sections
MORE

ലങ്കയില്‍ മരണം വിതച്ച രാഷ്ട്രീയപ്പോര്: ഫൊൻസേക വരും; എല്ലാം ശരിയാകും!

Lankan-People
സ്ഫോടനത്തില്‍ മരിച്ചവരുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവര്‍.
SHARE

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ തമിഴ്പുലികൾ അഞ്ചുതവണ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതെല്ലാം പണ്ട് രക്തരൂഷിതമായ ആഭ്യന്തരയുദ്ധകാലത്ത്. അന്നേറ്റ മുറിവിനെക്കാൾ രൂക്ഷമാണ് ഇപ്പോൾ മൈത്രിപാലയുടെ വ്യക്തിത്വത്തിനേറ്റിരിക്കുന്നത്. ശ്രീലങ്കയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്നു മൈത്രിപാല ആറുമാസത്തിനകം അപ്രത്യക്ഷമാകുമെന്നാണ് സ്വന്തം പാർട്ടിക്കാർ പോലും കരുതുന്നത്. ആറുമാസം എന്നത് അടുത്ത തിരഞ്ഞെടുപ്പു വരെയുള്ള കാത്തിരിപ്പു മാത്രം. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ പ്രസിഡന്റ് എന്ന അപഖ്യാതിക്കൊപ്പം, സ്ഫോടനത്തിൽ പൊലിഞ്ഞ വിലപ്പെട്ട ജീവനുകളുടെ ഉത്തരവാദിത്തവും മൈത്രിപാലയുടെ തലയിൽ ചുമത്തുന്നത് ഭരണപക്ഷവും ചേർന്നാണ്.

ശ്രീലങ്കയുടെ ഭരണസംവിധാനമനുസരിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ആദ്യം ലഭിക്കുന്നത് സൈന്യത്തിന്റെ ചുമതലയുള്ള പ്രസിഡന്റിനാണ്. ഇ‍ന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പുകൾ യഥാസമയം താഴേക്കു കൈമാറിയില്ലെങ്കിൽ അതിന്റെ ഉത്തരവാദി പ്രസിഡന്റാണ്. കഴിഞ്ഞ ആറുമാസമായി പ്രധാനമന്ത്രിയെ സുരക്ഷാ കൗൺസിൽ യോഗത്തിലേക്കു ക്ഷണിച്ചിട്ടില്ല എന്നു പറയുമ്പോൾ വീഴ്ചയുടെ ആഴം വ്യക്തം.

സത്യത്തിൽ സിരിസേനയ്ക്ക് ഇൗ വർഷം ഇതു രണ്ടാമത്തെ പ്രഹരമാണ്. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി പദത്തിലേക്കു രാജപക്ഷെയെ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ഗൂഢനീക്കങ്ങൾക്കു തിരിച്ചടിയേറ്റപ്പോൾ, ലോകത്തെ ജനാധിപത്യ രാജ്യങ്ങളെല്ലാം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്കൊപ്പമാണു നിന്നത്. ആ ജനാധിപത്യവിരുദ്ധ നീക്കത്തിൽ ചൈന മാത്രമാണു സിരിസേനയെ പിന്തുണച്ചത്. രാജപക്ഷെ പണമൊഴുക്കിയിട്ടും രാഷ്ട്രീയ അട്ടിമറി അന്നു പാളിപ്പോയത് രാജ്യാന്തര സമൂഹം റനിലിനെ പിന്തുണച്ചതുകൊണ്ടാണ്.

എന്താകും സിരിസേനയുടെ ഭാവി ?

2015ലെ തിരഞ്ഞെടുപ്പിൽ ശ്രീലങ്ക ഫ്രീഡം പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് രാജപക്ഷെയെ നിർദേശിച്ച യോഗത്തിൽ പങ്കെടുത്ത് പ്രഭാതഭക്ഷണത്തിൽ അപ്പവും സ്റ്റ്യൂവും കഴിച്ചു മടങ്ങിയ ആളാണ് സിരിസേന. രാജപക്ഷെ പത്രിക നൽകാനെത്തിയപ്പോൾ റനിലിന്റെ നേതൃത്വത്തിൽ യുഎൻപി (യുണൈറ്റഡ് നാഷനൽ പാർട്ടി) നടത്തിയ നീക്കത്തിൽ സിരിസേന സ്ഥാനാർഥിയായി. മുസ്‌ലിംകളും തമിഴരും പിന്തുണച്ചാൽ ശ്രീലങ്കയിൽ 30% വോട്ടായി. ഒപ്പം സിംഹള വോട്ടുകൾ കൂടി ചേർന്നാൽ വിജയഫോർമുലയായി. സുമന്തിരന്റെ നേതൃത്വത്തിലുള്ള തമിഴ് നാഷനൽ അലയൻസും (ടിഎൻഎ) കടുത്ത സിംഹളവാദികളായ ജനതാ വിമുക്തി പെരുമുനയും (ജെവിപി) കൈകോർത്ത തിരഞ്ഞെടുപ്പായിരുന്നു അത്. സിംഹളരും തമിഴരും ഒരേ മുന്നണിയുടെ ഘടകകക്ഷികളായ മഴവിൽസഖ്യമാണ് രാജപക്ഷെയെ തോൽപിച്ചത്.

അടുത്ത തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിൽ പുതിയ ഭരണഘടനാ ഭേദഗതി പ്രകാരം പ്രധാനമന്ത്രിക്കാണ് അധികാരം കൂടുതൽ. രാജപക്ഷെയും റനിലുമുൾപ്പെടെയുള്ള പ്രമുഖർക്ക് പ്രധാനമന്ത്രിക്കസേരയിലാണു നോട്ടം. രാജപക്ഷെയുടെ പാർട്ടിയായ ശ്രീലങ്ക പൊതുജനപെരുമുന (എസ്എൽപിപി) സിരിസേനയെ പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ തയാറാകില്ല. ടേം കഴിയുന്നതോടെ യുഎൻപിയും സിരിസേനയെ കയ്യൊഴിയും. രാജപക്ഷെയ്ക്ക് മകൻ നമലിനെ പ്രസിഡന്റാക്കാനാണു താൽപര്യം. എന്നാൽ, പയ്യനു 33 വയസ്സേയുള്ളൂ; പ്രസിഡന്റാകാൻ 35 വയസ്സു വേണം. പിന്നെയുള്ളത് സഹോദരൻ ഗോതബായ രാജപക്ഷെയാണ്. മുൻ പ്രതിരോധ സെക്രട്ടറിയായ ഗോതബായ തന്നെക്കാൾ വളർന്നുപോകുമോയെന്ന ‘കോംപ്ലക്സ്’ രാജപക്ഷെയ്ക്കുണ്ട്. 

ഫൊൻസേക വരും; എല്ലാം ശരിയാകും!

ശ്രീലങ്കയുടെ പ്രഥമ ഫീൽഡ് മാർഷൽ ജനറലാണ് ശരത് ഫൊൻസേക. തമിഴ്പുലികളെ ഉന്മൂലനം ചെയ്ത രാജപക്ഷെയുടെ ആർമി കമാൻഡറായിരുന്നു അദ്ദേഹം. 

2009ൽ സൈന്യം പുലികൾക്കെതിരെ നിർണായക വിജയം നേടിയപ്പോൾ രാജപക്ഷെ ഫൊൻസേകയെ സർവസൈന്യാധിപനായി നിയമിച്ചു. പിന്നീടു കണ്ടത് വമ്പൻ അട്ടിമറികളാണ്. ഫൊൻസേകയും രാജപക്ഷെയും തമ്മിൽ തെറ്റി . 

2010ൽ ഫൊൻസേക പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായി രാജപക്ഷെയ്ക്കെതിരെ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. വൈകാതെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഫൊൻസേകയെ ജയിലിലടച്ചു. മൈത്രിപാല - റനിൽ സഖ്യം അധികാരത്തിൽ വന്നതോടെ ഫൊൻസേകയ്ക്കു മാപ്പു നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഎൻപി സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ഫൊൻസേക പാർലമെന്റ് അംഗമായി. 

Sirisena,-Fonseka
മൈത്രിപാല സിരിസേന, ശരത് ഫൊൻസേക

ശ്രീലങ്ക ചാവേറാക്രമണത്തിൽ തകർന്നു നിൽക്കുമ്പോൾ ഫൊൻസേകയാണ് വീണ്ടും ശ്രദ്ധാകേന്ദ്രം. രാജ്യത്തിന് ചങ്കുറപ്പോടെ സുരക്ഷയൊരുക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് റനിൽ ക്യാംപ് വാദിക്കുന്നു. അങ്ങനെയങ്കിൽ ക്രമസമാധാനച്ചുമതലയുള്ള മന്ത്രിയായി ഫൊൻസേക അധികാരമേൽക്കും. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ വലിയ കസേരകളിലേക്കുള്ള യാത്രയുടെ തുടക്കമാകും അത്.

ലങ്കൻ ജനത തിരിച്ചുവരും...

23 വർഷം മുൻപ് കൊളംബോയിലെ സെൻട്രൽ ബാങ്ക് തമിഴ്പുലികൾ ആക്രമിക്കുമ്പോൾ 150 മീറ്റർ അകലെ ബ്രിസ്റ്റോൾ റോഡിലെ ഓഫിസിലുണ്ടായിരുന്നു ടി.എസ്. പ്രകാശ് എന്ന അടൂർ സ്വദേശി. ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു.

പ്രകാശ് ജോലി ചെയ്യുന്ന കമ്പനി അന്ന് ശ്രീലങ്കയിൽ ബെറ്റാഡിൻ എന്ന മരുന്നിന്റെ വിപണി തുടങ്ങുന്ന കാലം. അപ്പോൾതന്നെ മുകളിൽനിന്ന് അനുമതി വാങ്ങി പ്രകാശ് 2000 കുപ്പി മരുന്നുകൾ ആശുപത്രി ഡയറക്ടർ ഹെക്ടർ വീരസിംഗെയ്ക്കു സൗജന്യമായി കൈമാറി.

പിറ്റേന്ന് ലങ്കയുടെ ആരോഗ്യമന്ത്രി പ്രകാശിനെ നേരിൽവിളിച്ച് അഭിനന്ദിച്ചു. ബാക്കിയുള്ള മുഴുവൻ സ്റ്റോക്കും സർക്കാർ വാങ്ങി. ബെറ്റാഡിന് വിപണി തേടിയ കമ്പനിക്ക് സർക്കാർ സ്ഥാപനങ്ങളുടെ മുഴുവൻ ഓർഡറും നൽകി. 

ശ്രീലങ്കൻ മലയാളികളിലെ പരിചയസമ്പന്നമായ മുഖമാണ് റെവ്‍ലോൺ ലങ്കയുടെ കൺട്രി ഹെഡും ശ്രീലങ്ക ഇന്ത്യ സൊസൈറ്റി പ്രസിഡന്റുമായ പ്രകാശ്. പുതിയ സംഭവവികാസങ്ങൾ മലയാളികളെ ആശങ്കയിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പ്രകാശ് പറഞ്ഞു:  

‘സത്യത്തിൽ മലയാളികളുടെ എണ്ണം കുറവാണിവിടെ. ഗൾഫ് ബൂമിനു ശേഷം മലയാളി ശ്രീലങ്കയെ കൈവിട്ടു. ഇവിടെ പരമാവധി 1500 പേരുണ്ടാകും. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നുപോയ നാടാണിത്. ഇത് തികച്ചും അപ്രതീക്ഷിതമായ സംഭവമാണ്. ഇതു മറികടക്കാനുള്ള കരുത്തും ലങ്കൻ ജനതയ്ക്കുണ്ട്. ദിവസവും ഒട്ടേറെ ഫോൺവിളികൾ വരുന്നു, എന്താണു സംഭവിച്ചതെന്നറിയാൻ’.

Sri-Lanka
ഉള്ളുലഞ്ഞ്: കൊളംബോ ഷാങ്ഗ്രില ഹോട്ടലിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിസംഗ മായാഡുന്നെയുടെ ഭർത്താവ് ആശുപത്രിയിൽനിന്നു പരുക്കുകളോടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തുന്നു. നിസംഗയുടെ അമ്മയും ശ്രീലങ്കയിലെ സെലിബ്രിറ്റി ഷെഫുമായ ശാന്ത മായാഡുന്നെയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

മരണം അവശേഷിപ്പിക്കുന്നത്...

‘മരണം അവശേഷിപ്പിക്കുന്നത് ഒരിക്കലുമുണങ്ങാത്ത ഹൃദയവേദനകളാണ്... സ്നേഹം ബാക്കി നിർത്തുന്നതാകട്ടെ, കവരാനാകാത്ത ഓർമകളും’ - ശാന്ത മായാഡുന്നെയുടെ വീടിനു മുന്നിലെ ബാനർ വായിക്കാതെ നിങ്ങൾക്കു മുന്നോട്ടു പോകാനാകില്ല. ഷാങ്ഗ്രില ഹോട്ടലിലെ സ്ഫോടനത്തിൽ മരിച്ച ശാന്താ മായാഡുന്നെ ശ്രീലങ്കൻ ചാനലുകളിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫാണ്. 

ഇൗസ്റ്റർ ദിനം മകൾ നിസംഗയ്ക്കൊപ്പം ഷാങ്ഗ്രിലയിൽ പ്രഭാതഭക്ഷണം കഴിക്കുമ്പോയിരുന്നു സ്ഫോടനം. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മകളുടെ ഭർത്താവിനു പരുക്കേറ്റു. കൊളംബോയിൽ സ്ഫോടനത്തിൽ മരിച്ചവരിൽ ആദ്യം തിരിച്ചറിഞ്ഞതും ശാന്ത മായാഡുന്നെയെയാണ്. 

ഹോട്ടലിൽ എത്തിയ ഉടൻ മകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം മൃതദേഹം പൊതുദർശനത്തിനു വച്ച വീടിനു മുന്നിൽ കൂട്ടുകാർ വച്ചിട്ടുണ്ട്. ശാന്തയുടെ കുക്കറി സ്കൂൾ കൊളംബോയിൽ പ്രശസ്തമാണ്. ശ്രീലങ്കൻ ഭക്ഷണത്തിലും ഇന്ത്യൻ ഭക്ഷണത്തിലും നിപുണയായിരുന്നു അവർ. 

ആയിരക്കണക്കിനു ശിഷ്യരാണ് പാചകവിദഗ്ധയുടെ അന്ത്യയാത്രയ്ക്കെത്തിയത്.  

നാളെ: നടുക്കം മാറാതെ ടൂറിസവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA