sections
MORE

മനോഭാവം മാറ്റൂ, പദ്ധതികൾ വരും: കേരളത്തോട് നിതിൻ ഗഡ്കരി

gadkari
നിതിൻ ഗഡ്കരി
SHARE

ബിജെപിക്ക് ഒരു എംപിയെ പോലും തന്നില്ല എന്നതുകൊണ്ടു വിവേചനം കാട്ടില്ലെന്നും വികസനകാര്യത്തിൽ ഇനിയും കേരളത്തോടൊപ്പം ഉണ്ടാവുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയവും വികസനവും കൂട്ടിക്കുഴയ്ക്കുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു തിരക്കുകൾക്കുശേഷം ഒരാഴ്ചത്തെ വിശ്രമത്തിനായി കോവളത്തെ താജ് ഗ്രീൻകോവ് ഹോട്ടലിൽ കുടുംബസമേതം എത്തിയതായിരുന്നു അദ്ദേഹം.

‘ബിജെപി സർക്കാർ ഒരു വിവേചനവും കാട്ടില്ല. ഞങ്ങളുടേതു മതനിരപേക്ഷ സർക്കാരാണ്. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ജനങ്ങളിൽ ഭീതിനിറച്ചു തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ന്യൂനപക്ഷവിരുദ്ധമായ എന്തെങ്കിലും തീരുമാനം ഞങ്ങൾ എടുത്തതായി പറയാമോ? പക്ഷേ, മതത്തിന്റെ പേരിലുള്ള തീവ്രവാദം വച്ചുപൊറുപ്പിക്കില്ല’ – ഗഡ്കരി മനോരമയോട്.

അവധിക്കാലം ചെലവിടാൻ കോവളം തിരഞ്ഞെടുത്തല്ലോ. ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യതകൾ. 

ടൂറിസത്തിനു വലിയ സാധ്യതകളുള്ള സംസ്ഥാനമാണു കേരളം. പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ വർധിക്കേണ്ടതുണ്ട്. ഇന്ധനച്ചെലവു കണക്കിലെടുത്ത് റോഡ് ഗതാഗതത്തിനു പകരം ജലപാതയും ആകാശപാതയും വികസിപ്പിക്കണം. സീ പ്ലെയിനും സീ ക്രൂസും സ്കൈ ബസും വരണം.

ലൈറ്റ് മെട്രോ പദ്ധതിയെ പിന്തുണയ്ക്കുമോ. 

മെട്രോ ഒരു കിലോമീറ്റർ പണിക്ക് 350 കോടി രൂപ വേണം, സ്കൈ ബസിനു 50 കോടി മതി. അതു നിർമിക്കുന്ന കമ്പനിയുടെ എംഡിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു സംസാരിക്കണം. പല സംസ്ഥാനങ്ങളും കരാർ ഒപ്പുവച്ചുകഴിഞ്ഞു.

സീ പ്ലെയിനിനും മറ്റും മത്സ്യത്തൊഴിലാളികളിൽനിന്ന് എതിർപ്പുണ്ട്. 

മനോഭാവം മാറണം. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. തീരക്കടൽ മീൻപിടിത്തം ഒഴിവാക്കി 100 മൈലിന് അപ്പുറത്തു പോയി മീൻ പിടിക്കണം.

അതിനുതകുന്ന ആധുനിക മീൻപിടിത്ത ബോട്ടുകൾ നിർമിച്ചു മത്സ്യത്തൊഴിലാളികൾക്കു നൽകണം. കൊച്ചിയിൽ ഉൾപ്പെടെ അവ നിർമിക്കുന്നുണ്ട്.

ജലഗതാഗതത്തിനു പുതിയ പദ്ധതികളെന്തെങ്കിലും.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെയും നദികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള, 16 ലക്ഷം കോടി രൂപയുടെ ‘സാഗർമാല’ പദ്ധതി രാജ്യത്തിന്റെ ചരക്കുകടത്തിൽ വിപ്ലവകരമായ മാറ്റം വരുത്തും.

കൃഷി, വ്യവസായ രംഗങ്ങളിൽ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കും. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളവും ഇതിന്റെ ഭാഗമാകണം.

കാസർകോട് മുതൽ പാറശാല വരെ നീളുന്ന കേരളത്തിന്റെ ദേശീയപാത വികസനപദ്ധതി മുൻഗണനാപ്പട്ടികയിൽനിന്നു മാറ്റിയത് വലിയ വിവാദമായല്ലോ. 

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായിരുന്നു അത്. അതു ഞാൻതന്നെ ഇടപെട്ട് മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിൽ വന്ന കാലതാമസമാണ് കേരളത്തിൽ ദേശീയപാത വികസനം വൈകാനുള്ള കാരണം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്ന മുറയ്ക്ക് അനുമതിയും കേന്ദ്ര സഹായവും ലഭിക്കും.

ജനസാന്ദ്രതയേറിയ സംസ്ഥാനമായതിനാൽ ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടുകളുണ്ട്.  

അവിടെയും നിങ്ങളുടെ സമീപനം മാറണം. കേരളത്തിലും ഗോവയിലുമാണ് ആളുകൾ റോഡരികിൽ വീടുവയ്ക്കണം എന്നു വാശിപിടിക്കുന്നത്.

അതും റോഡിനോടു ചേർന്നുതന്നെ വേണം. കുറച്ചു സ്ഥലം മുന്നിൽ ഒഴിച്ചിട്ട് വീടുവച്ചാൽ ഈ പ്രശ്നമുണ്ടോ? പുതിയ റോഡുകൾ വരുമ്പോഴെങ്കിലും 6 മീറ്റർ അകലം പാലിക്കണം.

ജനസാന്ദ്രത കാരണം അതിനു കഴിയില്ലെങ്കിൽ ചുരുങ്ങിയത് 3 മീറ്ററെങ്കിലും ഉറപ്പാക്കണം. ഇനി ഭൂമിയാണു പ്രശ്നമെങ്കിൽ അതിവേഗം വെള്ളത്തിൽക്കൂടി പോകുന്ന വാഹനങ്ങൾ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണ്. റോഡ്, റെയിൽ മാർഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറവ് ജലവാഹനങ്ങൾക്കാണ്. 

ദേശീയപാതാ വികസനത്തിൽ കേരളത്തിന് അർഹമായ സഹായം കിട്ടിയില്ലെന്നു പരാതിയുണ്ട്. 

കഴിഞ്ഞ അഞ്ച് വർഷം കേന്ദ്രസർക്കാർ 17 ലക്ഷം കോടി രൂപയുടെ ദേശീയപാതാ വികസനപദ്ധതികൾ നടപ്പാക്കി. കേരളം പിന്നിലായത് എന്തുകൊണ്ടെന്നു ചിന്തിക്കണം.

കേന്ദ്രത്തിന്റെ നിഷേധസമീപനം കൊണ്ടല്ല. നിങ്ങളുടെ സങ്കുചിത നിലപാടുമൂലം സ്ഥലമെടുപ്പു വൈകി. 25,000 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുപ്പു പൂർത്തിയായാൽ 25,000 കോടി രൂപയും സംസ്ഥാനത്തിനു നൽകാം.

സമീപനം മാറണമെന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്. 

വികസന പദ്ധതികളോട് സിപിഎം സർക്കാരിന്റെ സമീപനം. റഷ്യയും ചൈനയും മാറി. മലയാളികൾക്കു വിദ്യാഭ്യാസമുണ്ട്, സാങ്കേതികവിദ്യ അറിയാം.

പക്ഷേ, അതൊക്കെ വിദേശത്ത് ഉപയോഗിക്കും. കേരളത്തിലില്ല. പട്ടിണി മാറ്റലാണു നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം. പുതിയ നിക്ഷേപങ്ങൾ വന്നാലേ മൂലധനം ഉണ്ടാവൂ. മൂലധനം ഉണ്ടായാലേ പദ്ധതികൾ വരൂ. പദ്ധതികൾ വന്നാലേ തൊഴിലവസരം ഉണ്ടാകൂ.

അതുണ്ടായാലേ പട്ടിണി മാറ്റാനാകൂ. മുടന്തൻന്യായങ്ങൾ പറഞ്ഞു പദ്ധതികളെ എതിർത്താൽ മലയാളികളുടെ ഇനിയുള്ള തലമുറകളും വിദേശത്തുപോയി പണിയെടുക്കേണ്ടി വരും. 

വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപിക്കാമെന്നു ഞാൻ നിർദേശിച്ചപ്പോൾ, അദാനി ബിജെപിയാണെന്നായിരുന്നു സിപിഎം ആരോപണം. എങ്കിൽ വേണ്ടെന്നു ഞാനും പറഞ്ഞു.അപ്പോൾ നിലപാട് മാറി.

പിപിപി മാതൃകയിലുള്ള നിർമാണത്തെ എല്ലാവരും സ്വീകരിച്ചപ്പോൾ നിങ്ങളാദ്യം എതിർത്തു. അതുകൊണ്ടെല്ലാം നഷ്ടപ്പെടുന്നതു വിലപ്പെട്ട സമയമാണ്. കണ്ണു ദാനം ചെയ്യാം; കാഴ്ചപ്പാട് ദാനം ചെയ്യാനാവില്ലല്ലോ. റോഡ് പണിയാൻ ഭൂമിയില്ലെങ്കിൽ ജലമാർഗവും സ്കൈ ബസും നോക്കണം.

സ്കൈ ബസ് പദ്ധതി ഇവിടെ  പ്രായോഗികമാണോ. 

തീർച്ചയായും. പില്ലറുകളിൽ ആകാശത്തുകൂടി നീങ്ങുന്ന ഡബിൾ ഡക്കർ സ്കൈ ബസുകൾ ഇന്ത്യയിൽ നിർമിക്കാൻ പോകുന്നു. ഞാൻതന്നെ മുൻകയ്യെടുത്ത് ഓസ്ട്രിയയിൽ നിന്നുള്ള വിദഗ്ധരെ കൊണ്ടുവന്നു. ഇപ്പോൾ അതിനുള്ള സാങ്കേതികവിദ്യ നമ്മുടെ കൈവശമുണ്ട്.

രണ്ടാംനിരയിൽപെട്ട നഗരങ്ങളിലാണ് ഇതു കൂടുതൽ പ്രായോഗികം. മെട്രോയും ലൈറ്റ് മെട്രോയും നിർമിക്കുന്നതിന്റെ നാലിലൊന്നു ചെലവിൽ സ്കൈ ബസ് പദ്ധതി നടപ്പാക്കാം. തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകും.

ഇന്ത്യയിലെ 18 നഗരങ്ങൾ പദ്ധതി നടപ്പാക്കാൻ താൽപര്യമെടുത്തു കേന്ദ്രസർക്കാരിനെ സമീപിച്ചു. കേരളം മുന്നോട്ടുവന്നാൽ എല്ലാ സഹായവും ചെയ്യാൻ കേന്ദ്രം തയാറാണ്. 

കേരളത്തിന്റെ പദ്ധതികളോടു നിഷേധാത്മക സമീപനമാണെന്ന് സംസ്ഥാന സർക്കാരിന് ആക്ഷേപമുണ്ട്. 

നിങ്ങളുടെ മുഖ്യമന്ത്രി എന്നെ കാണാൻ വന്നപ്പോഴൊന്നും എതിർകക്ഷിയുടെ മുഖ്യമന്ത്രിയെന്ന വിവേചനം കാണിച്ചിട്ടില്ല. എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അദ്ദേഹം നല്ല സുഹൃത്താണ്. നല്ല പദ്ധതി കൊണ്ടുവരൂ. എല്ലാ പിന്തുണയും ഇനിയും ഉണ്ടാവും, പണവും തരാം.

ഗതാഗതമേഖലയിൽ എന്തു മാറ്റങ്ങളാണു വരേണ്ടത്. 

ഇത്രയും മനോഹരമായ സ്ഥലത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചുവേണം ഗതാഗത വികസനം. സോളർ വൈദ്യുതി, കാറ്റിൽനിന്നുള്ള വൈദ്യുതി തുടങ്ങിയ പദ്ധതികൾ പ്രോത്സാഹിപ്പിച്ച് വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കണം. പൊതുഗതാഗത സംവിധാനം വിപുലമാക്കണം. എല്ലാറ്റിനും സാങ്കേതികവിദ്യ ലഭ്യമാണ്, പണവുമുണ്ട്. 

കേരളത്തിലെ എട്ടു തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പോർട്ട് റോഡ് പദ്ധതിക്ക് അനുമതി കിട്ടിയില്ല. 

സ്ഥലലഭ്യതയുമായി ബന്ധപ്പെട്ടു ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതു പരിഹരിച്ചാലുടൻ അനുമതി നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA