ADVERTISEMENT

നാളെ കേരളം ചൂണ്ടുവിരലിലണിയുന്ന മഷിയടയാളം നാം ജനാധിപത്യത്തിനു നൽകുന്ന ഏറ്റവും മൂല്യവത്തായ അഭിവാദ്യമാണ്.

ജനങ്ങളുടെ ആത്മബോധവും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഏറ്റവും ശക്‌തമായ ആയുധമാണ് സമ്മതിദാനാവകാശം. ഓരോ പൗരന്റെയും കയ്യിലുള്ള ഈ അവകാശം അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഭാവിയോളം വിലപിടിപ്പുള്ളതാകുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ദൗത്യത്തിൽ പങ്കാളിയാകാൻ ഏറ്റവും രാഷ്‌ട്രീയപ്രബുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം നാളെ പോളിങ് ബൂത്തിലേക്കു നീങ്ങുന്നത് ഈ ഉത്തരവാദിത്തബോധത്തോടെയാവണം.

ജനാധിപത്യ വ്യവസ്‌ഥിതിയിൽ പൗരനു ലഭിക്കാവുന്ന ഏറ്റവും വലിയ അവകാശം തന്നെയാണു വോട്ട്. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണെന്ന തിരിച്ചറിവോടെയാവണം പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാൻ അഭിമാനത്തോടെ നാം പോളിങ് ബൂത്തിലെത്തേണ്ടത്. രാജ്യം പലവിധത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, ദേശീയ സുസ്‌ഥിരതയ്‌ക്കു മുൻപെന്നത്തെക്കാളും പ്രസക്‌തി വർധിക്കുമ്പോൾ, നമ്മുടെ ഓരോ വോട്ടിനും ഏറെ  പ്രാധാന്യമുണ്ട്. കൃത്യതയും വ്യക്തതയുമുള്ള യുവജനങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പിൽ അത്യധികം നിർണായകവുമാണ്.

ഉയർന്ന പോളിങ് ശതമാനം ഒരു നാടിന്റെ ജനാധിപത്യബോധത്തിന്റെ സൂചികയാണെന്നിരിക്കെ അതിലെ റെക്കോർഡ് കേരളം നേടിയേ തീരൂ; ഒന്നര മാസത്തോളമായി രാജ്യത്തോടൊപ്പം സംസ്ഥാനവും അനുഭവിച്ചതു നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ആവേശഭരിതമായ പ്രചാരണകാലമായതിനാൽ വിശേഷിച്ചും. ദേശീയ നേതാക്കൾ പലവട്ടം കേരളത്തിൽ പ്രചാരണത്തിനെത്തി. ചൂടേറിയ ചർച്ചകളും ആരോപണ പ്രത്യാരോപണങ്ങളും  തിരഞ്ഞെടുപ്പരങ്ങിന്റെ താപനില ഉയർത്തിക്കൊണ്ടേയിരുന്നു.

ജനാധിപത്യ വ്യവസ്‌ഥിതിയിൽ രാജ്യത്തോടും നമ്മോടുതന്നെയുമുള്ള കടമ നിർവഹിക്കാൻ ഓരോ വോട്ടറും ബാധ്യസ്‌ഥനാണ്. സമ്മതിദാനാവകാശം എന്ന പരമാധികാരത്തെക്കുറിച്ചു ജനങ്ങൾക്കു പൂർണബോധ്യമുണ്ടെന്നതിന് ഉയർന്നുവരുന്ന, മികച്ച പോളിങ് ശതമാനം തന്നെ തെളിവ്. ഏതു സർക്കാരായാലും അത് ബഹുഭൂരിപക്ഷം പേരും പങ്കെടുത്ത വോട്ടെടുപ്പിലൂടെ രൂപംകൊണ്ടതാണെന്നു വരു‌മ്പോഴേ ജനാധിപത്യ വ്യവസ്‌ഥിതിക്കു യഥാർഥ പ്രാതിനിധ്യ സ്വഭാവം കൈവരൂ. ഒരൊറ്റ വോട്ടും പാഴാകാനിടയാകാത്തവിധം തിരഞ്ഞെടുപ്പു വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടതു ജനങ്ങളാണ്. ഒരു വോട്ടിനോ ഏതാനും വോട്ടുകൾക്കു മാത്രമോ ഒരു സ്‌ഥാനാർഥി ജയിക്കുമ്പോഴോ തോൽക്കുമ്പോഴോ ആവും സമ്മതിദാനാവകാശത്തിന്റെ വില പലരും തിരിച്ചറിയുക. കള്ളവോട്ടു ചെയ്യുന്നതും കള്ളവോട്ടു ചെയ്യാൻ സഹായിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നതും ഇതോടു ചേർത്ത് ഓർമിക്കാം.

വോട്ടെടുപ്പ് സമാധാനപൂർണമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനോടൊപ്പം നിലയുറപ്പിക്കേണ്ടത് ഓരോ രാഷ്‌ട്രീയ കക്ഷിയുടെയും കടമ തന്നെയാണ്. സമ്മർദത്തിനു വഴങ്ങാതെ, അക്രമം ഭയപ്പെടാതെ, സ്വതന്ത്രമായി വോട്ടു രേഖപ്പെടുത്താൻ എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കമ്മിഷൻ ഉറപ്പുനൽകുന്നു. അമൂല്യമായ സമ്മതിദാനാവകാശം നാടിന്റെ നന്മയ്‌ക്കും വികസനത്തിനും വേണ്ടി വിനിയോഗിക്കേണ്ടതു സമാധാനാന്തരീക്ഷത്തിലാവണം.

ചുട്ടുപൊള്ളിയ പരസ്യപ്രചാരണകാലം  തീർന്നിരിക്കുന്നു. തിരഞ്ഞെടുപ്പിനുശേഷം  മൽസരങ്ങൾ മാറ്റിവച്ചു നാടിന്റെ വികസനത്തിനായി ഒരുമിച്ചുനീങ്ങാനുള്ള കടമ എല്ലാ പാർട്ടികൾക്കുമുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സ്തംഭനാവസ്ഥയിലായ നമ്മുടെ ഭരണയന്ത്രം ഇനി ഇരട്ടിവേഗത്തിൽ മുന്നോട്ടുപോയേതീരൂ.

കാത്തിരുന്ന ദിവസം അരികിലെത്തുകയാണ്. ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പതിഞ്ഞ മഷിയടയാളം ഉയർത്തിക്കാട്ടി അഭിമാനത്തോടെ നാളെ നമുക്ക് ജനാധിപത്യത്തിന്റെ കൊടി വാനോളമുയർത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com