sections
MORE

കാഴ്ചയുടെ കർണാടനുഭൂതി

karnad
SHARE

ജീവിതത്തിൽ ഒരുപാടു വേഷങ്ങളാടിയിട്ടുണ്ടെങ്കിലും ഗിരീഷ് കർണാടിനെ വരുംതലമുറ ഓർക്കുക ഏറ്റവും മികച്ച ആധുനിക ഇന്ത്യൻ നാടകകൃത്തെന്ന നിലയിലായിരിക്കും. കർണാട് കന്നഡ ഭാഷയിലെ എഴുത്തുകാരനാണെന്നതു ശരിതന്നെ.

പക്ഷേ, അദ്ദേഹത്തിന്റെ നാടകങ്ങൾക്കു കന്നഡ ഭാഷയിലേതിനെക്കാ‍ൾ വായനക്കാരുള്ളത് ഇംഗ്ലിഷ് ഭാഷയിലാണ്. മഹാരാഷ്ട്രയിൽ ജനനം, കർണാടകയിലെ ആധുനിക നവോത്ഥാനത്തിന്റെ മഹാവേദികളിലൊന്നായ ധാർവാഡിൽ ബാല്യകൗമാരങ്ങൾ. പിന്നെ ഉന്നതവിദ്യാഭ്യാസത്തിനായി ബ്രിട്ടനിൽ. 

കർണാടിനു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് മറാഠി ഭാഷയിലായിരുന്നു. മാതൃഭാഷയാകട്ടെ, കൊങ്കണിയും. കന്നഡ നാടകവേദിയിലെ സമകാലികരായ ലങ്കേഷുമായും കമ്പാറുമായും ചന്ദ്രശേഖർ പട്ടീലുമായും താരതമ്യം ചെയ്യുമ്പോൾ കർണാടിന്റെ ഭാഷാശൈലി ക്ലിഷ്ടമായിരുന്നു.

എന്നിട്ടും ആധുനിക കന്നഡ, ഇന്ത്യൻ നാടകവേദിയിലെ ക്ലാസിക്കായി മാറുകയായിരുന്നു കർണാടിന്റെ ‘തുഗ്ലക്’. അതു കർണാടിനെ അടയാളപ്പെടുത്തി. ‘യയാതി’ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ‘ട്രെൻഡ് സെറ്റർ’ ആയി മാറിയ രണ്ടാമത്തെ കൃതിയായ തുഗ്ലക്കാണ് അദ്ദേഹത്തിന്റെ നാടക കരിയറിനു യഥാർഥ തുടക്കമിട്ടത്. 

കർണാട് എഴുത്തു തുടങ്ങുമ്പോഴേക്കും ഗോപാൽകൃഷ്ണ അഡിഗയുടെ ഉജ്വലകവിതകളിലൂടെ കന്നഡ സാഹിത്യത്തിൽ ആധുനികത വേരോടിക്കഴിഞ്ഞിരുന്നു. പാരമ്പര്യത്തിന്റെ പതനത്തിൽനിന്നു മുളപൊട്ടിയ ഉത്കണ്ഠകളായിരുന്നു അഡിഗയുടെ ആധുനികത.

എന്നാൽ, അനന്തമൂർത്തിയെയും ലങ്കേഷിനെയും പോലെയുള്ള പ്രശസ്തരായ സമകാലികർക്കൊപ്പം കർണാട് പ്രതിനിധാനം ചെയ്തത് ആധുനികതയുടെ രണ്ടാം ഘട്ടമായിരുന്നു. പാരമ്പര്യനഷ്ടത്തെക്കുറിച്ച് അഡിഗയെപ്പോലെ അത്രയും വേവലാതിപ്പെടാത്ത ആധുനികത. അതിൽ വിപരീതാർഥപ്രയോഗങ്ങളും എല്ലാ പരിഷ്കാരങ്ങളോടും വിപ്ലവങ്ങളോടുമുള്ള നൈരാശ്യവും നിറഞ്ഞുനിന്നു.  

തുഗ്ലക് എന്ന നായകകഥാപാത്രം വലിയ ദീർഘവീക്ഷണമുള്ള ആളാണെങ്കിലും ആ സ്വപ്നങ്ങളെല്ലാം പരിഹാരങ്ങളേതുമില്ലാത്ത മനുഷ്യാവസ്ഥകളിൽ തകർന്നടിയുകയാണ്. നന്മകൾ മാത്രം ചെയ്യാൻ ആവതു ശ്രമിച്ചിട്ടും സ്വന്തം കണ്ണിൽ അയാളൊരു ഭീകരസ്വത്വമായി മാറുന്നു. അതുകൊണ്ടുതന്നെ, ഒരു സാധാരണ ദുരന്തനായകന്റെ മഹത്വത്തിലേക്ക് ഉയരുന്നില്ല.

പകരം, ‘അബ്സേഡ്’ (അസംബന്ധ) നാടകങ്ങളിലേതുപോലെ, ദുരന്തനായക മഹത്വം നിഷേധിക്കപ്പെടുന്ന കഥാപാത്രമായി മാറുന്നു. പ്രമേയത്തിലെ ഇബ്സൻ സ്പർശവും ചിതറിയ സംഭാഷണങ്ങളും  ഈ നാടകത്തെ ഒരു ദൃഷ്ടാന്തകാവ്യമായി മാറ്റി.

ആധുനിക ഇന്ത്യയ്ക്കായി നെഹ്റുകാലഘട്ടം രൂപം നൽകിയ ലിബറൽ സോഷ്യലിസ്റ്റ് പദ്ധതിയുടെ പരാജയത്തെക്കുറിച്ചുള്ള തീക്ഷ്ണവിമർശനം അതിൽ വായിച്ചെടുക്കാമായിരുന്നു. ബാദൽ സർക്കാർ, വിജയ് ടെൻഡുൽകർ, മോഹൻ രാകേഷ് തുടങ്ങിയ വിഖ്യാത നാടകകൃത്തുക്കളുമായി അദ്ദേഹം പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര മികവുറ്റ അന്യാപദേശ ചാതുരിയോടെ നാടകമെഴുതാൻ കഴിഞ്ഞതു കർണാടിനു മാത്രമാണ്. 

ബി.ചന്ദ്രശേഖര സംവിധാനം ചെയ്യുമ്പോഴേക്കും ‘തുഗ്ലക്’ കന്നഡ നാടകവേദിയിൽ സ്വന്തമായി പേരുണ്ടാക്കിക്കഴിഞ്ഞിരുന്നു. പിന്നീട്, ബി. വി.കാരന്തിന്റെ ഹിന്ദി തർജമയും അൽകാസിയുടെ അനന്യസുന്ദരമായ സംവിധാനവും മനോഹർ സിങ്ങിന്റെ ഇതിഹാസതുല്യമായ പ്രകടനവും ഓൾഡ് ഫോർട്ടിലെ അസാധാരണ വേദിയും കൂടി ചേർന്നപ്പോൾ ആധുനിക ഇന്ത്യൻ നാടക, ദൃശ്യകലാവേദിയിലെ ക്ലാസിക്കെന്ന പദവി അതിനു കൈവന്നു.

ഈ ആനന്ദകരമായ ആകസ്മികത ഒത്തുവന്നില്ലായിരുന്നെങ്കിൽ തുഗ്ലക് ഒരു കർണാടക പ്രതിഭാസം മാത്രമായി ഒതുങ്ങിയേനെ. മികച്ച നാടകകൃത്തായിട്ടും ലങ്കേഷിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. 

വർത്തമാനകാലഘട്ടത്തിന്റെ അർഥമില്ലായ്മയുടെ പൂട്ടു തുറക്കാൻ കർണാട് രണ്ടു താക്കോലുകൾ അതിവിദഗ്ധമായി ഉപയോഗിച്ചു: ഒന്നു ചരിത്രം, മറ്റൊന്നു പുരാണം. തുഗ്ലക്കിന്റെ ഗംഭീരവിജയത്തിനു ശേഷം കർണാട് രണ്ടു ചരിത്രനാടകങ്ങൾ കൂടി രചിച്ചു: താളെദണ്ഡ, ഡ്രീം ഓഫ് ടിപ്പു.

കർണാടക ചരിത്രത്തിലെ രണ്ടു സുപ്രധാന നിമിഷങ്ങൾ പ്രമേയമാക്കിയുള്ളത്. 12–ാം നൂറ്റാണ്ടിലെ ലിംഗായത്ത് പ്രസ്ഥാനത്തെക്കുറിച്ചുള്ളത് എന്നതിലുപരി താളെദണ്ഡ, ബിജ്ജാല ചക്രവർത്തിയുടെ ആന്തരികവ്യഥകളെക്കുറിച്ചാണ്. ഇതിലെയും ‘ഡ്രീം ഓഫ് ടിപ്പു’വിലെയും നായകകഥാപാത്രങ്ങൾ തുഗ്ലക്കിന്റെ പുനർജന്മങ്ങളായിരുന്നെന്നും പറയാം. ‘രക്ഷസതംഗാഡി’ എന്ന അവസാന നാടകകൃതിയിലെ ‘രാമരായ’ എന്ന നായകനും ഈ ഗണത്തിൽപെടുന്നു. 

കർണാടിന്റെ ജീവിതം സന്തോഷകരമായ ആകസ്മികതകളുടേതായിരുന്നു. അദ്ദേഹത്തെപോലെ ചെറുപ്രായത്തിൽ പേരും പെരുമയും സ്വാധീനവും നേടിയെടുത്ത മറ്റൊരു കന്നഡ എഴുത്തുകാരനില്ല.

70കളിൽ സിനിമയിലെത്തിയതോടെ ആ പ്രശസ്തി കൂടുതൽ വിപുലമായി. കാട്, സംസ്കാര, വംശവൃക്ഷ തുടങ്ങിയ സമാന്തര സിനിമകളിൽനിന്നാണു ചലച്ചിത്രജീവിതം തുടങ്ങിയതെങ്കിലും ആധുനികതയിൽ കുരുത്ത ആ പ്രതിഭ കച്ചവടസിനിമകളുടെയും ഭാഗമായി.  

സംസ്കൃതത്തിലെ ക്ലാസിക്കുകളിലൊന്നായ ‘മൃച്ഛകടികം’ ആധാരമാക്കിയെടുത്ത ബിഗ് ബജറ്റ് ചിത്രം ‘ഉത്സവ്’ നിർമിച്ചത് ശശി കപൂറായിരുന്നു. രസം പകരുന്ന രംഗങ്ങളുടെ ആധിക്യമുണ്ടായിട്ടുകൂടി അതു ബോക്സോഫിസിൽ വിജയിച്ചില്ല. മികച്ച ആർട് സിനിമയായും പേരെടുത്തില്ല. 

ഇത്രയേറെ ചർച്ച ചെയ്യപ്പെടുകയും ആഴത്തിലുള്ള പഠനങ്ങൾക്കു വിധേയനാകുകയും ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു നാടകകൃത്ത് ഇന്ത്യയിലുണ്ടെന്നു തോന്നുന്നില്ല.

വിദേശത്ത് ഏറ്റവും വിഖ്യാതനായ ഇന്ത്യൻ നാടകകൃത്തും അദ്ദേഹം തന്നെ. മരണാനന്തരം അദ്ദേഹത്തിന്റെ നേട്ടങ്ങൾ പുകഴ്ത്തിയുള്ള ആദരാഞ്ജലികൾ പ്രവഹിക്കുകയാണ്. മരണമെന്ന അനിവാര്യതയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ ശേഷം, വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് അൽപം കൂടി വസ്തുനിഷ്ഠമായ പുനരവലോകനങ്ങൾ പിറക്കുമെന്നതിൽ എനിക്കു സംശയമില്ല. 

(ജവാഹർലാൽ നെഹ്റു സർവകലാശാല തിയറ്റർ സ്റ്റഡീസ് വിഭാഗം പ്രഫസറായ ലേഖകൻ, കന്നഡ ഭാഷയിലെ അറിയപ്പെടുന്ന കവിയും നാടകകൃത്തുമാണ്) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA