sections
MORE

കാലോചിതമായ കാൽതിരുമ്മൽ

thrarangam
SHARE

കാൽ തിരുമ്മി കാര്യം കാണുന്ന കലാവിദ്യയ്ക്കു മനുഷ്യചരിത്രത്തോളം പഴക്കവും പാരമ്പര്യവുമുണ്ടെന്നത് രഹസ്യമല്ല. പുരാണേതിഹാസങ്ങളിലും പുരാതന സാഹിത്യത്തിലുമൊക്കെ കാൽതിരുമ്മലിന്റെ കാവൽപുണ്യവാന്മാരാകാൻ പറ്റിയ കഥാപാത്രങ്ങൾ എറെയുണ്ട്. 

വൻനേതാക്കളുടെ കാൽ തിരുമ്മുന്നതിൽ വൈദഗ്ധ്യമുള്ളവർക്ക് എംഎൽഎ, എംപി, മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്കു കാലെടുത്തുവയ്ക്കാൻ കഴിയും. മേലാളന്മാരുടെ കാൽ തിരുമ്മുന്നതിൽ പ്രാവീണ്യം നേടുന്നവർക്കു മേൽഗതിയുണ്ടാവുന്നതും നാട്ടുനടപ്പിലുള്ളതാണ്. സമർഥമായി കാൽ‌ തിരുമ്മി സമ്പാദിക്കാവുന്ന പുരസ്കാരങ്ങൾ പോലും നിലവിലുണ്ട്.

കാലമെത്ര മാറിയാലും കാൽതിരുമ്മൽ കാലഹരണപ്പെടുന്നില്ല. ക്ഷേമരാഷ്ട്ര സങ്കൽപത്തിൽ കാൽപനികത കൊണ്ടുവരുന്നതിന്റെ ഭാഗമായി നമ്മുടെ ട്രെയിനുകളിൽ കാൽതിരുമ്മൽ തുടങ്ങാൻ പോകുകയാണ്.

കാൽതിരുമ്മലിൽ ദുഃസൂചനയുണ്ടെന്നു കരുതുന്നതുകൊണ്ടോ എന്തോ മസാജ് എന്ന ഭംഗിവാക്കാണ് റെയിൽവേ ഉപയോഗിക്കുക. ഇംഗ്ലിഷ് പണ്ഡിതർ മസാഷ് എന്നു പറയുമെങ്കിലും തിരുമ്മൽ നന്നായാൽ ഏതു മസാജും മസാഷാക്കാം എന്നാണ് ഭാഷാശാസ്ത്രം പഠിച്ച പ്രിയ പുത്രി ആകാശകുസുമം പറയുന്നത്. 

മികച്ച മസാഷ് വിദഗ്ധർക്ക് നല്ല നർത്തകർക്കും ഗായകർക്കുമൊപ്പം സ്ഥാനം നൽകുന്ന ജനസമൂഹങ്ങളുണ്ടത്രെ.

ലക്ഷണമൊത്ത ഉഴിച്ചിലിലെ കൈപ്പെരുമാറ്റത്തിലുള്ളത് ശുദ്ധസുന്ദരമായ സ്നേഹപ്രവാഹമാണ്.

സ്നേഹവാത്സല്യങ്ങൾ കാലിനു മാത്രം പോരാ എന്ന വിശ്വാസത്തിൽ തലയ്ക്കും ഉന്മേഷ ഉഴിച്ചിൽ നൽകാൻ റെയിൽവേ ഉദ്ദേശിക്കുന്നു. അല്ലെങ്കിലും, തലയിരിക്കുമ്പോൾ കാലിനു മാത്രം ഉഴിച്ചിൽ എന്നതു പ്രോട്ടോക്കോൾ പ്രകാരം ശരിയല്ലതാനും.

റെയിൽവേയുടെ തലയുഴിച്ചിലിൽ യാത്രക്കാർക്കു പുതിയ ബോധോദയങ്ങൾപോലും ഉണ്ടായിക്കൂടെന്നില്ല. തലയായാലും കാലായാലും 100 രൂപയാണ് റെയിൽവേ ഉഴിച്ചിൽ ഫീസ് ഈടാക്കുക. നൂറു രൂപയ്ക്കൊരു ബോധോദയം നഷ്ടമല്ലെന്നേ അപ്പുക്കുട്ടൻ പറയൂ.

ഒരു ഫീസും വാങ്ങാതെ കാൽ തിരുമ്മാൻ തയാറുള്ളവരുടെ തൊഴിൽസാധ്യതകളെ ഇതെങ്ങനെ ബാധിക്കും എന്നു മാത്രമേ അറിയാനുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA