ADVERTISEMENT

ഒരു പുതിയ പൂ വിരിഞ്ഞിട്ടുണ്ട് വാട്സാപ്പിൽ. 400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ പൂക്കുന്ന മഹാമേരു പുഷ്പം എന്ന പേരിലാണ് ചിത്രം കറങ്ങിത്തിരിയുന്നത്. എന്നാൽ, ചിത്രത്തിലുള്ളത് ദക്ഷിണാഫ്രിക്കയുടെ ദേശീയ പുഷ്പമായ ‘കിങ് പ്രോടിയ’ ആണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. Protea Cynaroides എന്നാണു ശാസ്ത്രീയനാമം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ Proteas എന്നു വിളിക്കുന്നതിനു കാരണം ഈ പൂവാണ്.

ജീവികൾ, പൂക്കൾ തുടങ്ങിയവ എല്ലാക്കാലത്തും ‘വ്യാജനിർമിതിക്കാരുടെ’ പ്രിയപ്പെട്ട സംഗതികളാണ്. സ്ത്രീയുടെ രൂപമുള്ള പൂക്കൾ വിരിയുന്ന മരമൊക്കെ സമൂഹമാധ്യമങ്ങളിൽ പൂവിട്ടുതളിർത്ത വലിയ കള്ളത്തരമായിരുന്നു. മൂന്നു തലയുള്ള പാമ്പ് ഇടക്കാലത്ത് ഒരുപാടു കറങ്ങി. നമ്മൾ മനസ്സിലാക്കേണ്ടത്, വളരെ വിചിത്രമായ രൂപമോ സവിശേഷതകളോ ഉള്ള എന്തു കണ്ടാലും അവിശ്വാസത്തോടെയേ കാണാവൂ. ഉറപ്പുവരുത്തിയിട്ടേ ഫോർവേഡ് ചെയ്യാവൂ. 

വ്യാജവെണ്ണ കട്ടുതിന്നുന്നവർ! 

amul
അമുലിന്റെ പരസ്യം എന്ന പേരിൽ ഇറങ്ങിയ വ്യാജ ചിത്രം.

മലയാളിയായ ഡോ. വർഗീസ് കുര്യൻ ഇന്ത്യൻ ധവളവിപ്ലവത്തിന്റെ നായകനാണെന്നു നമുക്കെല്ലാമറിയാമല്ലോ; അദ്ദേഹം ഗുജറാത്തിലെ ആനന്ദിൽ ആരംഭിച്ച അമുൽ എന്ന ബ്രാൻഡിനെക്കുറിച്ചും. അമുലിന്റെ പരസ്യങ്ങൾ കണ്ടു ചിരിച്ചിട്ടുണ്ടാവും നമ്മളെല്ലാം. ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങളെ ആധാരമാക്കിയാവും പിറ്റേന്ന് അമുലിന്റെ പരസ്യം വരിക. രാഷ്ട്രീയവും സിനിമയും സ്പോർട്സുമെല്ലാം അതിൽ വിഷയമാകും. 

ഈയിടെ അമുലിന്റെ എന്ന പേരിൽ ഒരു പരസ്യം സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ചും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമാണു പരസ്യത്തിലുള്ളത്. ഹിന്ദിയിലുള്ള അടിക്കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ: ‘മുതുമുത്തച്ഛൻ തിന്നു, മുത്തശ്ശി തിന്നു, അച്ഛൻ തിന്നു, അമ്മ തിന്നു, വരൂ അനുജത്തീ... നീയും തിന്നൂ, ഭർത്താവിനെയും കൂട്ടിക്കോളൂ...’ 

ദൈനംദിന രാഷ്ട്രീയ സംഭവങ്ങളെ കുസൃതിക്കണ്ണിലൂടെ അവതരിപ്പിക്കുന്ന അമുൽ രീതിവച്ച് ഇതു ശരിയാവുമെന്ന് പലരും കരുതുകയും ഷെയർ ചെയ്യുകയും ചെയ്തു.

ഇതോടെ, അമുൽ തന്നെ നേരിട്ടു രംഗത്തുവന്നു. അമുലിന്റെ കസ്റ്റമർ കെയർ വിഭാഗം ഇങ്ങനെ ട്വീറ്റ് ചെയ്തു: ‘ഇത് വ്യാജ പോസ്റ്റാണ്. അമുൽ ഇത്തരം പരസ്യം ചെയ്തിട്ടില്ല.’ രാഹുലിനെയും പ്രിയങ്കയെയും കഥാപാത്രങ്ങളാക്കി അമുൽ ഇറക്കിയ യഥാർഥ പരസ്യവും അവർ ഷെയർ ചെയ്തു. 

നിഘണ്ടുവിൽ ഇല്ലാത്തത് 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ വൈകിട്ട്  ഒരു ട്വീറ്റ് ചെയ്തു. ഇംഗ്ലിഷ് നിഘണ്ടുവിൽ പുതിയൊരു വാക്കു കൂടി ചേർത്തു എന്നാണ് ട്വീറ്റിൽ പറയുന്നത്.

Modilie എന്നതാണ് ആ വാക്ക്. അർഥം – സത്യം നിരന്തരമായി മാറ്റിക്കൊണ്ടിരിക്കുക, തുടർച്ചയായി നുണ പറയുക, വിരാമമില്ലാതെ നുണ പറയുക എന്നൊക്കെയാണെന്ന് സ്ക്രീൻ ഷോട്ടിൽ വായിക്കാം. ഓക്സ്ഫഡ് ഡിക്‌ഷനറിയുടെ ഓൺലൈൻ പേജാണ് സ്ക്രീൻ ഷോട്ടായി ചേർത്തിട്ടുള്ളത്. 

എന്നാൽ, ഇതു വ്യാജമാണെന്ന് ഓക്സ്ഫഡ് ഇംഗ്ലിഷ് ലിവിങ് ഡിക്‌ഷനറീസ് എന്ന സൈറ്റിൽ പോയി സേർച് ചെയ്താൽ വ്യക്തമാകും. Modilie എന്നൊരു വാക്ക് ആ ഡിക്‌ഷനറിയിൽ ഇല്ല. ഫോട്ടോഷോപ് ചെയ്ത ചിത്രമാണ് രാഹുൽ ട്വീറ്റ് ചെയ്തതെന്നു വ്യക്തം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com