sections
MORE

ഹോങ്കോങ് പ്രക്ഷോഭം: ഇത് സാധാരണക്കാരുടെ അവകാശപ്പോരാട്ടം

hongkong
ഹോങ്കോങ്ങിൽ കഴിഞ്ഞ ദിവസം സർക്കാർ ആസ്ഥാനം ഉപരോധിക്കാനെത്തിയ പ്രക്ഷോഭകരെ പൊലീസ് തടയുന്നു. ചിത്രം: എഎഫ്‌പി
SHARE

ചൈനയുടെ കീഴിൽ പ്രത്യേക സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ മുൻപെങ്ങും കാണാത്ത അക്രമാസക്തമായ പ്രക്ഷോഭവും കടുത്ത പൊലീസ് നടപടിയും അശാന്തിയുടെ കരിമേഘം പടർത്തുന്നു.

കുറ്റവാളി കൈമാറ്റ ബില്ലിനെതിരായ പ്രക്ഷോഭത്തിൽ നൂറോളം പേർക്കു പരുക്കേറ്റു. ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഹോങ്കോങ് സ്വദേശികളെ ചൈനയ്ക്കു കൈമാറുന്നതു സംബന്ധിച്ചുള്ളതാണ് നിയമഭേദഗതി. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബില്ലിന്റെ രണ്ടാം വായന മാറ്റിവയ്പിക്കാൻ പ്രക്ഷോഭകർക്കായി.

നിയമഭേദഗതി പാസാക്കിയെടുക്കാൻ ഹോങ്കോങ് ബാധ്യസ്ഥമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം വ്യക്തമാക്കുന്നു. ചൈനയുമായി ഇക്കാര്യത്തിൽ ധാരണയായതാണ്.

ചൈനയ്ക്കു കുറ്റവാളികളെ കൈമാറുന്നത് ഇവിടെ ഏറെ വൈകാരികമായ പ്രശ്നമാണ്. 2014 ലെ ജനാധിപത്യാനുകൂല ‘കുട പ്രസ്ഥാന’ത്തെ അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്.

അന്ന് ജനാധിപത്യാനുകൂല മുദ്രാവാക്യങ്ങളെഴുതിയ കുടകളുമായി ഭരണകേന്ദ്രത്തിൽ തടിച്ചുകൂടിയ പ്രക്ഷോഭകരെ നീക്കാൻ ഏറെ പാടുപെടേണ്ടിവന്നു. എങ്കിലും അത് ഇപ്പോഴത്തേതുപോലെ അക്രമാസക്തമായ പ്രക്ഷോഭമല്ലായിരുന്നു.

1997 ൽ ഹോങ്കോങ് ചൈനയ്ക്കു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഇവിടെ നടന്നിട്ടില്ല. ഞായറാഴ്ച 10 ലക്ഷത്തിലേറെ ആളുകളാണ് പങ്കെടുത്തത്. വിദേശ ശക്തികളാണ് പിന്നിലെന്ന് ആരോപിച്ച് ചൈന മുഖംരക്ഷിക്കാൻ നോക്കുന്നുണ്ട്.

ചൈനയിലെ നിയമവ്യവസ്ഥയിൽ ഹോങ്കോങ്ങിലെ ജനങ്ങൾക്കുള്ള അവിശ്വാസവും ഭീതിയുമാണ് ഇപ്പോഴത്തെ കടുത്ത പ്രതിഷേധത്തിന് അടിസ്ഥാനം. ഹോങ്കോങ് പിന്തുടർന്നിരുന്ന ബ്രിട്ടിഷ് നിയമസംവിധാനത്തിൽ തങ്ങൾക്കു ലഭിച്ചിരുന്ന നീതി നഷ്ടമാകുമെന്ന ഭീതി പ്രകടം.

കുറ്റവാളികൈമാറ്റ നിയമത്തിന്റെ രണ്ടാം വായന നടക്കേണ്ടിയിരുന്ന ബുധനാഴ്ച ലെജിസ്ലേറ്റീവ് അസംബ്ലിക്കു മുന്നിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ പൊലീസുമായി ഏറ്റുമുട്ടാൻ പോലും തയാറായത് അവരുടെ കടുത്ത ആശങ്കകൾ വെളിവാക്കുന്നു. 

സ്വതന്ത്രവും നീതിയുക്തവും എന്ന് ഹോങ്കോങ്ങിലെ ജനം കരുതാത്തതും ഒട്ടും സുതാര്യമല്ലാത്തതുമായ നിയമസംവിധാനമാണ് ചൈനയുടേത്.

ചൈന അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രശ്നങ്ങളെ വ്യാഖ്യാനിക്കുന്നിടത്ത് തങ്ങൾക്കു നീതി ലഭിക്കില്ല എന്ന് ഹോങ്കോങ്ങുകാർ കരുതുന്നു. പ്രക്ഷോഭത്തിന് സാധാരണക്കാരുടെ വൻ പിന്തുണ ലഭിക്കുന്നതും ഇതുകൊണ്ടാണ്. 

സാധാരണക്കാരുടെ   താൽപര്യങ്ങൾ   പൂ ർണമായി സംരക്ഷിക്കുമെന്നു ഭരണകൂടം ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, ചൈനയിലെ ഏകാധിപത്യ ഭരണസംവിധാനത്തിലുള്ള അവിശ്വാസം മൂലം സാധാരണക്കാർ ഇതു ഗൗരവമായെടുക്കുന്നില്ല. 2 വ്യത്യസ്ത ആശയഗതികൾ തമ്മിലുള്ള സംഘർഷമാണ് ഇവിടെ നടക്കുന്നത്.

സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ നിയമ സംവിധാനം പരിചിതരായിരുന്ന ഹോങ്കോങ്ങുകാർ ഒട്ടും സുതാര്യമല്ലാത്ത ചൈനീസ് നിയമവ്യവസ്ഥയുടെ ഭീഷണിയിലാണിപ്പോൾ. വ്യതിരിക്തമായ സ്വാതന്ത്ര്യവും സംസ്കാരവുമുള്ള നഗരത്തിൽ ചൈന അവരുടെ സംസ്കാരം അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണെന്ന് ഹോങ്കോങ്ങുകാർ കരുതുന്നു. 

ഹോങ്കോങ് കുറ്റവാളികളുടെ അഭയകേന്ദ്രമാകുന്നതു തടയേണ്ടതുണ്ടെന്ന കർശന നിലപാടിലാണ് ഭരണകൂടം. അൽപമെങ്കിലും വഴങ്ങുന്നത് പ്രക്ഷോഭകർക്ക് പ്രചോദനമാകുമെന്നും അവർ കരുതുന്നു. 

ഇന്ത്യയ്ക്കും ഈ പ്രക്ഷോഭത്തിൽ നിന്ന് പഠിക്കാനേറെയുണ്ട്. നമ്മുടെ നിയമസംവിധാനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എത്ര ജാഗരൂകരാകേണ്ടതുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് വിവിധ കോണുകളിൽ നിന്ന് നമ്മുടെ നിയമസംവിധാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ. ജനാധിപത്യം ഫലപ്രദമാകാൻ സ്വതന്ത്രവും നീതിയുക്തവുമായ നിയമസംവിധാനത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

(ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ് ഓണററി 

ഫെലോ ആണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA