ADVERTISEMENT

രണ്ടു മാസമായി ഇന്ത്യ ലോക്സഭാ തിരഞ്ഞെടുപ്പു ബഹളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ഇറാനും യുഎസിനുമിടയിൽ ഉരുണ്ടുകൂടിയ സംഘർഷം മിക്കവാറും മാധ്യമങ്ങളും വിശകലനവിദഗ്ധരും അവഗണിച്ചു. ജിസിസി അംഗങ്ങളായ സൗദി അറേബ്യയും യുഎഇയുമാണ് ഇറാനുമായുള്ള ഉരസലിൽ യുഎസിനു പിന്നിലുള്ളത്. 

2017ൽ അധികാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്,  2015ൽ ഒപ്പുവച്ച ഇറാൻ – യുഎസ് ആണവക്കരാറിനെ ‘എക്കാലത്തെയും മോശപ്പെട്ട വ്യവസ്ഥകളുള്ള കരാർ’ എന്നാണു വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷമാണു ട്രംപ് ഭരണകൂടം കരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറിയതും ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതും. ഉപരോധം മൂലം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാനുള്ള പദ്ധതികളും ഇതിനിടെ യുഎസ് ശക്തമാക്കി.

യുദ്ധക്കൊതിയന്മാരായ മുതിർന്ന ഉപദേശകരെ ട്രംപ് നിയമിച്ചതോടെയാണ് യുഎസ്–ഇറാൻ ബന്ധം ഉലയാൻ തുടങ്ങിയത്. ജോൺ ബോൾട്ടൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റു; മൈക് പോംപെയോ സിഐഎയിൽനിന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെത്തി. ‘ഇറാനെ പിടിച്ചുനിർത്താൻ, ഇറാനിൽ ബോംബിടുക’ എന്ന് ന്യൂയോർക്ക് ടൈംസിൽ 2015ൽ ബോൾട്ടൻ ലേഖനമെഴുതിയിരുന്നു. 

സൗദി അറേബ്യയുടെയും യുഎഇയുടെയും ശക്തമായ എതിർപ്പു വകവയ്ക്കാതെയാണ് 2015ൽ ബറാക് ഒബാമ  ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. ഇതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള യുഎസ് ബന്ധത്തിന്റെ ഗതി മാറി. അധികാരത്തിലെത്തിയ ആദ്യനാളുകൾ മുതൽക്കേ, ഗൾഫ് ബന്ധം പഴയപടിയാക്കാനുള്ള നീക്കങ്ങൾ ട്രംപ് ആരംഭിച്ചിരുന്നു. സ്ഥാനമേറ്റാലുടൻ യുഎസ് പ്രസിഡന്റ് സാധാരണ, യൂറോപ്പിലേക്കാണു പര്യടനം നടത്തുക.

എന്നാൽ, ട്രംപ് നടത്തിയ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലേക്കായിരുന്നു; 2017ന്റെ മധ്യത്തിൽ റിയാദിൽ നടന്ന സുന്നി ഉച്ചകോടിയിൽ പങ്കെടുക്കാൻ. അവിടെ വച്ച് അദ്ദേഹം പഴയ സഖ്യകക്ഷികളുമായി കൈകോർത്തു. മധ്യപൗരസ്ത്യ ദേശത്ത് സുന്നി–ഷിയ കൊമ്പുകോർക്കലിനു തടമൊരുക്കി ഇറാൻ – യുഎസ് സംഘർഷം ഇതോടെ അനിവാര്യമായിത്തീർന്നു.

യുഎസിന്റെ അടുത്ത നീക്കം ചുരുൾനിവർന്നത് ഏപ്രിലിൽ ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയാണ്. യുഎസ് പിന്തുണയോടെ ഗോലാൻ കുന്നുകൾ ഇസ്രയേലിനോടു ചേർത്തു. ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോറിനെ (ഐആർജിസി) ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചു. ഏപ്രിൽ അവസാനത്തോടെ ഡൽഹി സന്ദർശിച്ച യുഎസ് ഡപ്യൂട്ടി അസി. സെക്രട്ടറി, ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കരാർ മേയ് മാസത്തിനുശേഷം പുതുക്കരുതെന്ന് ഇന്ത്യയ്ക്കു നിർദേശം നൽകി. ഗൾഫ് മേഖലയിലേക്കു യുദ്ധവിമാനവാഹിനികൾ അയയ്ക്കുന്നതായി മേയ് 5നു ബോൾട്ടൻ പ്രഖ്യാപിച്ചു. 

രാജ്യത്തെ തീവ്രനിലപാടുകാരുടെയും ട്രംപിന്റെയും ഇടയിൽ നട്ടംതിരിഞ്ഞ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഒടുവിൽ തന്റെ നിലപാടു കടുപ്പിക്കാൻ നിർബന്ധിതനായി. മേയ് എട്ടിന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി: ആണവക്കരാറിലെ ചില വ്യവസ്ഥകൾ പാലിക്കുന്നത് ഇറാൻ അവസാനിപ്പിക്കുന്നു. അധിക സമ്പുഷ്ട യുറേനിയം വിദേശത്തു വിൽക്കണമെന്നും അവ സംഭരിക്കരുതെന്നുമുള്ള കരാറിലെ വ്യവസ്ഥയാണ് ഇറാൻ വേണ്ടെന്നുവച്ചത്. ഇതോടെ അണ്വായുധ പദ്ധതി പുനരാരംഭിക്കുമെന്ന സൂചനയും ഇറാൻ നൽകി. 

യുഎസ് ഉപരോധത്തിൽനിന്ന് ഇറാനെ രക്ഷിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് 60 ദിവസത്തെ സമയമാണു റൂഹാനി നൽകിയത്. യുഎസ് ഉപരോധം മറികടക്കാൻ ഇറാനുമായുള്ള എണ്ണക്കച്ചവടത്തിനു ബാർട്ടർ മാതൃകയിലുള്ള സംവിധാനം ഏർപ്പെടുത്താമെന്ന യൂറോപ്യൻ യൂണിയൻ തീരുമാനം തുടങ്ങിയിടത്തുതന്നെ നിൽക്കുന്ന സാഹചര്യത്തിലാണിത്. 

ചിലപ്പോൾ ഇപ്പോഴത്തെ സംഭവങ്ങൾ ട്രംപിനാവശ്യമായ കരാറിലേക്ക് ഇറാനെ കൊണ്ടുവരാനുള്ള മുന്നൊരുക്കവും ആകാം. പക്ഷേ, അതിലൊരു അപകടമുണ്ട്, ദി ഇക്കണോമിസ്റ്റിന്റെ മുന്നറിയിപ്പുപോലെ, ‘കണക്കുകൾ തെറ്റിപ്പോകാനുള്ള സാധ്യതകൾ’. യുഎസ് വിദേശരാജ്യങ്ങളിൽ നടത്തുന്ന യുദ്ധങ്ങളെ ട്രംപ് മുൻപു നിശിതമായി വിമർശിച്ചിട്ടുള്ളതാണ്. 

നിലവിലുള്ള പ്രസിഡന്റിന് 20 മാസം കൂടി ബാക്കി നിൽക്കെ, മോശം സമ്പദ്ഘടന ഇറാനെ ഭരണമാറ്റത്തിനു നിർബന്ധിക്കുമെന്ന യുഎസ് കണക്കുകൂട്ടൽ തെറ്റിയതായാണു കാണുന്നത്. ഇറാനിലെ മിതവാദികളെയും പരിഷ്കരണവാദികളെയും മൂലയ്ക്കിരുത്തി, തീവ്രനിലപാടുകാരായ പൗരോഹിത്യ നേതൃത്വത്തിനും സൈന്യത്തിനും ഭരണനേതൃത്വത്തിലേക്കു വരാനാണ് യുഎസ് ഉപരോധം അവസരമൊരുക്കുന്നത്. യുഎസ് ഇടപെടലുകൾ ഇറാൻ റവല്യൂഷനറി ഗാർഡ്സിനു (ഐആർജിസി) കൂടുതൽ ശക്തി പകരും. ചൈന–റഷ്യ അച്ചുതണ്ടിലേക്ക് ഇറാൻ കൂടുതൽ അടുക്കുകയും ചെയ്യും. 

ആണവക്കരാറിനു മുൻപേയുള്ള ഉപരോധകാലത്ത് യൂറോപ്പും ജപ്പാനും ഇന്ത്യയും ഇറാനോട് അകലം പാലിച്ചപ്പോൾ അവരുടെ പെട്രോളിയം, പെട്രോളിയം ഇതര വ്യാപാരത്തിന്റെ വലിയൊരു പങ്ക് ചൈന സ്വന്തമാക്കിയിരുന്നു. യുഎസുമായുള്ള വ്യാപാരയുദ്ധം മുറുകുമ്പോൾ ചൈന, ഇറാനെ മുൻനിർത്തിയാകും കളിക്കുക. യുഎസ് ഉപരോധം വകവയ്ക്കാതെ ഇറാനുമായുള്ള എണ്ണക്കച്ചവടം അവർ തുടരും. ‘ഇറാൻ എണ്ണ’യുടെ ഇറക്കുമതിയിൽ ചൈനയാണ് ഒന്നാമത്; ഇന്ത്യ തൊട്ടുപിന്നിലും.

ഇറാനുമേലുള്ള യുഎസ് ഉപരോധം ഇന്ത്യയ്ക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. ചൈനയെപ്പോലെ ഇറാനുമായി ബാർട്ടർ അധിഷ്ഠിത വ്യാപാരസംവിധാനം ഇന്ത്യയ്ക്കില്ല. യുഎസ്–ഗൾഫ് ശക്തികളെ തള്ളിനീക്കി ഇറാനുമായി വ്യാപാരബന്ധം നിലനിർത്താൻ നരേന്ദ്ര മോദി സർക്കാർ ഉത്സാഹം കാട്ടിയതുമില്ല. 

വാസ്തവത്തിൽ, ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ സൗദി അറേബ്യയും യുഎഇയും യുഎസും ചേർന്നു മോദിക്കു ‘വിജയം’ ഉറപ്പാക്കിയിരുന്നു. പാക്കിസ്ഥാൻ പിടികൂടിയ വിങ് കമാൻഡർ അഭിനന്ദനെ മണിക്കൂറുകൾക്കകം തിരികെയെത്തിച്ചത്, അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ യുപിഎക്കെതിരായ അഴിമതിക്കേസിനു ബലം പകരാൻ ക്രിസ്റ്റ്യൻ മിഷേലിനെ യുഎഇ ഇന്ത്യയ്ക്കു കൈമാറിയത് –മോദിക്കു തിരഞ്ഞെടുപ്പിൽ സഹായകരമായ ഈ ഇടപെടലുകളെല്ലാം ഇന്ത്യയെ ഗൾഫിൽ യുഎസ് പക്ഷത്തേക്കു ചേർത്തുനിർത്തി. 

ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ 1.7 കോടി ബാരൽ എണ്ണയാണ് ദിവസവും കടന്നുപോകുന്നത്. ഇറാൻ തടയുമെന്നു ഭീഷണിപ്പെടുത്താറുള്ള ഹോർമുസ് കടലിടുക്ക് ഒഴിവാക്കി, പൈപ് ലൈനുകളിലൂടെയാണു സൗദിയും യുഎഇയും പ്രതിദിനം 65 ലക്ഷം ബാരൽ എണ്ണ കൊണ്ടുപോകുന്നത്. അതിനിടെ, രണ്ടു സൗദി എണ്ണ ടാങ്കറുകൾ ഈ കപ്പൽപാതയിൽ ആക്രമിക്കപ്പെട്ടതായുള്ള അവകാശവാദം ചിലപ്പോൾ വാസ്തവമാകാം. അല്ലെങ്കിൽ, യുഎസിന്റെ സൈനിക ഇടപെടൽ ന്യായീകരിക്കാനാകും. 

എണ്ണ വിതരണത്തിൽ തടസ്സം നേരിട്ടാൽ ഇന്ത്യയെയാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുക. ജിസിസി രാജ്യങ്ങളിലുള്ള 60 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്കിടയിൽ ഇത് ആശങ്ക പരത്തിയിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതി സംരംഭങ്ങളെയും പ്രതികൂലമായി ബാധിക്കും. ഗൾഫിൽ ഒരു പക്ഷത്തേക്ക് അമിതമായി ചാഞ്ഞതുമൂലം വഷളായിത്തീർന്ന നയതന്ത്ര സാഹചര്യമാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.  

(വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന ലേഖകൻ യുഎഇ, ഇറാൻ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയുമായിരുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com