sections
MORE

കല+കലാപം=കർണാട്; കരുത്തായത് സ്വതന്ത്രചിന്ത

girish-karnad
ഫാഷിസ്റ്റുകളുടെ തോക്കിനിരയായ ഗൗരി ലങ്കേഷിന്റെ ചരമവാർഷിക ത്തിന് ‘ഞാനും അർബൻ നക്സലാണ്’ എന്ന ബോർഡ് കഴുത്തിൽ തൂക്കി എത്തിയ ഗിരീഷ് കർണാട്. അവസാന നാളുകളിൽ ബെംഗളൂരുവിലെ പൊതുവേദികളിൽ ഓക്സിജൻ സിലിണ്ടറും ട്യൂബുമായാണ് കർണാടിനെ കണ്ടിട്ടു ള്ളത്. ശ്വാസകോശസംബന്ധമായ അസുഖമുള്ളതിനാൽ ട്യൂബിലൂടെയായിരുന്നു ശ്വസനം.
SHARE

‘ടെലിവിഷൻ വന്നതോടെ ജോലികഴിഞ്ഞു തളർന്നു വീട്ടിലെത്തിയ മധ്യവർഗം വീട്ടിലേക്കൊതുങ്ങിക്കൂടി. നഗരം വളർന്നതോടെ ഗതാഗതം വലിയ പ്രശ്നമായി.രണ്ടു മണിക്കൂർ യാത്ര ചെയ്ത് ഒന്നര മണിക്കൂറുള്ള നാടകം കാണാൻ ജനത്തിനു മടിയായി.

എങ്കിലും നാടകമെഴുത്തു തന്നെയാണ് എന്റെ ആവേശം. ഞാൻ എന്നെ എഴുതുന്നതു നാടകത്തിലാണ്. അഭിനയവും സംവിധാനവും എഴുത്തും വിവർത്തനവുമെല്ലാം എനിക്ക് എളുപ്പമുള്ള ജോലിയായതുകൊണ്ട് ചെയ്യുന്നുവെന്നു മാത്രം...’ 

ഗിരീഷ് കർണാട് കയറിയിരുന്നത് ആധുനിക ഇന്ത്യൻ നാടകവേദിയുടെ സിംഹാസനത്തിലാണ്. പ്രബുദ്ധമായ ജീവിതത്തിൽ അരങ്ങിനെ സമകാലിക ജീവിതത്തിന്റെ സംഘർഷഭൂമിയിലേക്ക് കർണാട് കൈപിടിച്ചു കൊണ്ടുവന്നു.

പുരുവിന്റെ യൗവനം തന്റേതാക്കി മാറ്റിയ യയാതിയെപ്പോലെ എതിർശബ്ദങ്ങളുയർത്തി ജീവിതം മുഴുവൻ യൗവനം കാത്തുസൂക്ഷിച്ചു. കല നിറഞ്ഞും  പൂത്തും നിന്ന ഒരു ജീവിതം. നാടകവേദിയുടെ വീഴാതെ നിന്ന കർട്ടൻ... അതൊക്കെയായിരുന്നു ഗിരീഷ് കർണാട്.

ചരിത്രവും ഐതിഹ്യവും പുരാണങ്ങളും കർ‍ണാട് നാടകത്തിന്റെ പ്രമേയങ്ങളാക്കി.അതിൽ ആധുനികതയുടെ തിരനോട്ടങ്ങൾ നടത്തി.വ്യവസ്ഥകളോടു കലഹിച്ചു.

അസാമാന്യമായ സൗന്ദര്യമുണ്ടായിട്ടും സിനിമയിലെ നിരന്തര പ്രലോഭനങ്ങളെ നാടകം പറഞ്ഞ് അതിജീവിക്കാൻ കർണാടിനു കഴിഞ്ഞു. സിനിമ വിളിച്ചപ്പോഴെല്ലാം ഓടിയെത്തി. സിനിമ ചെയ്തപ്പോൾ അതിൽ നാടകം കലരാതെ സ്ക്രീൻ മാജിക് പുറത്തെടുത്ത പ്രതിഭയായിരുന്നു അദ്ദേഹം.

 അച്ഛൻ എന്ന  വിപ്ലവകാരി 

മൂകാംബികയ്ക്കടുത്ത് സിർസിയിലായിരുന്നു ഗിരീഷിന്റെ ബാല്യം. മലേറിയ മേഖലയിൽ ഡോക്ടറായിരുന്നു പിതാവ് ഡോ.രഘുനാഥ് കർണാട്. അമ്മ കൃഷ്ണഭായ് മണിക്കർ നഴ്സായിരുന്നു.

വിധവയും ഒരു കുട്ടിയുടെ അമ്മയുമായ കൃഷ്ണഭായ് മണിക്കറെ വിവാഹം കഴിക്കാൻ ആർജവം കാണിച്ച അച്ഛന്റെ നിലപാടുകളുടെ ദൃ‍‍‍ഢത ഗിരീഷിനും ലഭിച്ചു.

നാൽപതുകളിലെ ഇന്ത്യ. വൈദ്യുതി കടന്നുചെല്ലാത്ത നാട്. അവിടെ യക്ഷഗാനവും മറാഠി നാടകങ്ങളും കണ്ടുവളർന്ന ഗിരീഷ് പതിനാലാം വയസ്സിലാണ് ധാർവാഡിൽ എത്തുന്നത്. എന്തിനും ഒരു ‘ലോജിക്’ ഉണ്ടായത് ഗണിതശാസ്ത്രം പഠിച്ചതുകൊണ്ടാണെന്നാണ് ഗിരീഷിന്റെ ന്യായം.

റോഡ്സ് സ്കോളർഷിപ് കിട്ടി ലണ്ടനിലേക്ക് കപ്പലിലാണു പഠിക്കാൻ പോയത്. മൂന്നാഴ്ചത്തെ കപ്പൽയാത്രയിൽ വായിച്ചതാണ് സി.രാജഗോപാലാചാരിയുടെ മഹാഭാരതം. യയാതി എന്ന ആദ്യ നാടകം ഗിരീഷ് കർണാട് ആസ്വാദകർക്കു മുന്നിലേക്കെത്തിക്കുമ്പോൾ വയസ്സ് 23 മാത്രം.

യയാതി എഴുതിയതല്ല, കാതിലേക്ക് ഓരോ സംഭാഷണവും പറഞ്ഞുതന്നതു പോലെയായിരുന്നുവെന്നാണു കർണാടിന്റെ നിരീക്ഷണം.

ഭാഷകളിൽ അപാരമായ പ്രാവീണ്യമായിരുന്നു കർണാടിന്. മുംബൈയ്ക്കടുത്തുള്ള ഹിൽസ്റ്റേഷനായ മാഥെരണിലാണു ജനനം. അവിടെ കൊങ്കണിയും പ്രധാന ഭാഷയായിരുന്നു. എന്നാൽ, കന്നഡയാണു കർണാടിന്റെ സ്വത്വം. ഇംഗ്ലിഷിലാണ് കർണാടിന്റെ ശ്രദ്ധേയമായ വിവർത്തനങ്ങളെല്ലാം.

യയാതിയുടെ   യൗവനം 

യയാതിയിൽ നിന്ന് തുഗ്ലക്കിലെത്തിയപ്പോൾ ഗിരീഷ് കർണാട് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ഡോ. യു.ആർ.അനന്തമൂർത്തിയാണു തുഗ്ലക്കിന്റെ അവതാരിക എഴുതിയത്. 

1964ൽ നെഹ്റു മരിച്ച വർഷം തുഗ്ലക് അരങ്ങിലെത്തി. താനുൾപ്പെട്ട തലമുറയുടെ ശിഥിലമായ സ്വാതന്ത്ര്യസ്വപ്നങ്ങളാണു തുഗ്ലക്കിലൂടെ കർണാട് ആവിഷ്കരിച്ചത്; 1947ൽ നിന്ന് 1964 വരെ ഇന്ത്യൻ രാഷ്ട്രീയത്തിനു സംഭവിച്ച അപചയങ്ങൾ.

നാടകവേദിയെക്കുറിച്ചുള്ള ധാരണ, എഴുത്തിന്റെ മുറുക്കം, ഉദ്വേഗജനകമായ രംഗങ്ങൾ... ഗിരീഷ് കർണാട് രംഗവേദിയിൽ കയ്യൊപ്പിട്ടു കഴിഞ്ഞു അപ്പോഴേക്കും. ഒരു നാടകമെഴുതിയാൽ 200 വർഷത്തേക്കു വായിക്കപ്പെടണം എന്നാണ് ഗിരീഷ് സഹൃദയരോടു പറഞ്ഞത്. 

ഗിരീഷ് ഒരിക്കലും തന്റെ രാഷ്ട്രീയം പ്രകടിപ്പിച്ചിട്ടില്ല, തന്റെ രാജ്യസ്നേഹവും എന്നാണ് സുഹൃത്തിനെക്കുറിച്ച് എഴുത്തുകാരനായ രാമചന്ദ്ര ഗുഹ എഴുതിയത്. ഫാഷിസ്റ്റ് ശക്തികളോടു ഗിരീഷ് നിരന്തരം ചെറുത്തുനിന്നു. ഗുജറാത്ത് കൂട്ടക്കൊലയ്ക്കെതിരെ  രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചപ്പോൾ മുന്നിൽനിന്നത് ഗിരീഷായിരുന്നു.  

 ‍പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറാകുന്ന സിവിൽ സർവീസ് രംഗത്തു നിന്നല്ലാത്ത ആദ്യത്തെ ആളും ഗിരീഷ് കർണാടാണ്. ഗിരീഷിനെതിരെ അന്നു സമരത്തിനിറങ്ങിയ നസറുദീൻ ഷായെ ശ്യാം ബെനഗൽ ചിത്രത്തിലേക്കു നിർദേശിച്ചതും ഗിരീഷ് തന്നെ.

കന്നഡ സിനിമയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്ത സംസ്കാര, ഗിരീഷിന്റെ തിരക്കഥയാണ്. ഇതിൽ പ്രധാന നടനുമായിരുന്നു. ‘വംശവൃക്ഷ’യാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. ബി.വി.കാരന്തിനൊപ്പമാണ് ഈ ചിത്രം ചെയ്തത്. ശ്യാം ബെനഗലുമായി ഒരുപിടി ചിത്രങ്ങൾ ചെയ്തു. നിഷാന്തും ഉത്സവും കലിയുഗും ഹിന്ദിസിനിമയ്ക്കു മറക്കാൻ കഴിയില്ല.

ടെലിവിഷൻ ഇന്ത്യയെ കീഴടക്കിയപ്പോൾ ഗിരീഷ് കർണാട് അവിടെയും പ്രതിഭ തെളിയിച്ചു. ആർ.കെ.നാരായണന്റെ മാൽഗുഡി ഡേയ്സ് ടിവി പരമ്പരയായപ്പോഴായിരുന്നു അത്. സൽമാൻ ഖാന്റെ ബ്ലോക്ക്ബസ്റ്റർ ‘ഏക് ദാ ടൈഗർ’, ടൈഗർ സിന്ദ ഹൈ’ എന്നീ ചിത്രങ്ങളിലൂടെ മുഖ്യധാരയിലും മിന്നി.

മലയാളത്തിൽ‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘പ്രിൻസി’ൽ മോഹൻലാലിന്റെ അച്ഛന്റെ വേഷം. ഭരതൻ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന ചിത്രത്തിലെ അപ്പുമേനോൻ കാർത്തികയ്ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന പാട്ടുസീൻ ഒരു ദൂരദർശൻ ചിത്രഗീതം പോലെ സുന്ദരം.

വിവാദങ്ങൾ എന്നും കർണാടിനൊപ്പം നടന്നു. ടഗോർ നിലവാരമില്ലാത്ത എഴുത്തുകാരനാണെന്നായിരുന്നു ആദ്യകാല വിമർശനം. ഇന്ത്യൻ മുസ്‍ലിംകളെക്കുറിച്ചുള്ള, നൊബേൽ സമ്മാന ജേതാവ് വി.എസ്. ന‌യ്പോളിന്റെ  കാഴ്ചപ്പാടിനെ പരസ്യമായി എതിർത്തു. 

എന്റെ മൃതദേഹത്തിൽ റീത്തുകൾ അർപ്പിക്കരുത്. ട്രാഫിക് ബ്ലോക്കുണ്ടാക്കാൻ മൃതദേഹം പൊതുദർശനത്തിനു വയ്ക്കരുത്. രാഷ്ട്രീയക്കാർ കഴിവതും ഇതുവഴി വരരുത് – സ്വന്തം മരണത്തെ എങ്ങനെ കാണണമെന്നുപോലും വ്യക്തമായ ധാരണയുണ്ടായിരുന്നു ഗിരീഷ് കർണാടിന്. ആചാരവെടിയുടെ മുഴക്കമില്ല ഈ അന്ത്യയാത്രയ്ക്ക്. 

പുരോഗമനം, സ്വതന്ത്രചിന്ത: കർണാടിന്റെ കരുത്ത്: ഹെഗ്ഗോഡു പ്രസന്ന

നാടകകൃത്തായ ജി.ബി. ജോഷിയെയും വിമർശകനായ കീർത്തിനാഥ് കുർത്ത്കോടിയെയും പോലുള്ളവരുമായുള്ള അടുപ്പം ഗിരീഷിനു സാഹിത്യലോകത്തേക്കു വഴിതുറന്നു. ഇംഗ്ലിഷിലുള്ള പ്രാവീണ്യവും നാടോടി പാരമ്പര്യങ്ങളോടുള്ള ഇഷ്ടവും ഒരേസമയം അദ്ദേഹത്തിന്റെ നാടകങ്ങളിൽ പ്രതിഫലിച്ചു.

‘നാഗമണ്ഡല’യിലും ‘ഹയവദന’യിലുമൊക്കെ ഇതു വ്യക്തമാണ്. ശക്തമായ ഘടനയാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ പ്രത്യേകത. ‘തുഗ്ലക്’ പോലുള്ള രചനയ്ക്കു ലഭിച്ച സ്വീകാര്യതയ്ക്കു പിന്നിലും ഇതുതന്നെ. 

ഗിരീഷിന്റെ ‘ഫയർ ആൻഡ് റെയിൻ’ എന്ന നാടകം ഡൽഹിയിലെ നാഷനൽ റിപ്പർട്ടറിയിലും, ‘തുഗ്ലക്’ ലണ്ടനിൽ നടന്ന ആദ്യ ഇന്ത്യാ ഫെസ്റ്റിവലിലും ഞാൻ അവതരിപ്പിക്കുകയുണ്ടായി. കന്നട നവപാരമ്പര്യ നാടകസമ്പ്രദായത്തിലെ പരിഷ്കരണവാദിയായ ഗിരീഷ് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി അവസാനം വരെയും നിലകൊണ്ടു. വിമർശനങ്ങളിൽ പതറാതെ മുന്നേറി. 

(ഗാന്ധിതത്വങ്ങളെ അടിസ്ഥാനമാക്കി ഒട്ടേറെ നാടകങ്ങളെഴുതിയിട്ടുണ്ട് ഹെഗ്ഗോഡു പ്രസന്ന
. 1992ൽ അയോധ്യാ പ്രശ്നത്തിനു ശേഷം അവതരിപ്പിച്ച ‘ഗാന്ധി’ എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA