ADVERTISEMENT

‘ആദ്യം നിങ്ങളെനിക്ക് ആളെ ചൂണ്ടിക്കാണിച്ചു തരൂ, എന്നിട്ടു ഞാൻ നിയമം എന്താണെന്നു നിശ്ചയിക്കാം...’നീതിവിവേചനത്തിന്റെ അങ്ങേയറ്റം സൂചിപ്പിക്കാനാണ് ഇങ്ങനെ പറയുക. വ്യക്തിയുടെ നിറം, വർഗം, ജാതി, സാമ്പത്തിക സ്ഥിതി, സ്വാധീനം എന്നിവയനുസരിച്ചു നീതിനിർവഹണത്തിന്റെ തോതു നിശ്ചയിക്കപ്പെടുന്നത് കെട്ടകാലത്താണ്, വെളിച്ചം നഷ്ടപ്പെട്ട കാലത്ത്

‘നിയമം നിശ്ചയിക്കാൻ’ രണ്ടുപേരെ നമുക്കിന്നു ചൂണ്ടിക്കാണിക്കാൻ കഴിയും – കെ.രതീഷും വി.എസ്.നവാസും. മലയാളനാടിന്റെ നീതിബോധത്തിന്റെ മുന്നിലേക്കാണ് കേരള പൊലീസ് ഇവരെ രണ്ടുപേരെയും പിടിച്ചു നിർത്തിത്തരുന്നത്. രതീഷ് സിവിൽ പൊലീസ് ഓഫിസറാണ്, നവാസ് പൊലീസ് ഇൻസ്പെക്ടറും. രണ്ടു പേർക്കും കേരള പൊലീസിൽ മനസ്സുറപ്പോടെ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരിക്കുന്നു.

ഒരാൾ കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്തു സേവനം ചെയ്യുന്നു. രണ്ടാമൻ കൊച്ചിയുടെ നഗരഹൃദയത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കണ്ണെത്തും ദൂരത്ത് സെൻട്രൽ പൊലീസ് സ്റ്റേഷനെ നയിക്കുന്നു. രതീഷ് രേഖാമൂലം രാജി അപേക്ഷ സമർപ്പിച്ചു. നവാസ് രാത്രി ഡ്യൂട്ടി കഴിഞ്ഞു വ്യാഴാഴ്ച പുലർച്ചെ തിരോധാനം ചെയ്തു.

ആദിവാസി കുറിച്യ വിഭാഗക്കാരനായ രതീഷിന്റെ പരാതിയെന്തെന്നു നമുക്കറിയാം, ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊലീസുകാർക്ക് അനുവദിച്ച പോസ്റ്റൽ ബാലറ്റ് പൊലീസ് അസോസിയേഷനു കൈമാറാത്തതിന്റെ പേരിൽ ജാതിപീഡനം, മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരുടെയും മാനസിക പീഡനം, അടിമയെപ്പോലെ ജോലിയിൽ തുടരാനാകില്ല... ഇക്കാര്യങ്ങൾ രതീഷിന്റെ പരാതിയിൽ പറയുന്നുണ്ട്.

സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്നു കേരള പൊലീസിലെത്തിയ നവാസിന്റെ പരാതി നമുക്കു നേരിട്ടറിയില്ല. സാധാരണക്കാരനു നീതി ഉറപ്പാക്കാനുള്ള പൊലീസ് ഉദ്യോഗം ചെയ്യാൻ ക്വാർട്ടേഴ്സിൽ നിന്നിറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതി മാത്രമാണു നമ്മുടെ മുന്നിലുള്ളത്. ഒരു കാര്യം ഉറപ്പിക്കാം, കൊച്ചി സിറ്റി പൊലീസിന്റെ സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറെ ഒരു നനഞ്ഞ വെളുപ്പാൻകാലത്തു കാണാതാവണമെങ്കിൽ അതിന് പുറമേ കാണുന്നതിലും ആഴവും പരപ്പുമുള്ള കാരണങ്ങൾ കാണും.

അതു കണ്ടെത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമല്ല, കേരളസമൂഹത്തിന്റെ ബാധ്യത കൂടിയാണ്. മേലുദ്യോഗസ്ഥരുമായുള്ള അഭിപ്രായ ഭിന്നതകളും വയർലെസ് സെറ്റിലൂടെയുള്ള വഴക്കും അദ്ദേഹത്തെ സമ്മർദത്തിലാക്കിയിട്ടുണ്ടാകാം.അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കാര്യം ഇതാണ്: ‘നേരത്തേ ഒട്ടേറെ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചുനിന്നു. വ്യക്തിപരമായി അധിക്ഷേപിച്ചും അനാവശ്യമായി കേസെടുക്കാൻ നിർബന്ധിച്ചും അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം.’ ഇതിലെ രണ്ടാമത്തെ വാചകം ഗുരുതരമാണ്, പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്.

രാജ്യത്തെ അതിശക്തമായ അധികാരശ്രേണിയുള്ള സംവിധാനമാണു പൊലീസ്. കീഴുദ്യോഗസ്ഥരോടു മേലുദ്യോഗസ്ഥർ കാണിക്കുന്ന മനുഷ്യത്വവും സഹാനുഭൂതിയുമാണ് അവരിൽനിന്നു സാധാരണ ജനങ്ങൾക്കു പകർന്നുകിട്ടുന്നത്. കീഴുദ്യോഗസ്ഥർക്കു ലഭിക്കുന്നത് ജാതി വിളിച്ചുള്ള അധിക്ഷേപവും, അഴിമതിയും അനീതിയും ചെയ്യിപ്പിക്കാനുള്ള പീഡനവുമാണെങ്കിൽ അതിന്റെ ബലിയാടുകളാകുന്നത് സാധാരണ ജനങ്ങളായിരിക്കും.

പൊലീസിനെക്കുറിച്ചു പൊലീസുകാർ തന്നെ പരാതി ഉന്നയിക്കുമ്പോൾ ആ പരാതി കേൾക്കാനുള്ള ബാധ്യത നിയമനിർമാണ സഭയ്ക്കും ആ കേസ് അന്വേഷിക്കാനുള്ള ചുമതല ജനങ്ങൾക്കും അവരുടെ കണ്ണും കാതുമായ മാധ്യമങ്ങൾക്കുമുണ്ട്. അല്ലെങ്കിൽ അവസാനം, സാധാരണക്കാരായ നമുക്കു പോയി പരാതി പറയാൻ ഒരു പൊലീസ് സ്റ്റേഷനും ഇവിടെ കാണില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com