ADVERTISEMENT

ഒന്നു സങ്കൽപിച്ചുനോക്കൂ, ഓരോ മഴക്കാലവും കേരളത്തിലെ റോഡുകളുടെ വാർഷിക പരീക്ഷയാണെന്ന്. എങ്കിൽ, ആ പരീക്ഷയിൽ വട്ടക്കുഴികൾമാത്രം നേടി നമ്മുടെ പല റോഡുകളും തോറ്റു തുന്നംപാടുന്നു.മഴക്കാലമായതോടെ സംസ്ഥാനത്തു പലയിടത്തും റോഡ് യാത്ര അത്യധികം ക്ലേശകരമായിരിക്കുന്നു. നമ്മുടെ ചെറുതും വലുതുമായ പല റോഡുകളെയും ഇപ്പോൾ ആ പേരിൽ വിളിക്കാനാവില്ല. മുൻപു റോഡ് ഉണ്ടായിരുന്നിടം അടയാളപ്പെടുത്തുന്നതു കുണ്ടും കുഴികളും വെള്ളക്കെട്ടുമാണ്. ആ പാതകളിലൂടെയുള്ള ദുരിതയാത്ര ഉണ്ടാക്കുന്ന ധന - സമയ - ഇന്ധന നഷ്‌ടങ്ങളാവട്ടെ, താങ്ങാനാവാത്തതും.

റോഡുകൾ ഏതു കാലാവസ്‌ഥയിലും സഞ്ചാരയോഗ്യമാക്കണമെന്നു കോടതികൾ പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ദശാബ്ദങ്ങളായി വേണ്ടരീതിയിൽ, അടിയന്തരസ്വഭാവത്തോടെ പ്രതികരിക്കാത്തത് ഈ നാടിന്റെ ഗതികേടുതന്നെ. കാലവർഷക്കാലങ്ങളിലെ പതിവു തെറ്റിക്കാതെ, ഇത്തവണയും കുഴികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കേരളത്തിലെ റോഡുകൾ വീണ്ടും അതേ കാര്യം ഓർമിപ്പിക്കുന്നു. ഇതിനിടയിൽ, ഏതു മഴക്കാലത്തെയും വെല്ലുവിളിക്കാൻ ശേഷിയുള്ള മികവുറ്റ ചില റോഡുകൾ ഉള്ളതു കാണാതിരിക്കാനും വയ്യ.

കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയിൽ ഈ മഴക്കാലത്ത് അനുഭവപ്പെടുന്നതു സംസ്ഥാനത്തെ ഏറ്റവും കഠിനമായ യാത്രാക്ലേശമാണ്. നഗരസഭയുടെ അധികാരപരിധിയിൽ മാത്രം തകർന്നുകിടക്കുന്ന പ്രധാന റോഡുകൾ ഒരു ഡസനുണ്ട്. കാൽനടയാത്ര പോലും അസാധ്യമായ ഇടറോഡുകളും ഒട്ടേറെ. മഴ തുടങ്ങിയതോടെ റോഡിലെ കുഴികൾ ചെളിനിറഞ്ഞു കിടക്കുന്നു.

കൊച്ചിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്കും രൂക്ഷമാണ്. തകർന്നുകിടക്കുന്ന റോഡുകളിൽ ചിലതു ദേശീയപാതയിൽനിന്നും ബൈപാസിൽനിന്നും നഗരത്തിലേക്കു പ്രവേശിക്കാനുള്ള സമാന്തരപാതകളാണ്. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമാണം ഒരേസമയം നടക്കുന്നതിനാൽ ഇവിടെനിന്നു നഗരത്തിലേക്കു പ്രവേശിക്കാനുള്ള പ്രധാന റോഡുകളിൽ ഗതാഗതനിയന്ത്രണമുണ്ട്. ഇതിനാൽ സമാന്തരപാതകളെയാണു ജനം കൂടുതൽ ആശ്രയിക്കുന്നത്. ഇവകൂടി തകർന്നതോടെ പ്രതിസന്ധി നാൾക്കുനാൾ രൂക്ഷമാകുന്നു. നിർമാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പാലാരിവട്ടം മേൽപാലം അടച്ചിടേണ്ടിവന്നതോടെ അവിടെയും യാത്ര ദുരിതപൂർണം.

ദേശീയപാതകളിലെ നിർമാണപ്രവർത്തനങ്ങൾ വൈകുന്നതു പാലക്കാട്ടുനിന്നു കോഴിക്കോട്, തൃശൂർ റൂട്ടിലെ യാത്ര ബുദ്ധിമുട്ടിലാക്കുന്നു. തൃശൂർ, പാലക്കാട് ജില്ലകളെ വേർതിരിക്കുന്ന കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കപാതയുടെ നിർമാണം ഈ മഴക്കാലത്തും പൂർത്തിയാകില്ലെന്നു തീർച്ച. ഒരു തുരങ്കം ഏതാണ്ടു പൂർത്തിയാക്കിയെങ്കിലും ഗതാഗതയോഗ്യമല്ല. രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം പാതിപോലും ആയിട്ടുമില്ല. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി – നാടുകാണി സംസ്ഥാനപാത നിർമാണം മഴക്കാലത്തേക്കു നീണ്ടതോടെ പലയിടങ്ങളിലും യാത്ര ദുസ്സഹമായിക്കഴിഞ്ഞു.

ഇതിനിടയിലുണ്ടായ റോഡ് കുത്തിപ്പൊളിക്കൽ എന്ന വാർഷിക പ്രഹസനം ഈ മഴക്കാലത്തു സംസ്ഥാനത്തു പലയിടത്തും ഗതാഗതത്തെ താറുമാറാക്കിയിട്ടുണ്ട്. നികത്താത്ത കുഴികൾ കാൽനടയാത്രികർക്കും വാഹനങ്ങൾക്കുമുയർത്തുന്ന ഭീഷണി ചെറുതല്ല. പണിനടത്താൻ കുഴിച്ചശേഷം പേരിന് അടച്ചുപോകുന്നതു മഴക്കാലത്തു വൻകുഴികളായി മാറി വലിയ വാഹനങ്ങൾക്കുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

അടിയന്തരാവശ്യങ്ങൾക്കായി റോഡ് കുത്തിപ്പൊളിക്കേണ്ടി വന്നേക്കാമെന്നു വാദിച്ചാൽത്തന്നെ, ഒട്ടുംവൈകാതെ ഏറ്റവും മികച്ച രീതിയിൽ കുഴികൾ നികത്തി അറ്റകുറ്റപ്പണി നടത്താനും ശ്രദ്ധ കാണിക്കേണ്ടതല്ലേ? ഓടകളില്ലാത്തതും ഉള്ള ഓടകൾ ഉപയോഗയോഗ്യമല്ലാത്തതും റോഡിൽ വെള്ളക്കെട്ടുണ്ടാക്കി യാത്ര കൂടുതൽ ദുസ്സഹമാക്കാറുണ്ട്.

മഴക്കാലത്തു രോഗികളാവുന്ന റോഡുകളല്ല നമുക്കു വേണ്ടത്; ഒരുകാലത്തും പൊളിയാത്ത, കുഴിയാത്ത റോഡുകളാണ്. ആരോഗ്യമുള്ള പാതകളുണ്ടാകാൻ റോഡുനിർമാണത്തിലെ അശാസ്‌ത്രീയ രീതി ഉപേക്ഷിച്ച് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com