ADVERTISEMENT

കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി ദിവ്യ സ്പന്ദന ഈയിടെ ട്വീറ്റ് ചെയ്തതാണ് ഇതോടൊപ്പമുള്ള ചിത്രം. ഹിറ്റ്ലറുടെയും നരേന്ദ്ര മോദിയുടെയും രണ്ടു ചിത്രങ്ങൾ. ഹിറ്റ്ലർ ഒരു പെൺകുട്ടിയുടെയും മോദി ഒരു ആൺകുട്ടിയുടെയും ചെവിയിൽ പിടിച്ചിരിക്കുന്നു.

രണ്ടു ചിത്രത്തിലുമുള്ള ആളുകൾ യഥാർഥമാണ്. പക്ഷേ, ഹിറ്റ്ലറുടെയും മോദിയുടെയും ചില രീതികൾ ഒരുപോലെയാണെന്നു കാണിക്കാൻ ചെറിയൊരു ‘സൂത്രപ്പണി’ ചിത്രങ്ങളിലൊന്നിൽ പ്രയോഗിച്ചിട്ടുണ്ട്. വളരെ സൂക്ഷിച്ചുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. രണ്ടിന്റെയും യഥാർഥ ഫോട്ടോ ഇതോടൊപ്പം കൊടുത്തിട്ടുള്ളതു ശ്രദ്ധിക്കുക. മോദിയുടേത്, അദ്ദേഹം 2015ൽ ജപ്പാൻ സന്ദർശിച്ചപ്പോഴത്തേത്, അതിൽ കുഴപ്പമൊന്നുമില്ല.

എന്നാൽ, രണ്ടാമത്തെ ചിത്രത്തിൽ ഹിറ്റ്ലർ പെൺകുട്ടിയുടെ ചെവിയിലല്ല ശരിക്കും പിടിച്ചിട്ടുള്ളത്; തോളിലാണ്. മോദിയുടേതു പോലെയാണ് ഹിറ്റ്ലറും എന്നു വരുത്താൻ, ഹിറ്റ്ലർ കുട്ടിയുടെ ചെവിയിൽ പിടിക്കുന്ന രീതിയിൽ കൈകൾ ഫോട്ടോഷോപ് ചെയ്തിരിക്കുകയാണ്.

ഏറ്റവും രസകരമായ കാര്യം, രണ്ടു ചിത്രത്തിലേക്കും ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ... പെൺകുട്ടിയുടെ ചെവികളിൽ പിടിച്ചിരിക്കുന്ന ഹിറ്റ്ലറുടെ ‘ഫോട്ടോഷോപ് കൈകൾ’ക്ക് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? അതെ, തൊട്ടടുത്ത ചിത്രത്തിലെ മോദിയുടെ കൈകൾ തന്നെയാണ് ഹിറ്റ്ലർക്കും പിടിപ്പിച്ചിരിക്കുന്നത്.

രണ്ടു കാലം, രണ്ടു നേതാക്കൾ, രണ്ടു കുട്ടികൾ, ഒരേ കൈകൾ! ഈ രണ്ടു ചിത്രങ്ങളും മൂന്നുനാലു വർഷമായി പല സന്ദർഭങ്ങളിൽ പ്രചരിച്ചതാണ്. ഇപ്പോൾ തിരഞ്ഞെടുപ്പു കാലത്ത് വീണ്ടും രംഗത്തുവന്നുവെന്നേയുള്ളൂ! (കണ്ണിൽപെടുന്ന ചിത്രങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽത്തന്നെ പല വ്യാജന്മാരെയും തിരിച്ചറിയാൻ നമുക്കു കഴിയുമെന്നതാണു സത്യം.കിട്ടിയാലുടനെ ഫോർവേഡ് ചെയ്യുന്നതിനു പകരം, വിശദമായി നിരീക്ഷിക്കണമെന്നു മാത്രം)

∙ വ്യാജന്റെ ഇടി

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലടക്കം വാട്സാപ്പിൽ ഏറ്റവും കൂടുതൽ കറങ്ങിത്തിരിഞ്ഞ ഒരു വിഡിയോ ഇതാണ്: ഒരു കോളജ് ഹോസ്റ്റലിൽ സഹപാഠിയുടെ പിറന്നാൾ ദിവസം ആഘോഷങ്ങൾക്കിടെ കൂട്ടുകാർ അവന് ‘പിറന്നാൾ ഇടിയും ചവിട്ടും’ (ബെർത്ഡേ ബംപ്സ്) കൊടുക്കുന്നത്. ഇടിയേറ്റ് ആ കുട്ടി മരിച്ചുവെന്നും ഇത്തരം ആഘോഷങ്ങൾ പാടില്ലെന്നുമൊക്കെ പറഞ്ഞാണ് ‍വിഡിയോ കറങ്ങിയത്. മുൻ ക്രിക്കറ്റ് താരം വീരേന്ദ്രർ സെവാഗ് അടക്കം ഒട്ടേറെ പ്രമുഖർ ഈ വിഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, വിഡിയോ യഥാർഥമാണെങ്കിലും അതിൽ പിറന്നാൾ കുട്ടി മരിച്ചുവെന്ന വിവരം ശരിയല്ലെന്ന് അവന്റെ സഹപാഠികൾതന്നെ സെവാഗിന്റെ ട്വീറ്റിനു മറുപടി നൽകി. അതോടെ, സെവാഗ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. അടിയേൽക്കുന്ന വിദ്യാർഥി നേരിട്ടുതന്നെ സമൂഹമാധ്യമങ്ങളിലെത്തി ‘താൻ മരിച്ചിട്ടില്ല’ എന്നും പറഞ്ഞു.

ചില മാധ്യമങ്ങൾ ഈ വിദ്യാർഥിയോടു നേരിട്ടു സംസാരിക്കുകയും ചെയ്തു. ഇതൊക്കെ സംഭവിച്ചുവെങ്കിലും വാട്സാപ്പിലൂടെ, കൂട്ടുകാരുടെ പിറന്നാൾ സമ്മാന ഇടിയേറ്റ് വിദ്യർഥി മരിച്ച വിഡിയോ കറങ്ങിക്കൊണ്ടേയിരിക്കുന്നു (വിദ്യാർഥി മരിച്ചുവെന്നതു വ്യാജമാണെങ്കിലും, ആളുകളെ എന്തിന്റെ പേരിലായാലും ഇങ്ങനെ ഉപദ്രവിക്കുന്നതു ശരിയല്ല)∙ ചാകരക്കാലം വ്യാജവാർത്തകളുടെ പ്രധാന ചാകരക്കാലം മൂന്നാണ് – തിരഞ്ഞെടുപ്പ്, പ്രകൃതിദുരന്തങ്ങൾ, യുദ്ധം അല്ലെങ്കിൽ ഭീകരാക്രമണങ്ങൾ. ഇതു മൂന്നും ഒരുമിച്ചു സംഭവിച്ച ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്.

ഇന്ത്യയിൽ ചൂടേറിയ തിരഞ്ഞെടുപ്പ്, ഫോനി ചുഴലിക്കാറ്റ്, ശ്രീലങ്കയിലെ ഭീകരാക്രമണം. ഈ ഘട്ടത്തിൽ നമ്മുടെ കയ്യിലുള്ള സ്മാർട്ഫോണിലൂടെ കടന്നുപോയ വ്യാജവാർത്തകൾക്കു കയ്യും കണക്കുമുണ്ടാകില്ല. പലതും നമ്മൾ തിരിച്ചറിയുന്നില്ലെന്നു മാത്രം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com