sections
MORE

മാധ്യമസ്വാതന്ത്ര്യത്തിൽ കൈവയ്ക്കുമ്പോൾ

SHARE

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്യ്രം എന്ന മൗലികാവകാശമാണ് മാധ്യമങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവും സത്യസന്ധവുമായ സാമൂഹികദൗത്യത്തിനു രക്ഷാകവചം. അതിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിനു ഭൂഷണമല്ല.

വ്യക്തിസ്വാതന്ത്ര്യവും അന്തസ്സോടെയുള്ള ജീവിതവും മൗലികാവകാശമായി ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പുകളുടെ ലംഘനം അനുവദനീയമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞതിന്റെ അന്തഃസത്ത ഇതുതന്നെയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ ജാമ്യത്തിൽ വിടാൻ ഉത്തരവിട്ടുകൊണ്ടാണു കോടതി ഇങ്ങനെ പറഞ്ഞത്.

പ്രശാന്തിന്റെ പരാമർശങ്ങൾ ശരിവയ്ക്കുന്നില്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന അധികാരപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടുവെന്നാരോപിച്ചുള്ള അറസ്റ്റുകൾ യുപിയിൽ തുടരുകയാണ്.

ഇതിനിടെ, ഒരു ട്രെയിൻ പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യാൻപോയ യുപിയിലെ മറ്റൊരു മാധ്യമപ്രവർത്തകനെ റെയിൽവേ പൊലീസ് ലോക്കപ്പിലാക്കുകയും മർദിക്കുകയും അദ്ദേഹത്തിന്റെ ക്യാമറ തകർക്കുകയും ചെയ്തതു വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഇതിന്റെ പേരിൽ രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

യുപി മുഖ്യമന്ത്രിയെക്കുറിച്ചു നൽകിയ വാർത്തയുടെ ഉള്ളടക്കം അപകീർത്തികരമാണെന്ന് ആരോപിച്ച് പ്രശാന്ത് കനോജിയ ഉൾപ്പെടെ മൂന്നു മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചിട്ടുണ്ട്.

പത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ നിയമം ദുരുപയോഗിക്കുകയാണെന്നും ഗിൽഡ് ചൂണ്ടിക്കാട്ടുകയുണ്ടായി. 

വിശ്വാസ്യതയാണു മാധ്യമങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള കൈമുതൽ എന്നതുപോലെ പ്രധാനമാണ് കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യവും. അതുകൊണ്ടുതന്നെ, പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരെയുള്ള അധികാരശക്തികളുടെ  ഇടപെടൽ അപകടകരമാണ്. 

കേരളമടക്കം പല സംസ്ഥാനങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിൽ തൊട്ടുകളിക്കാനുള്ള നീക്കങ്ങൾ ഉണ്ടാവുന്നുണ്ട്. രണ്ടു വർഷം മുൻപ്, രാജസ്ഥാൻ സർക്കാർ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ കൊണ്ടുവന്നതും പിന്നീട് എതിർപ്പിനെത്തുടർന്നുപിൻവലിക്കേണ്ടിവന്നതുമായ നിയമം കുപ്രസിദ്ധമാണ്.

അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ  ഇന്ത്യയിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്താനും കൂച്ചുവിലങ്ങിടാനും ശ്രമിച്ചവർക്കൊക്കെ അതിനു വില കൊടുക്കേണ്ടിവന്നിട്ടുമുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താൻ പറ്റാത്ത അമൂല്യമായ അവകാശമാണ് എന്നു പറഞ്ഞതു നമ്മുടെ രാഷ്ട്രപിതാവു തന്നെയാണ്.  

മാധ്യമസ്‌ഥാപനങ്ങളും മാധ്യമപ്രവർത്തകരും സർക്കാരിന്റെയോ രാഷ്‌ട്രീയ പാർട്ടികളുടെയോ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞുകൂടേണ്ട സ്‌ഥിതി പല രാജ്യങ്ങളിലുമുണ്ട്.

ഇന്ത്യ ആ അവസ്ഥയിലേക്കു പതിക്കാൻ നാം അനുവദിച്ചുകൂടാ. നമ്മുടെ രാജ്യം കാത്തുസൂക്ഷിക്കേണ്ട ജനാധിപത്യമൂല്യങ്ങളും പൗരാവകാശങ്ങളും വിവിധ തലങ്ങളിൽ ഭീഷണി നേരിടുന്ന ഇക്കാലത്ത്, മാധ്യമസ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ജനജാഗ്രതയും രാഷ്ട്രീയജാഗ്രതയും അത്യാവശ്യമാണെന്ന് ഓരോ സംഭവവും നമ്മെ ഓർമിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA