ADVERTISEMENT

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ ദേശീയ രക്ഷാധികാരി ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതു നന്നായി എന്ന് ഏതെങ്കിലും പാർട്ടിക്കാർ കരുതുമോ? ദേശീയ നേതാവ് തോറ്റ വാർത്തയറിഞ്ഞ്, ആശ്വാസമായി എന്നു നെടുവീർപ്പിട്ടത് ഏതെങ്കിലും ഒരു പാർട്ടിക്കാരനല്ല; പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഒന്നിച്ചാണ്. ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ദേശീയ രക്ഷാധികാരി ശരദ് യാദവിന്റെ ബിഹാറിലെ മധേപുര മണ്ഡലത്തിലെ പരാജയമാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് താൽക്കാലിക ആശ്വാസം നൽകുന്നത്. കാരണം ശരദ് യാദവ് ജയിച്ചിരുന്നെങ്കിൽ എൽജെഡി ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കേണ്ടി വരുമായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ മധേപുര മണ്ഡലത്തിൽ ആർ‍ജെഡിയുടെ ചിഹ്നത്തിലാണു ശരത് യാദവ് മൽസരിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം ആർജെഡിയിൽ ലയിക്കാമെന്ന ഉറപ്പിലായിരുന്നു ഈ നീക്കം. യുപിഎയുടെ ഭാഗമായ ആർജെഡിയിൽ ലയിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇടതുമുന്നണിയിൽ അംഗമായ എൽജെഡിയുടെ കേരളഘടകത്തെ പല തട്ടിലാക്കി.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാതെ പ്രത്യേക പാർട്ടിയായി നിൽക്കണമെന്നായി ഒരു വിഭാഗം. ജനതാദളി (എസ്) ലേക്കു മടങ്ങിപ്പോകണമെന്ന് ആഗ്രഹമുള്ള ചില നേതാക്കൾ ചർച്ചവരെ തുടങ്ങി. ലയിക്കാനാണെങ്കിൽ ആർജെഡിയെക്കാൾ നല്ലതു സമാജ്‌വാദി പാർട്ടിയാണെന്നു ചിലർ. ഏതായാലും ആർജെഡിയിലേക്കു പോകേണ്ടെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.തിരഞ്ഞെടുപ്പിൽ ശരദ് യാദവ് തോറ്റതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം ഒറ്റയടിക്കു പരിഹാരമായി.

ദേശീയ നേതാവ് തോറ്റതു കൊണ്ട് എൽജെഡി ആയിത്തന്നെ തുടരാമെന്ന ആശ്വാസമാണു തിരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന‍ സംസ്ഥാനസമിതി യോഗത്തിൽ നേതാക്കൾ പങ്കുവച്ചത്. ദേശീയ അധ്യക്ഷൻ അമേഠിയിൽ പരാജയപ്പെട്ടതിൽ സന്തോഷിക്കുന്ന ചില കോൺഗ്രസുകാരും കോഴിക്കോട്ടുണ്ട്. അതു പക്ഷേ, രാഹുൽ ഗാന്ധി രാജിവച്ചാൽ വയനാട് സീറ്റിനായി സ്ഥാനാർഥിക്കുപ്പായം തയ്പ്പിച്ചവരെ ഓർത്താണെന്നു മാത്രം.

പാർട്ടി വരും പോകും, മണ്ണൊലിച്ചു പോയാലോ?

ഏതു രാഷ്ട്രീയക്കാരനും പാ‍ർട്ടിയിൽനിന്നുള്ള പുറത്താക്കൽ നഷ്ടക്കച്ചവടമാണ്. എന്നാൽ, കോൺഗ്രസിൽനിന്നുള്ള പുറത്താക്കൽ എ.പി.അബ്ദുല്ലക്കുട്ടിക്ക് ഇപ്പോഴേ ലാഭക്കച്ചവടമാണ്. ഒന്നും രണ്ടുമല്ല, ലക്ഷങ്ങളാണു ലാഭം. ചെറുതായെങ്കിലും ഒരു റിയൽ എസ്റ്റേറ്റ് ബൂം സംഭവിച്ചാൽ അതു ചിലപ്പോൾ കോടി വരെയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അബ്ദുല്ലക്കുട്ടി ഒരു പ്രഖ്യാപനം നടത്തിയിരുന്നു – പ്രളയദുരിതബാധിതർക്കു വീടു വച്ചുകൊടുക്കുന്ന കെപിസിസി പദ്ധതിയിലേക്ക് തന്റെ വകയായി 15 സെന്റ് സ്ഥലം നൽകാം.
കോൺഗ്രസിൽ സ്ഥാനാർഥിനിർണയ ചർ‌ച്ചകൾ മുറുകുന്നതിനിടയിലാണ് ഈ പ്രഖ്യാപനമുണ്ടായത് എന്നതു യാദൃച്ഛികമാവാം. എന്നാൽ, പ്രഖ്യാപനം സീറ്റ് ലക്ഷ്യമിട്ടു തന്നെയെന്നു ചില പ്രവർത്തകർ നേതാക്കളോടു പറഞ്ഞത്രേ. പക്ഷേ, പ്രഖ്യാപനം നേതാക്കൾ കയ്യടിച്ചു പാസാക്കി. മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അബ്ദുല്ലക്കുട്ടിയെ രഹസ്യമായി വിളിച്ചുപറഞ്ഞു. സ്ഥലമായിട്ടു തന്നിട്ടു കാര്യമില്ല, അതു വിറ്റു കാശായിട്ടു തന്നാലേ വീടു വച്ചുകൊടുക്കാൻ പറ്റൂ. സ്ഥാനാ‍ർഥിയായി പരിഗണനാപ്പട്ടികയിൽപോലും ഇല്ലാതായതോടെ അബ്ദുല്ലക്കുട്ടി സ്ഥലം വിൽക്കാനൊന്നും പോയില്ല.

ഇതിനിടെയാണു മോദിയെ പുകഴ്ത്തിയതും പാർട്ടിക്കു പുറത്തായതും. പുറത്തായ അബ്ദുല്ലക്കുട്ടി സ്ഥലംവിറ്റു പണം തന്നാലും വേണ്ടെന്നാണു നേതൃത്വത്തിന്റെ നിലപാട്.
‘അതെന്താ എന്റെ സ്ഥലം ഏറ്റെടുത്താൽ’ എന്നു ചോദിച്ച് കെപിസിസിക്ക് അബ്ദുല്ലക്കുട്ടി ഒരു ഇമെയിലും അയച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ പോകുന്നൊന്നുമില്ലെന്നറിയാം. എന്നാലും വാക്കു മാറിയെന്നു പറയരുതല്ലോ.

എന്തിനാണു വേണ്ടാത്ത ഫെയ്സ്ബുക് പണിയൊക്കെ ഒപ്പിച്ചത്, പുനഃസംഘടന വരുമ്പോൾ വല്ല കെപിസിസി സെക്രട്ടറിയൊക്കെ ആക്കില്ലായിരുന്നോ എന്നു ചോദിച്ച് അബ്ദുല്ലക്കുട്ടിയെ ഇപ്പോഴും ചില നേതാക്കൾ വിളിക്കുന്നുണ്ട്. അടുത്തകാലത്തൊന്നും നടക്കാത്ത പുനഃസംഘടനയുടെ പേരിൽ നഷ്ടം സഹിച്ചു നിൽക്കുന്നതിനെക്കാൾ കയ്യിലിരിക്കുന്ന മണ്ണ് പോകാതെ കാക്കുന്നതല്ലേ ലാഭമെന്ന് അബ്ദുല്ലക്കുട്ടി ചിന്തിച്ചിരിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com