ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. പ്രവചനങ്ങൾ സത്യമായാൽ സംശയമില്ല, ചരിത്രനേട്ടം തന്നെ. എന്നാൽ, അതിനു കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത്  പരീക്ഷണങ്ങൾ. ബിജെപി – എൻഡിഎ പ്രതീക്ഷകൾ എത്രത്തോളം... പി.എസ്. ശ്രീധരൻപിള്ള മനോരമയോട്

കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ചരിത്രനേട്ടത്തിനു തൊട്ടടുത്താണു ബിജെപി എന്നു പ്രവചനങ്ങൾ. യാഥാർഥ്യമാകുമോ.

ലഭിച്ച കണക്കനുസരിച്ച് ഒട്ടേറെ സീറ്റുകളിൽ ജയവും 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ ഇരട്ടിയോളം വോട്ട് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഏറ്റവും കുറഞ്ഞത് 17% വോട്ടും ഒന്നിലേറെ സീറ്റുകളിൽ വിജയവുമാണ് ഞങ്ങളുടെ പ്രതീക്ഷ. ജനപിന്തുണയിൽ ഏറ്റവും വർധനയുണ്ടാക്കാൻ പോകുന്നതു ബിജെപിയായിരിക്കും.

പാർലമെന്റ് സീറ്റിൽ ജയിക്കണമെങ്കിൽ 3 – 3.5 ലക്ഷം വോട്ട് ലഭിക്കണം. കേരളത്തിൽ ബിജെപിക്ക് അതിനു കഴിയുമോയെന്നു സംശയിക്കുന്നവരുണ്ട്.

മൂന്നു ലക്ഷത്തിലേറെ വോട്ട് കിട്ടുന്ന അഞ്ചു മുതൽ ഏഴുവരെ മണ്ഡലങ്ങളുണ്ടാകും. 2004ൽ ഞാൻ പ്രസിഡന്റായിരുന്ന കാലത്താണ് 12.11% എന്ന റെക്കോർഡ് വോട്ട് വിഹിതം ബിജെപിക്കു ലഭിക്കുന്നതും മൂവാറ്റുപുഴയിൽ എൻഡിഎ ജയിക്കുന്നതും. ഇത്തവണ അതിൽനിന്നു മുന്നേറും.

പക്ഷേ, ന്യൂനപക്ഷവോട്ട് കിട്ടാതെ കേരളത്തിൽ ബിജെപിക്ക് എങ്ങനെ വിജയിക്കാൻ കഴിയും.

ന്യൂനപക്ഷവോട്ട് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണു ഞങ്ങൾ. കേരളത്തിലെ രണ്ടു മുന്നണികളും ബിജെപിയെക്കുറിച്ചു ന്യൂനപക്ഷങ്ങൾക്കിടയിൽ വിദ്വേഷവും ഭയാശങ്കയും വിതയ്ക്കുന്നുണ്ട്. ഞാൻ ചെങ്ങന്നൂരിൽ മത്സരിച്ചപ്പോഴെല്ലാം ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ വോട്ട് ലഭിച്ചിട്ടുണ്ട്. ഇത്തവണ, സിപിഎം ഉഴുതിട്ടു വാരിവിതറിയ വിദ്വേഷത്തിന്റെ വിളവെടുപ്പു നടത്തുന്നത് യുഡിഎഫായിരിക്കും എന്നു പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. ന്യൂനപക്ഷ വോട്ട് സമാഹരണത്തിനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ വളരെ വ്യക്തമായിരുന്നു.

അതായത്, യുഡിഎഫിനായിരിക്കും ഈ തിരഞ്ഞെടുപ്പിൽ നേട്ടമെന്നു ബിജെപിയും കരുതുന്നു.

എന്നു ഞാൻ പറയുന്നില്ല. ഫലം ഉടൻ വരാൻ പോകുകയാണല്ലോ. രണ്ടു മുന്നണികളെയും ഒരുപോലെ എതിർക്കുന്ന പാർട്ടിയാണു ബിജെപി. ഒന്നൊന്നിനെക്കാൾ ഏതെങ്കിലും മേഖലയിൽ മെച്ചമാണെന്നു കരുതുന്നില്ല.

2004ലെ 12 ശതമാനത്തിൽനിന്നു പിന്നീടു താഴേക്കു പോയത് താങ്കൾക്കുശേഷം നേതൃത്വത്തിൽ വന്നവരുടെ പരാജയമല്ലേ.

ബിജെപി ഏതെങ്കിലും വ്യക്തിയെ ആശ്രയിച്ച് നേട്ടമോ കോട്ടമോ ഉണ്ടാക്കുന്ന പാർട്ടിയല്ല. പ്രസിഡന്റ് അധ്യക്ഷത വഹിക്കുക, കമ്മിറ്റി തീരുമാനിക്കുക എന്ന അടിസ്ഥാനപ്രമാണത്തിലാണു പ്രവർത്തിക്കുന്നത്. കമ്മിറ്റിയിലെ ഒന്നാമനാണു പ്രസിഡന്റ് എന്നു മാത്രം. 2004ൽ നേട്ടമുണ്ടായി എന്നതിന്റെ പേരിൽ ഞാൻ ഊറ്റംകൊള്ളുന്നില്ല. ആ റെക്കോർഡ് ഇത്തവണ മറികടന്നാൽ അതും പാർട്ടിയുടെ കൂട്ടായ്മയുടെ ഫലമാണ്.

ഇത്തവണ ആ നേട്ടമുണ്ടായാൽ അത് ശബരിമല കാരണമായിരിക്കുമോ.

ബിജെപിയുടെ മുന്നേറ്റത്തിൽ ‘ശബരിമല’യുടെ പങ്കു കുറച്ചുകാണുന്നില്ല. നരേന്ദ്ര മോദി ഭരണം തുടരണമെന്ന മലയാളികളുടെ ആഗ്രഹം നൽകിയ സംഭാവനയും അതിലുണ്ട്. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ അജൻഡ നിർണയിച്ചതു ബിജെപിയാണ് എന്നതാണു വലിയ മാറ്റം. യുവമോർച്ചാ യോഗത്തിൽ ‘സുവർണാവസരമാണ്’ എന്നു പറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ കേസെടുക്കുക വരെ ചെയ്തു.
എന്നാലിപ്പോൾ എ.കെ.ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും കടകംപള്ളി സുരേന്ദ്രനും വരെ ശബരിമല പ്രധാന വിഷയമായെന്നു പറയുന്നില്ലേ. ഞങ്ങളുടെ അജൻഡയെ പ്രതിരോധിക്കാൻ മുന്നണികൾക്കു ശ്രമിക്കേണ്ടിവന്നതു ശുഭോദർക്കമാണ്.

ശബരിമല ഒരു അജൻഡയാക്കി വച്ച് ബിജെപി മുതലെടുത്തുവെന്നു തന്നെയല്ലേ അപ്പോൾ ഉദ്ദേശിക്കുന്നത്.

മുതലെടുത്തോ എന്നൊക്കെ ഫലം വന്നിട്ടു പറയാം. ശബരിമല ഞങ്ങളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അതു ഞങ്ങൾക്കു വിൽപനച്ചരക്കായിരുന്നില്ല. പക്ഷേ, അതിന്റെ പേരിൽ ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനു തീരുമാനിച്ചു രംഗത്തിറങ്ങിയിരുന്നില്ലെങ്കിൽ, അതു കവർന്നുകൊണ്ടുപോകാൻ ഞങ്ങൾ പുറത്താക്കിയ കേരളത്തിനു പുറത്തുള്ള ഒരു നേതാവടക്കം പദ്ധതിയിട്ടിരുന്നു.

തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരുമാണോ ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.

ഇവ കൂടാതെ മറ്റു മണ്ഡലങ്ങളിലും ഞങ്ങൾ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ഈ 3 മണ്ഡലങ്ങളും ജയിക്കുമെന്ന് ഉറപ്പുള്ളതിൽപെടുന്നതാണ്. കേരളത്തിൽ ഹിന്ദുക്കളുടെ പിന്തുണ ഏറ്റവും കൂടുതൽ കിട്ടുന്ന പാർട്ടി സിപിഎമ്മാണല്ലോ. ആ സിപിഎമ്മിനോട് ‘ശബരിമല’യുടെ പേരിൽ അവർ പൊറുക്കില്ലെന്നായിരിക്കും ജനവിധി തെളിയിക്കുക. ഇരിക്കും കൊമ്പ് സ്വയം മുറിക്കുന്ന നേതാക്കന്മാരുടെ പാർട്ടിയായി അതു മാറി. കോൺഗ്രസിന്റെ രാജ്യത്തെ സ്ഥിതി എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നില്ലേ? 

പ്രവീൺ തൊഗാഡിയയെ ആണോ ഉദ്ദേശിക്കുന്നത്.

ആ പേരു ഞാനിപ്പോൾ വെളിപ്പെടുത്തുന്നില്ല. ബിജെപി മാത്രമായി രംഗത്തിറങ്ങിയശേഷം ഹിന്ദുസംഘടനകളും സന്യാസി സമൂഹവുമെല്ലാം ഞങ്ങൾക്കൊപ്പം വന്നു. അജൻഡ നിർണയിക്കുകയാണു കേരള ബിജെപി ചെയ്തത്. ഇടപെടാൻ ആഗ്രഹിച്ച ശക്തികൾക്കു പിന്നെ പ്രസക്തിയേയില്ലാതെ വന്നു.

ചുരുക്കത്തിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നാൽ, അത് അയ്യപ്പന്റെ അനുഗ്രഹമാണ് എന്നല്ലേ.

എന്നു ഞാൻ പറയില്ല. ഞങ്ങളുടെ പാർട്ടിയുടെ വേരുറച്ചതിന് ഇതു മാത്രമല്ല ഘടകം.

ശബരിമല വഴി എൻഎസ്എസ് ബിജെപിയോട് അടുത്തില്ലേ? അവരുടെ പിന്തുണ ഉറപ്പിക്കാറായോ.

എൻഎസ്എസ് സമദൂരത്തിൽ ഉറച്ചുനിന്നു. അതേസമയം, പാർട്ടിക്കു വൻമുന്നേറ്റമുണ്ടാകുന്ന പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം അവരുടെ കലവറയില്ലാത്ത പിന്തുണ ലഭിച്ചു. സംഘടന എന്ന നിലയിൽ എന്തെങ്കിലും നിർദേശം കൊടുത്തോ എന്നതിനെക്കുറിച്ച് അറിവില്ല.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എൽഡിഎഫിനൊപ്പം നിന്ന തിരഞ്ഞെടുപ്പിൽ, ബിഡിജെഎസിനെക്കൊണ്ടു പ്രയോജനമുണ്ടായോ.

നിഷ്പക്ഷ നിലപാടെടുത്തുവെന്നും എൽഡിഎഫിനെ പ്രത്യേകമായി സഹായിച്ചില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിഡിജെഎസിന്റെ പിന്തുണകൊണ്ടു പ്രയോജനമുണ്ടായി എന്നു തന്നെയാണ് അനുമാനം. തിരഞ്ഞെടുപ്പുഫലം വരുമ്പോൾ മറ്റു രണ്ടു മുന്നണികളിലും അന്തഃഛിദ്രങ്ങളുണ്ടാകും. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരുന്നതോടെ, ഇവിടെ ശക്തമാകാൻ പോകുന്നത് എൻഡിഎയായിരിക്കും.

ഫാഷിസ്റ്റുകളെ തടയുമെന്ന നിഷേധാത്മക മുദ്രാവാക്യം മുഴക്കി തിരോധാനത്തിലേക്കു നീങ്ങുകയാണു കമ്യൂണിസ്റ്റ് പാർട്ടികൾ. കേരളത്തിൽ ഹിന്ദുക്കളുടെ ഏറ്റവും കൂടുതൽ പിന്തുണ കിട്ടുന്ന പാർട്ടി സിപിഎമ്മാണല്ലോ. ആ സിപിഎമ്മിനോട് ‘ശബരിമല’യുടെ പേരിൽ അവർ പൊറുക്കില്ലെന്നായിരിക്കും ജനവിധി തെളിയിക്കുക. ഇരിക്കും കൊമ്പ് സ്വയം മുറിക്കുന്ന നേതാക്കന്മാരുടെ പാർട്ടിയായി അതു മാറി. കോൺഗ്രസിന്റെ രാജ്യത്തെ സ്ഥിതി എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നില്ലേ?

കേന്ദ്രത്തിൽ അധികാരത്തിൽ വന്നാലും ഇവിടെ അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ സംസ്ഥാനനേതൃത്വത്തിന്റെ പരാജയമാകില്ലേ.

ഒരിക്കലും അങ്ങനെ കരുതാൻ കഴിയില്ല. പ്രസ്ഥാനത്തിന്റെ ജനപിന്തുണയുടെ അളവുകോൽ സീറ്റിന്റെ എണ്ണം മാത്രമല്ലല്ലോ. കേരളത്തിൽ പാർട്ടിക്ക് ഏറ്റവുമധികം വോട്ട് കിട്ടുന്ന പാർലമെന്റ് തിരഞ്ഞെടുപ്പായി ഇതു മാറും. ഒരു മണ്ഡലത്തിൽ ജയിക്കുന്നതിനായി എന്തെങ്കിലും മാജിക് കാട്ടാൻ ഏതെങ്കിലും ഒരു നേതാവിനു കഴിയുമോ? ഇരുമുന്നണികൾക്കിടയിലൂടെ മുളപൊന്തിച്ചു മുന്നോട്ടുവരാൻ ബിജെപിക്കു സാധിച്ചില്ലേ.

നിലപാടുകളുടെയും പ്രതികരണങ്ങളുടെയും കാര്യത്തിൽ മലക്കംമറിയുന്ന നേതാവെന്ന ആക്ഷേപം താങ്കൾക്കെതിരെ ഉയർന്നതിനെക്കുറിച്ച്...

ശബരിമല സമരത്തിനു നേതൃത്വം കൊടുക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് അനിവാര്യമായും നേരിടാൻ ബാധ്യസ്ഥമായ സന്ദർഭങ്ങളും വിമർശനങ്ങളുമാണ് അതിലടങ്ങുന്നത്. ശബരിമലസമരം ഇടിത്തീപോലെ പതിച്ച ചില രാഷ്ട്രീയമേഖലകളുണ്ട്. അവർ അതിശക്തരാണ്. അവർക്കു പലതും ചെയ്യാൻ കഴിയും.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന അധ്യക്ഷസ്ഥാനത്തു തുടരാമെന്ന ആത്മവിശ്വാസമുണ്ടോ.

അതെല്ലാം പാർട്ടി തീരുമാനിക്കേണ്ട കാര്യമല്ലേ. പാർട്ടി എന്നെ വളർത്താൻ പറ്റുന്നിടത്തോളം വളർത്തിയിട്ടുണ്ട്. രണ്ടു തവണ സംസ്ഥാന പ്രസിഡന്റായി. പാർട്ടിക്ക് ആവശ്യമായ ഘട്ടത്തിൽ ഈ ജോലിയേൽപിച്ചു. അത് അത്മാർഥതയോടെ നിർവഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com