ADVERTISEMENT

മുല്ല നസറുദ്ദീൻ താൻ മരിച്ചുവെന്ന് എപ്പോഴും പറയും. ഒരു ദിവസം ഭാര്യ അദ്ദേഹത്തെ ഡോക്‌ടറുടെ അടുക്കൽ കൊണ്ടുപോയി. ഡോക്‌ടർ വേറൊരാളുടെ കയ്യിൽ കുത്തി, രക്തം വന്നു. മുല്ല പറഞ്ഞു: ഇയാൾ മരിച്ചിട്ടില്ല. ഇപ്പോൾ കാര്യം മനസ്സിലായില്ലേ എന്നു ചോദിച്ച് ഡോക്‌ടർ മുല്ലയുടെ വിരലിൽ മൊട്ടുസൂചി കൊണ്ടു കുത്തി. രക്തം വന്നപ്പോൾ ഡോക്‌ടർ ചോദിച്ചു: ഇപ്പോൾ മനസ്സിലായില്ലേ, താങ്കളും മരിച്ചിട്ടില്ലെന്ന്. മുല്ല പറഞ്ഞു: ഇപ്പോൾ മനസ്സിലായി, മരിച്ചയാളിന്റെ കയ്യിൽ നിന്നു രക്തം ഒഴുകുമെന്ന്.

യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടാത്തവരെല്ലാം ‘മരിച്ചവരാ’ണ്. സത്യം നിഷേധിക്കുന്നവരെല്ലാം തങ്ങൾ സൃഷ്‌ടിക്കുന്ന ഭാവനാ ലോകത്തിന്റെ രാജാക്കന്മാരാണ്. ഉൺമയ്‌ക്ക് അഭിലാഷങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇഷ്‌ടാനിഷ്‌ടങ്ങൾ അനുസരിച്ച് യാഥാർഥ്യങ്ങൾക്കു ചാഞ്ചാട്ടവുമില്ല. കൈത്തിരികൾ മാത്രമല്ല കനൽക്കട്ടകളും ജീവിതത്തിന്റെ ഭാഗമാകും. ഇഷ്‌ടമുള്ളതിനെ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കാൻ ജീവിതം സ്വയം സൃഷ്‌ടിക്കുന്ന സ്വപ്‌നലോകമല്ല. ഇടവേളകളിൽ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം സിനിമയല്ലാത്തതുകൊണ്ടു ജീവിതത്തിനു ലഭിക്കുകയുമില്ല. ഒരുവശത്ത് കരളുറപ്പും ദൃഢനിശ്ചയവും അരക്കിട്ടുറപ്പിക്കുമ്പോൾ മറുവശത്ത് നിസ്സഹായതയും നിർവികാരതയും ഓളംതല്ലും.

അഭിമുഖീകരിക്കേണ്ടി വരുന്ന സത്യങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെയും ക്രിയാത്മകതയോടെയും എതിരിടാൻ പഠിക്കുമ്പോഴാണ് ജീവിതാനുഭവങ്ങൾക്കു വൈവിധ്യവും വൈശിഷ്‌ട്യവും കൈവരിക. ഒന്നിൽനിന്നും ഒളിച്ചോടേണ്ട; ഒന്നും ഒളിപ്പിച്ചുവയ്‌ക്കേണ്ട; ഒന്നിന്റെയും പ്രദർശനസാധ്യതകളും അന്വേഷിക്കേണ്ട. കടന്നുവരുന്നതെല്ലാം അതിന്റേതായ രൂപത്തിലും ഭാവത്തിലും തനിമയോടെ ഒഴുകട്ടെ. തടഞ്ഞുനിർത്താനോ ഒഴുക്കിവിടാനോ ശ്രമിക്കുമ്പോൾ, അനുഭവങ്ങൾ കൊണ്ടുവരുന്ന അമൂല്യരത്നങ്ങൾ ആരും കാണാതെ ചിലപ്പോൾ നഷ്‌ടപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com