sections
MORE

പതിരു പടരും സൈബറിടം

social media
SHARE

മുഖ്യമന്ത്രി പിണറായി വിജയന് എതിരായി സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ 119 പേർക്കെതിരെ കേസെടുത്തത് അസഹിഷ്ണുതയുടെ വലിയ ഉദാഹരണമായി ഇപ്പോൾ അഖിലേന്ത്യാ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയ പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടി, ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നു പറഞ്ഞ് സുപ്രീം കോടതി ആ പത്രപ്രവർത്തകനെ വിട്ടയച്ചതിനു തൊട്ടുപിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.  

സമൂഹമാധ്യമങ്ങളിലെ വിമർശകർക്കെതിരെ സമാനമായ നിയമനടപടി സ്വീകരിച്ച യോഗി ആദിത്യനാഥും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നേരിട്ട പരിഹാസങ്ങൾക്കപ്പുറമായിരുന്നു പിണറായി വിജയനെതിരായ വിഷലിപ്തമായ വാക്ശരങ്ങൾ.

കേരളത്തിൽ ശമിച്ചിട്ടില്ലാത്ത ജാതിവെറിക്കും, ഒന്നുപറഞ്ഞ് അടുത്ത വാക്കിനു കുടുംബത്തെ താറടിക്കുന്ന ദുഷ്പ്രവണതയ്ക്കും ഉദാഹരണങ്ങളായിരുന്നു കേസെടുക്കപ്പെട്ട പല പോസ്റ്റുകളും. 

എന്നാൽ, സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ ഉള്ളടക്കത്തെക്കാൾ പ്രാധാന്യം മാധ്യമത്തിനു തന്നെയാണ്. പരമ്പരാഗത മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്റർനെറ്റ് സാധാരണക്കാർക്കു സംവദിക്കാനുള്ള വലിയൊരിടം തുറന്നിട്ടിരിക്കുന്നു.

ആ സംവാദം, രാഷ്ട്രീയപരമാകുമ്പോൾ ജനാധിപത്യത്തിന്റെ ആഴം കൂട്ടുന്നു. അതോടൊപ്പം, ഇന്റർനെറ്റ് അനുവദിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി അപവാദങ്ങളും കുപ്രചാരണങ്ങളും വ്യാജവാർത്തകളും മറ്റൊരുവശത്ത് വല്ലാതെ കൂടിയിരിക്കുന്നു.

ജനജീവിതത്തിനുതന്നെ അപകടകരമായ രീതിയിൽ ഭീകരരും ബാലരതിക്കാരും സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നു.

രാഷ്ട്രീയനേതാക്കൾക്കെതിരെ വർധിച്ചുവരുന്ന അസഭ്യവർഷവും വധഭീഷണികളും കാരണം സമൂഹമാധ്യമങ്ങൾ ജനാധിപത്യത്തിനു ഭീഷണിയായിത്തീരുന്നുവെന്ന് ഈയിടെ പറഞ്ഞത് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ആണ്.

അതുകൊണ്ടും അവർ നിർത്തിയില്ല; രാഷ്ട്രീയനേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾ ചെറുക്കാൻ നിയമം ഉണ്ടാക്കണമെന്ന് അവിടത്തെ ലോ കമ്മിഷനോട് അവർ നിർദേശിച്ചു. ഉടൻതന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നു പറഞ്ഞു പ്രതിഷേധങ്ങളുയർന്നു. 

ഇതാണ് ഈ ഡിജിറ്റൽ കാലഘട്ടത്തിന്റെ പ്രശ്നം: സമൂഹമാധ്യമങ്ങളെ തൊട്ടാൽ, അതിന്റെ ശരിതെറ്റുകൾ ആരും നോക്കുന്നില്ല. വിരുദ്ധാഭിപ്രായങ്ങൾക്കെതിരായ നടപടിയായി അതു മിക്കപ്പോഴും വ്യാഖ്യാനിക്കപ്പെടും.

അതുകൊണ്ട് ജനപ്രീതിയുള്ള രാഷ്ട്രീയനേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നതായിരിക്കും ഒരുപക്ഷേ നല്ലത്. 

 കേൾക്കാം, കേജ്‌രിവാൾ പറയുന്നത് 

സ്ത്രീകൾക്ക് ഡൽഹി മെട്രോയിലും ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഈയിടെ നടത്തിയ പ്രഖ്യാപനം തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള വാഗ്ദാനമായിട്ടാണു പലരും വ്യാഖ്യാനിച്ചത്. എന്നാൽ, അതുയർത്തിയ ചർച്ചകൾ വലുതായിരുന്നു. 

ഈ നയം പുരുഷവിരുദ്ധവും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതുമായിരിക്കും എന്ന് വിമർശകർ പറഞ്ഞു. ചിലർ അതിന്റെ പ്രായോഗികത ചോദ്യംചെയ്തു, പ്രത്യേകിച്ച്, ഡൽഹി മെട്രോയുടെ പകുതി ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനായ സ്ഥിതിക്ക്. സ്ത്രീകൾ ഈ നയത്തെ പൊതുവേ പിന്തുണച്ചു.

സഞ്ചാരം സൗജന്യമാകുമ്പോൾ അതിൽനിന്നു ലാഭിക്കുന്ന തുക സ്ത്രീകൾ മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കുമെന്നും സ്ത്രീകൾ കൂടുതൽ തൊഴിലെടുക്കാൻ തുടങ്ങുമെന്നും ഇതിലൂടെ സാമ്പത്തികരംഗത്ത് ഉണർവുണ്ടാകുമെന്നും കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നവർ പറഞ്ഞു. 

കേജ്‌രിവാൾ ഡൽഹിയിലെ പ്രധാന പ്രശ്നമായ സ്ത്രീസുരക്ഷയെ മുൻനിർത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹിയുടെ മറ്റൊരു വലിയ പ്രശ്നമായ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും കൂടുതൽ പേരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രേരിപ്പിക്കാനും ഇത്തരമൊരു നീക്കം തീർച്ചയായും സഹായിക്കും.

ഇതിനു പുറമേയാണു ഗതാഗതക്കുരുക്കുകൾ. സ്വകാര്യവാഹനങ്ങൾ കുറയുമ്പോൾ അതിനും ശമനമുണ്ടാകും. 2020 മുതൽ യൂറോപ്പിലെ ചെറിയ രാജ്യമായ ലക്സംബർഗിൽ പൊതുഗതാഗതം എല്ലാവർക്കും സൗജന്യമാക്കാനുള്ള തീരുമാനത്തിനു പ്രേരകമായത് ഗതാഗതപ്രശ്നങ്ങളാണ്. 

ഇന്ത്യയിൽ തൊഴിലെടുക്കുന്നവരുടെ സംഖ്യയിൽ 25% മാത്രമേ സ്ത്രീകൾ വരുന്നുള്ളൂ. ഡൽഹിയിൽ ഇതു ചുരുങ്ങി 11 ശതമാനമാകുന്നു. സ്ത്രീകൾക്കു യാത്ര സൗജന്യമാകുമ്പോൾ അവരുടെ തൊഴിലവസരങ്ങളും കൂടാം. ഡൽഹിയെക്കുറിച്ചു പറഞ്ഞത് മറ്റു നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ബാധകമാണ്. 

കേജ്‌രിവാളിന്റെ ആശയത്തെ, ആദ്യ നോട്ടത്തിൽത്തന്നെ പുച്ഛിച്ചു തള്ളാതെ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. എം.ജി.രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു തമിഴ്നാട്ടിൽ നടപ്പാക്കിയ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയെ അന്നത്തെ സാമ്പത്തിക ശാസ്ത്രജ്ഞരും പ്ലാനിങ് കമ്മിഷനും മറ്റും വെറും ജനപ്രിയ ചപ്പടാച്ചിയായി കളിയാക്കിയിരുന്നു. ഇന്ന് ആ പദ്ധതി ഇന്ത്യ മുഴുവൻ നടപ്പാക്കിയിരിക്കുന്നു. 

തലക്കെട്ടിൽ  പറ്റിയത് 

‘ടൈഗർ സിന്ദാ ഹെ നടൻ ഗിരീഷ് കർണാട് 81–ാം വയസ്സിൽ ബെംഗളൂരുവിൽ അന്തരിച്ചു’. ഇന്ത്യ ടുഡേ വാരിക ആദ്യമായി, മഹാനായ കലാകാരന്റെ മരണവാർത്ത പുറത്തുവിട്ടത് ഇങ്ങനെയായിരുന്നു.

സൽമാൻ ഖാന്റെ തട്ടുപൊളിപ്പൻ ചിത്രത്തിലെ ചെറിയ റോളിലേക്ക് കർണാടിനെ ചുരുക്കിയതിൽ ഇന്റർനെറ്റിലെ പ്രതിഷേധം ശക്തമായിരുന്നു. 

എന്നാൽ, പക്വമതികളായ വായനക്കാർക്ക് എന്താണു സംഭവിച്ചതെന്ന് ഊഹിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. വാർത്ത അറിഞ്ഞയുടൻ, പരിചയസമ്പത്തു കുറഞ്ഞ ഒരു പത്രപ്രവർത്തകൻ/പ്രവർത്തക - മിക്കവാറും വാർത്താ എജൻസിയിൽ ജോലി ചെയ്യുന്നവർ - ഗൂഗിൾ ചെയ്യുന്നു.

ആദ്യംതന്നെ കർണാടിനെപ്പറ്റി കണ്ട കാര്യങ്ങൾ വാർത്തയിൽ കയറ്റുന്നു. അതുപോലെ തന്നെ പരിചയം കുറഞ്ഞ, വാരികയിൽ പ്രവർത്തിക്കുന്ന മറ്റൊരാൾ പെട്ടെന്നു കിട്ടിയ വാർത്തയിൽ നിന്നു തലക്കെട്ടു കണ്ടെടുത്തു കൊടുക്കുന്നു.

എല്ലാം സംഭവിച്ചത് അഞ്ചോ പത്തോ മിനിറ്റുകൾക്കകം. ആ മേഖലയിലെ കടുത്ത മത്സരം കാരണം, ഓൺലൈൻ പത്രപ്രവർത്തനത്തിൽ സംഭവം നടന്നാലുടൻ വാർത്തയാക്കണം. ചിലപ്പോൾ സംഭവം നടക്കണമെന്നുമില്ല.

കർണാട് അന്തരിച്ച ദിവസം തന്നെ അന്തരിച്ച ക്രേസി മോഹന്റെ മരണവാർത്ത, അദ്ദേഹം മരിക്കുന്നതിനു മുൻപു തന്നെ ഒരു എജൻസി കൊടുത്തു.

ഡിജിറ്റൽ യുഗത്തിൽ പത്രപ്രവർത്തനം അച്ചടിയുടെ കാലത്തിൽനിന്നു തികച്ചും മാറിയിരിക്കുന്നുവെന്നതാണു യാഥാർഥ്യം. അച്ചടിയുടെ കാലത്തെ ആർഭാടത്തിൽ എഡിറ്റിങ്ങിനു പേരുകേട്ട ന്യൂയോർക്ക് ടൈംസിൽ ബ്രേക്കിങ് വാർത്തകളൊഴിച്ച് ബാക്കിയെല്ലാം ചുരുങ്ങിയതു മൂന്ന് എഡിറ്റർമാരുടെ കൈകളിലൂടെ കടന്നുപോയിരുന്നു.

പ്രധാനപ്പെട്ട വാർത്തകൾ ആറു പേരെങ്കിലും കണ്ടിരുന്നു. ഇപ്പോൾ അവിടത്തെ പത്രപ്രവർത്തനം ഓൺലൈനിനെ ചുറ്റിപ്പറ്റിയാണ്. ഒരു റിപ്പോർട്ടറിൽനിന്നു വെബ്സൈറ്റിലേക്കു വാർത്ത സഞ്ചരിക്കാനെടുക്കേണ്ട ഏറ്റവും കുറഞ്ഞ സമയം, കുറഞ്ഞ പക്ഷം എത്ര എഡിറ്റർമാർ അതു കാണണം, വാർത്തയും അതിനോട് അനുബന്ധമായ ട്വീറ്റുകൾ, വിഡിയോകൾ, ചിത്രങ്ങൾ എന്നിവയിൽ ആർക്കൊക്കെ എത്ര ഉത്തരവാദിത്തം ഉണ്ടായിരിക്കും ഇവയൊക്കെയാണ് ഇപ്പോൾ അവിടെ ഉയർത്തപ്പെടുന്ന ചോദ്യങ്ങൾ. 

ഡിജിറ്റൽ യുഗത്തിലെ പത്രപ്രവർത്തനം നേരിടുന്ന എല്ലാ വെല്ലുവിളികളും ഒറ്റ നിമിഷത്തിൽ അനാവൃതമാക്കി, ഗിരീഷ് കർണാടിനെക്കുറിച്ചുള്ള ആ ദൗർഭാഗ്യകരമായ തലക്കെട്ട്. 

സ്കോർപ്പിയൺ കിക്ക്: രാഷ്ട്രീയ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതു നിർത്തുന്നതായി ന്യൂയോർക്ക് ടൈംസ്. കേരളത്തിൽ നിർത്താൻ സാധ്യതയുള്ളത് കാർട്ടൂൺ അവാർഡുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA