ADVERTISEMENT

ഒരു മുതിർന്ന സ്ത്രീ. 3 ചിത്രങ്ങൾ. 3 രാഷ്ട്രീയക്കാർ അവരെ ചേർത്തുപിടിച്ചിരിക്കുന്നു. ഒന്ന് രാഹുൽ ഗാന്ധി, രണ്ട് ശശി തരൂർ, മൂന്ന് കെ.സുരേന്ദ്രൻ. ഈ മൂന്നു ചിത്രങ്ങളും ചേർത്ത് ഉത്തരേന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ വലിയ ക്യാംപെയ്ൻ നടക്കുകയാണ്. കോൺഗ്രസുകാർ ഒരേ അമ്മൂമ്മയെ വച്ചു ഫോട്ടോ ഷൂട്ട് നടത്തി ആളെപ്പറ്റിക്കുകയാണ് എന്നാണ് ഇതോടൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. മൂന്നു നേതാക്കളിൽ, കെ.സുരേന്ദ്രൻ കേരളത്തിലെ ബിജെപി ജനറൽ സെക്രട്ടറിയാണെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയാണെന്നുമൊന്നും അറിയാതെയാണ് ഈ പ്രചാരണമെന്നതാണ് ഏറ്റവും രസം. ഒരുപാട് ഉത്തരേന്ത്യൻ ഫെയ്സ്ബുക്, ട്വിറ്റർ അംഗങ്ങൾ ഇതു ഷെയർ ചെയ്യുന്നുണ്ട്. 

ഈ ചിത്രങ്ങളിലെ സ്ത്രീ ആണല്ലോ പ്രധാനം. മൂന്നും ഒരേ സ്ത്രീയാണോ? മൂന്നു പേരുടെയും മുഖത്തിന്റെ പ്രത്യേകതകൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മൂന്നും വേറെ വേറെ ആളുകളാണെന്നു വ്യക്തമാകും. ഒറ്റനോട്ടത്തിൽ ചെറിയ സാമ്യം തോന്നുന്നതു കൊണ്ടാണ് ഒരേ ആളാണെന്ന പ്രചാരണമുണ്ടായത്. ഈ മൂന്നു ചിത്രങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണുതാനും. 

രാഹുൽ ഗാന്ധി സ്ത്രീയെ ആലിംഗനം ചെയ്യുന്ന ചിത്രം 2015ൽ തമിഴ്നാട്ടിൽനിന്നുള്ളതാണ്; അവിടെ പ്രളയമുണ്ടായപ്പോൾ രാഹുൽ സന്ദർശിച്ച സമയത്തേത്. കോൺഗ്രസ് തന്നെ ആ ചിത്രം അന്ന് ട്വീറ്റ് ചെയ്തിരുന്നു. 

ശശി തരൂരിനെ കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ ചിത്രം ഈ മാസം 13ന് തരൂർ തന്നെ ട്വീറ്റു ചെയ്തതാണ്; തിരുവനന്തപുരത്തെ പ്രചാരണത്തിനിടെ കണ്ട ഒരു മുത്തശ്ശി. കെ.സുരേന്ദ്രൻ അമ്മൂമ്മയെ ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം പത്തനംതിട്ടയിലെ പ്രചാരണത്തിനിടെയുള്ള ദൃശ്യമാണ്. ബിജെപി അനുകൂലികൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ ഈ ചിത്രം നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. 

3 മുതിർന്ന സ്ത്രീകൾ. 3 നേതാക്കൾ. 3 സ്ഥലം. 3 സമയം – ഇതാണ് യാഥാർഥ്യം. രാഷ്ട്രീയ പ്രചാരണമാകുമ്പോൾ യാഥാർഥ്യത്തിന് (പലപ്പോഴും) എന്തു വില! 

ആ വോട്ട് അത്ര സുന്ദർ അല്ല! 

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇന്ത്യക്കാരനാണെന്നു നമുക്കറിയാം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പല വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പിച്ചൈ, ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തിയതിന്റെ ചിത്രം വന്നിരുന്നു. ചില പ്രാദേശികഭാഷാ ചാനലുകളും ഈ ചിത്രം ചർച്ചയാക്കി. 

എന്നാൽ, 2017ൽ പിച്ചൈ താൻ പഠിച്ച ഗൊരഖ്പുർ ഐഐടിയിൽ എത്തിയപ്പോഴത്തെ ചിത്രമാണ് ഇപ്പോൾ വോട്ടു ചെയ്യാനെത്തിയതായി പ്രചരിക്കുന്നത്. അന്ന് പിച്ചൈ തന്നെയാണ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്! മാത്രമല്ല, ഇന്ത്യയിൽ ജനിച്ചുവളർന്നു പഠിച്ച ആളാണെങ്കിലും പിച്ചൈ ഇപ്പോൾ അമേരിക്കൻ പൗരനാണ്. അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ടു ചെയ്യാനാകില്ല.

കുട്ടി പറഞ്ഞത് വേറെ... 

തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൊച്ചുകുട്ടിയെ കയ്യിലെടുത്തു മൈക്കിനു മുൻപിൽ കൊണ്ടുവന്നപ്പോൾ ആ കുട്ടി, ‘ചൗക്കിദാർ ചോർ ഹെ’ എന്നു വിളിച്ചുപറയുന്ന ഒരു വിഡിയോ പ്രചരിക്കുന്നതു പലർക്കും കിട്ടിയിരിക്കുമല്ലോ. 

ഇതു 3 വർഷം മുൻപത്തെ വിഡിയോ ആണ്. അതിലുള്ളത് തിരഞ്ഞെടുപ്പു പ്രചാരണമല്ല. കുട്ടി പറയുന്നത്, ‘ചൗക്കിദാർ ചോർ ഹെ’ എന്നുമല്ല. 

ഭിന്നശേഷിക്കാർക്കു സഹായം നൽകുന്ന ചടങ്ങിൽ സദസ്സിൽനിന്നു മോദി വിളിച്ചുകൊണ്ടുവന്ന കുട്ടി, മൈക്കിലൂടെ രാമായണത്തിലെ ശ്ലോകങ്ങളാണു ചൊല്ലുന്നത്. ഇതിന്റെ യഥാർഥ വിഡിയോ യുട്യൂബിലുണ്ട്. അതിലെ ശബ്ദം എഡിറ്റ് ചെയ്തു കൃത്രിമമായി സൃഷ്ടിച്ച വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com