. അതു ചെയ്തതിന്റെ പേരിൽ ഉമ്മൻ ചാണ്ടിയും രമേശും സുധീരനും ഉൾപ്പെടെയുളളവർ ഉണ്ടാക്കിയ കോലാഹലം ചില്ലറയല്ല. 

സിങ്‌വി സാറിനെ വക്താവ് കസേരയിൽ നിന്ന് അൽപകാലം മാറ്റിനിർത്തുന്നതിലാണു സംഗതി കലാശിച്ചത്. സാറിനെ മാറ്റിയതു ചെണ്ടകൊട്ടി വിളംബരം ചെയ്യാൻ എഐസിസി മറന്നില്ല. അദ്ദേഹം കസേരയിൽ തിരിച്ചെത്തിയത് ആരുടെയും ശ്രദ്ധയിൽ പെടാതെയാണ്. 

ടോം വടക്കന്റേതായിരുന്നു അടുത്ത ഊഴം. കോൺഗ്രസിനെ തലങ്ങും വിലങ്ങും ന്യായീകരിച്ചു മടുത്തപ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി കുറച്ചുകാലം ബിജെപിയെ ന്യായീകരിക്കാമെന്നു കരുതിയാണു വടക്കാൻ ബിജെപിയിൽ ചേർന്നത്. അല്ലാതെ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോടു വിരക്തി തോന്നിയിട്ടല്ല.

ആണുങ്ങൾക്കു ചെയ്യാമെങ്കിൽ അതു പെണ്ണുങ്ങൾക്കും ആകാമെന്നാണു മറ്റൊരു വക്താവു പ്രിയങ്ക ചതുർവേദി തെളിയിച്ചത്. ബിജെപിക്കു വീര്യം പോരെന്നു തോന്നിയതിനാൽ അവർ താവളം തേടിയതു ശിവസേനയിലാണ്. ന്യായീകരണത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുള്ളതിനാൽ ഏതു പാർട്ടിയിൽ ചേർന്നാലും അവർ വക്താവ് പദവിയിൽ  ശോഭിക്കുമെന്നു തീർച്ചയാണ്. 

സ്റ്റോപ് പ്രസ്: ശശി തരൂർ പാട്ടുംപാടി ജയിക്കുമെന്ന് എ.കെ.ആന്റണി. 

പാടാനുള്ള പാട്ടിന്റെ രചനയും സംവിധാനവും ആന്റണി നിർവഹിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com