ADVERTISEMENT

ഇത്തവണ ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്കു തിരിച്ചപ്പോൾ‌ അതിൽ ഒരാളുടെ പേരുകണ്ട് എനിക്കു വളരെ സന്തോഷം തോന്നി. വിരാട് കോലിയോ എം. എസ്. ധോണിയോ ഒന്നുമല്ല, ടീം ഡോക്ടർ ഡോ. അഭിജിത് സാൽവിയായിരുന്നു അത്.

ഇംഗ്ലണ്ടിൽനിന്നുതന്നെ സ്പോർട്സ് മെഡിസിനിൽ പരിശീലനം നേടിയ ഒരു ഡോക്ടർ ടീമിന്റെ കൂടെയുണ്ടല്ലോ എന്നതായിരുന്നു സന്തോഷത്തിനു കാരണം. 

കഴിഞ്ഞ ദിവസം, ഓസ്ട്രേലിയയ്ക്കെതിരെ ശിഖർ ധവാനു പരുക്കേറ്റപ്പോൾ സാൽവി അതെക്കുറിച്ച് എന്തു പറയുന്നു എന്നാണു ഞാൻ അന്വേഷിച്ചത്.

അപ്പോഴാണു വിവരമറിഞ്ഞത് – ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിനു പിന്നാലെ തന്നെ സാൽവിയെ ബിസിസിഐ ഇന്ത്യയിലേക്കു തിരിച്ചയച്ചിരുന്നു. ഒരു സ്പെഷലിസ്റ്റ് ഡോക്ടറുടെ സാന്നിധ്യം ടീമിന് ആഡംബരമായിരിക്കും എന്നതു കൊണ്ടാണത്രേ അത്!

പക്ഷേ, തൊട്ടടുത്ത മത്സരത്തിൽത്തന്നെ അതു സംഭവിച്ചു. കളിക്കിടെ പന്തുകൊണ്ട് ശിഖർ ധവാനു പരുക്കേറ്റു. ഡോക്ടറുടെ അസാന്നിധ്യത്തിൽ, ഫിസിയോ തെറപ്പിസ്റ്റ് പാട്രിക് ഫർഹാർട്ട് ധവാന്റെ വിരലിൽ മാജിക് സ്പ്രേ അടിക്കുന്നതും ബാൻഡേജ് ചുറ്റുന്നതും ഇന്ത്യൻ ആരാധകരെല്ലാം ടിവിയിലൂടെ കണ്ടു. ധവാൻ ബാറ്റിങ് തുടരുകയും ചെയ്തു.

ധവാന്റെ വിരലിൽ പൊട്ടലുണ്ടെന്ന് പിന്നീട് എക്സ്റേ പരിശോധനയ്ക്കു ശേഷമാണ് അറിയുന്നത്. ഒരു ഡോക്ടർ ടീമിന്റെ ഒപ്പമുണ്ടായിരുന്നെങ്കിൽ ആദ്യ പരിശോധനയിൽത്തന്നെ പൊട്ടലുണ്ടെന്നു മനസ്സിലാക്കി പരുക്കിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞേനെ.

dhavan
ശിഖർ ധവാൻ.

വിദഗ്ധ ഡോക്ടർമാരായിരുന്നെങ്കിൽ ചെയ്യാത്ത ഒരു കാര്യവും ഫർഹാർട്ട് ചെയ്തു. അദ്ദേഹം അനസ്തെറ്റിക് സ്പ്രേ ഉപയോഗിച്ചു ധവാന്റെ വിരലിന്റെ വേദന താൽക്കാലികമായി ശമിപ്പിച്ചു. അസ്ഥിക്കു പൊട്ടലുണ്ടെങ്കിൽ ആ വേദന ഇല്ലാതാക്കാൻ ശ്രമിക്കരുത് എന്നതാണ് സ്പോർട്സ് മെ‍ഡിസിനിലെ അടിസ്ഥാന പാഠം.

ഫർഹാർട്ടിന്റെ മാജിക് സ്പ്രേ പ്രയോഗം കൊണ്ടു ധവാനു ബാറ്റിങ് തുടരാനായി. പക്ഷേ, പിന്നീട് ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരുക്കു ഗുരുതരമായിക്കൊണ്ടിരുന്നു. പരുക്കേറ്റ ഭാഗം നീരുവന്നു വീർത്തു. 

പിന്നീട് ടീം ഫീൽഡിങ്ങിന് ഇറങ്ങിയപ്പോൾ ധവാൻ ഡ്രസിങ് റൂമിൽ ഇരുന്നു കളി കാണുന്നത് ടിവിയിൽ കാണാമായിരുന്നു. ശരിക്കും പറഞ്ഞാൽ അദ്ദേഹം ഏതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനാകേണ്ട സമയമായിരുന്നു അത്.

ഇന്ത്യൻ ടീം മാനേജ്മെന്റിന് കളിക്കാരോടുള്ള നിരുത്തരവാദപരമായ സമീപനത്തിന് ഇതിൽക്കൂടുതൽ എന്തു പറയാൻ – അതും ഒരു ലോകകപ്പ് വേദിയിൽ! ബിസിസിഐ ഒരു സ്പെഷലിസ്റ്റ് ഡോക്ടറെ അയച്ചിട്ടും ആ സേവനം ഉപയോഗപ്പെടുത്താതെ അവർ തിരിച്ചയച്ചു.

കളിക്കാരുടെ ആരോഗ്യ പുനഃസ്ഥാപനത്തിൽ മാത്രം വിദഗ്ധനായ ഫിസിയോ അങ്ങനെ രോഗവും കണ്ടെത്തി, മരുന്നും കുറിച്ചു! ധവാന്റെ പരുക്കിന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണു മനസ്സിലാക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരെ അദ്ദേഹം കളിച്ചത് അവസാനത്തെ ലോകകപ്പ് മത്സരമാവാതിരിക്കട്ടെ എന്നു പ്രാർഥിക്കാം.

(സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഡയറക്ടറും ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിഡന്റുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com