ADVERTISEMENT

അതൊരു വൻമരമായിരുന്നു. ആ നാട്ടിൽ പലതവണ കൊടുങ്കാറ്റുണ്ടായെങ്കിലും അതു മാത്രം കടപുഴകിയില്ല. ധാരാളം സഞ്ചാരികൾ മരം കാണാൻ എത്തുന്നുണ്ട്. പെട്ടെന്ന് ഒരു ദിവസം അതു വീണു. വലിയ വാർത്തയായി. എന്തു സംഭവിച്ചുവെന്ന് ആർക്കും മനസ്സിലായില്ല.

എന്നാൽ, ഒരു കുട്ടി വീഴ്‌ചയുടെ കാരണം കണ്ടെത്തി – ചുവട്ടിൽ കൂടുകൂട്ടിയ ഒരിനം വണ്ടുകൾ അതിന്റെ ഉള്ളു മുഴുവൻ തുരന്നു തീർത്തിരുന്നു! 

എല്ലാ വളർച്ചയും ഉള്ളിൽ നിന്നാണ്; എല്ലാ നാശവും അങ്ങനെ തന്നെ. ആകാരം മാത്രമല്ല, അകവും വീര്യമുള്ളതാകണം. ഒന്നു നശിക്കുന്നത് പുറമേ ഏൽക്കുന്ന മുറിവുകൾ കൊണ്ടല്ല, ആന്തരിക ക്ഷതം കൊണ്ടാണ്.

അകത്തു മുറിവുണ്ടാക്കാത്ത എല്ലാ ഭീഷണികളും തൊലിപ്പുറത്ത് വെറും പോറലുകളായി അവശേഷിക്കും. പുറമേയുള്ള മുറിവുകളും വച്ചുകെട്ടി സുഗന്ധദ്രവ്യങ്ങളും പൂശി നടക്കുന്നതിനിടയിൽ ഉള്ളിലെ വ്രണങ്ങളും കേടുപാടുകളും കാണാതെ പോകരുത്.

അറിയപ്പെടുന്നത് വലിയ കാര്യങ്ങളുടെ പേരിലായിരിക്കും; തകർന്നു വീഴുന്നത് നിസ്സാരമെന്നു കരുതുന്ന അശ്രദ്ധയുടെ പേരിലും. 

വളരുന്നതു മാത്രമല്ല തളരുന്നതും അറിയണം. പേരും പ്രശസ്തിയും ഏറുമ്പോൾ സ്വയമറിയാതെ ഉടലെടുക്കുന്ന അഹംഭാവവും അസൂയയും സ്വാർഥതയും സ്വന്തം വീഴ്‌ചയുടെ ആദ്യ കാരണമാകും.

അകത്തുകയറി കാർന്നുതിന്നുന്നവയെ പുറത്തുനിന്ന് ആർക്കും കാണാനാകില്ല. സ്വന്തം ബലക്ഷയം സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ പിന്നെ, ആർക്കാണ് അതിന്റെ ഉത്തരവാദിത്തം? 

എല്ലാവരുമായും സമ്പർക്കമാകാം; പക്ഷേ എല്ലാവർക്കും അഭയം നൽകരുത്. എല്ലാവരും ചേക്കേറാൻ വരുന്നത് തണലിനോ കുളിരിനോ വേണ്ടി ആകണമെന്നില്ല;ചിലരെങ്കിലും, കാർന്നു തിന്നാനോ കവർന്നെടുക്കാനോ ആകും

. പുറത്തുനിന്നു പ്രക്ഷോഭം നടത്തുന്നവരെയല്ല ഭയപ്പെടേണ്ടത്; അകത്തു കയറിക്കൂടി ആത്മാവു നശിപ്പിക്കുന്നവരെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com