ADVERTISEMENT

ഓരോ കാലത്തെയും പ്രധാനമന്ത്രിമാരുടെ കാഴ്ചപ്പാടിനും താൽപര്യങ്ങൾക്കും അനുസരിച്ചു രൂപീകരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അഥവാ പിഎംഒ. ഇതിന് നിയതമായ രൂപമോ ചട്ടക്കൂടോ ഇല്ല. ഓഫിസിൽ ആരൊക്കെ വേണം, അവരെന്തൊക്കെ ചെയ്യണം എന്നെല്ലാം നിശ്ചയിക്കുന്നതു പ്രധാനമന്ത്രിയാണ്. ഓരോ പ്രധാനമന്ത്രിയുടെയും പ്രവർത്തന ശൈലിക്കു യോജിച്ച തരത്തിലായിരിക്കും ഓഫിസ്. അനൗപചാരിക കീഴ്‍വഴക്കങ്ങളുണ്ടെങ്കിലും ഓഫിസ് ക്രമീകരിക്കുമ്പോൾ അതു പിന്തുടരേണ്ട ബാധ്യത പ്രധാനമന്ത്രിക്കില്ല. 

പ്രധാനമന്ത്രിയെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ‌ സഹായിക്കുകയാണ് പിഎംഒയുടെ ദൗത്യം. എക്സിക്യൂട്ടീവ് അധികാരങ്ങൾ ഏറ്റവുമധികം നിക്ഷിപ്തമാണെങ്കിലും ഭരണഘടനയുടെ കീഴിൽ നിന്നു മാത്രമേ പ്രധാനമന്ത്രിക്കും ഓഫിസിനും പ്രവർത്തിക്കാനാവൂ. 

അധികാര കേന്ദ്രം

പുതിയ സർക്കാർ രൂപീകരിക്കുന്ന സമയത്ത് രാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഒഴിച്ചുനിർത്തിയാൽ, ബാക്കിയെല്ലാ കാര്യങ്ങളിലും അധികാരം മന്ത്രിസഭയ്ക്കോ പിഎംഒയ്ക്കോ ആണ്. രാഷ്ട്രപതിയുടെ പേരിലിറങ്ങുന്ന ഉത്തരവുകളും മന്ത്രിസഭയുടെയോ പ്രധാനമന്ത്രിയുടെയോ ശുപാർശ അനുസരിച്ചായിരിക്കും. മന്ത്രിസഭ കൂടാൻ കഴിയാത്ത സാഹചര്യത്തിൽ പദ്ധതികൾ പ്രഖ്യാപിക്കാനും മറ്റ് ഉത്തരവുകൾ ഇറക്കാനും പിഎംഒയ്ക്ക് അധികാരമുണ്ട്. 

മുൻപ് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നിയോഗിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഓഫിസിന്റെ മുഖ്യ ചുമതലക്കാരൻ. പ്രിൻസിപ്പൽ സെക്രട്ടറിക്കു താഴെ സെക്രട്ടറി/ അഡീഷനൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, അണ്ടർ സെക്രട്ടറിമാർ എന്നിവരടങ്ങിയ വിപുലമായ സംവിധാനമുണ്ട്.

സാധാരണഗതിയിൽ 300 ലധികം ജീവനക്കാർ പ്രധാനമന്ത്രിയുടെ ഓഫിസിലുണ്ടാകും. പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട് ജോയിന്റ് സെക്രട്ടറിമാരുടെ കീഴിൽ ഉപവിഭാഗങ്ങളുമുണ്ടാകും. ഇവ വിവിധ മന്ത്രാലയങ്ങളുമായി ചേർന്നാകും പ്രവർത്തിക്കുക. കാബിനറ്റ് സെക്രട്ടേറിയറ്റും മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസും തമ്മിലുള്ള ഏകോപനമാണ് രാജ്യഭരണത്തിന്റെ കാതൽ. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെടുന്നതും സാധാരണ പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണ്.

പ്രധാനി പ്രിൻസിപ്പൽ സെക്രട്ടറി

ഓഫിസിന്റെ ചുമതല വഹിക്കുന്നുണ്ടെങ്കിലും പ്രിൻസിപ്പൽ സെക്രട്ടറി വേണ്ടെന്നു പോലും പ്രധാനമന്ത്രിക്കു നിശ്ചയിക്കാം; ഒന്നിലധികം പ്രിൻസിപ്പൽ സെക്രട്ടറിമാരെ നിയോഗിക്കുകയും ചെയ്യാം. രാജീവ് ഗാന്ധിയുടെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയുണ്ടായിരുന്നില്ല. പകരം സെക്രട്ടറി എന്ന തസ്തികയിലുള്ളയാൾക്കായിരുന്നു ഓഫിസിന്റെ ചുമതല.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിയമനം, കാലാവധി തുടങ്ങിയ കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നതു പ്രധാനമന്ത്രിയാണ്. സാധാരണ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ് ഈ സ്ഥാനത്തു വരുന്നത്. ഐഎഫ്എസ് ആയിരുന്ന വ്യക്തിയും പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടുണ്ട്. നിയമനത്തിനു ശേഷം മന്ത്രിസഭയുടെ അംഗീകാരം വാങ്ങുകയാണു പതിവ്.

വിവിധ മന്ത്രാലയങ്ങൾ, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയിൽ നിന്നു പ്രധാനമന്ത്രിക്ക് അയയ്ക്കുന്ന എഴുത്തുകുത്തുകൾ പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണു പോകുന്നത്. ഗവർണർമാരുടെ നിയമനം പോലെയുള്ള വിഷയങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി കാണാറില്ല. കാബിനറ്റിനു മുൻപ് അതതു മന്ത്രാലയങ്ങളിൽ നിന്നുള്ള ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണു പ്രധാനമന്ത്രിക്കെത്തുന്നത്.

ഭരണപരമായ കാര്യങ്ങളിൽ പ്രധാനമന്ത്രി അതതു വകുപ്പു മന്ത്രിമാരെയോ സെക്രട്ടറിമാരെയോ വിളിക്കാറുണ്ട്. ചിലപ്പോൾ ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിക്കും. കാബിനറ്റ് റാങ്കുള്ള മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരുമാണ് സാധാരണ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലും ഔദ്യോഗിക വസതിയിലും കാബിനറ്റ് യോഗം നടത്താനുള്ള സൗകര്യമുണ്ട്. 

കാബിനറ്റിന്റെയും കാബിനറ്റ് കമ്മിറ്റിയുടെയും യോഗങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ ശൈലിയുടെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമായി മാറും.

പ്രധാനപ്പെട്ട ഉന്നതതല യോഗങ്ങളിലെല്ലാം പ്രിൻസിപ്പൽ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും പങ്കെടുക്കും. മറ്റ് സെക്രട്ടറിമാരെ ആവശ്യമുണ്ടെങ്കിൽ വിളിച്ചുവരുത്തും. സർക്കാരിന്റെ പ്രധാന പദ്ധതികളുടെ പ്രാരംഭചർച്ചകൾ സാധാരണ നടക്കുന്നതു പ്രധാനമന്ത്രിയുടെ ഓഫിസിലാണ്. പിന്നീട് കാബിനറ്റ് സെക്രട്ടറിക്കോ അതതു വകുപ്പുകൾക്കോ കൈമാറുകയാണു പതിവ്. 

ഒറ്റവാക്കിൽ ‘സംയോജനം’ 

ഔപചാരിക ചർച്ചകൾ പോലെതന്നെ പ്രധാനമാണ് അനൗപചാരിക ചർച്ചകളും. ഇത്തരം ചർച്ചകൾക്കു ശേഷമാണു  പലപ്പോഴും പ്രധാനനയങ്ങളും പദ്ധതികളും ഔദ്യോഗികമായി തീരുമാനിച്ചു പ്രഖ്യാപിക്കുന്നത്. മന്ത്രാലയങ്ങളിൽ വിശദപഠനത്തിനും ചർച്ചയ്ക്കും ശേഷമാണ് ഫയലുകൾ പ്രധാനമന്ത്രിയുടെ ഓഫിസിലെത്തുന്നത്.

അതു പൂർണമായി നിരാകരിക്കുന്ന രീതിയില്ല. വിയോജിപ്പു രേഖപ്പെടുത്തേണ്ട സാഹചര്യവും അപൂർവമാണ്. അഭിപ്രായ ഭിന്നതകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയങ്ങളുമായോ അല്ലെങ്കിൽ, പ്രധാനമന്ത്രിതന്നെ ബന്ധപ്പെട്ട മന്ത്രിമാരുമായോ ചർച്ച നടത്തുകയാണു പതിവ്. ചുരുക്കത്തിൽ, വിവിധ വശങ്ങളുള്ള രാജ്യഭരണകാര്യങ്ങൾ സംയോജിപ്പിച്ച് ഭരണം സുഗമമായി നടത്താനുള്ള ഔദ്യോഗിക സംവിധാനമാണ് പ്രധാനമന്ത്രിയുടെ ഓഫിസ്.

(മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ. നായരോടു സംസാരിച്ച് ജിക്കു വർഗീസ് ജേക്കബ് തയാറാക്കിയത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com