ADVERTISEMENT

ഒരാളും ഒറ്റയ്‌ക്കല്ല. എവിടെ നിന്നോ ആരൊക്കെയോ സഹയാത്രികരായുണ്ട്. എനിക്കാരുമില്ല എന്നു പരിഭവം പറഞ്ഞു നടക്കുന്നവരോട് – എല്ലാവരും ഇല്ലെങ്കിലും ആരൊക്കെയോ ഉള്ളതിന്റെ പേരിലാണ് ഇത്രത്തോളം വളർന്നതും ഇവിടെ വരെ എത്തിയതും. സ്വന്തം മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ചുള്ള സഹവർത്തിത്വം പ്രതീക്ഷിക്കുമ്പോഴാണു പരാതികളുണ്ടാകുന്നത്.

ഇടപെടുന്നവർക്കും പിന്തുണയ്‌ക്കുന്നവർക്കും അവരുടെ ശൈലികളും കാഴ്‌ചപ്പാടുകളും ഉണ്ടായിരിക്കും. മുൻപേ നടന്ന അനുഭവങ്ങളുടെ ബാക്കിപത്രമാണ് അവരുടെ ഓരോ മുന്നൊരുക്കവും. അവയെ സ്വന്തം പിടിവാശികളുടെയും പരിമിതികളുടെയും ചുറ്റുമതിലിനുള്ളിൽ നിന്നു വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോഴാണ് എല്ലാവരും ഉപേക്ഷിച്ചു എന്ന തോന്നലിലേക്ക് എത്തുക.

ആർക്കും ആരുടെയുമൊപ്പം എപ്പോഴും സഞ്ചരിക്കാനാകില്ല, അതിന്റെ ആവശ്യവുമില്ല. കൂടെ നടക്കുന്നവരുടെയെല്ലാം ഉത്തരവാദിത്തം, തനിയെ നടക്കാൻ അവനെ പ്രാപ്‌തനാക്കുക എന്നതാണ്. ആത്മവിശ്വാസം ഊതിക്കത്തിക്കാനും തന്റേടം സന്നിവേശിപ്പിക്കാനും കഴിയാത്ത എല്ലാ തലതൊട്ടപ്പന്മാരും വെറും അടിമകളെ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്.

കൂടെ നിൽക്കുന്നവരുടെ ചിറകുകൾക്കു ബലവും കാലുകൾക്കു ദൃഢതയും നൽകുന്നവരാണ് യഥാർഥ രക്ഷാകർത്താക്കൾ. സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും ശേഷികളെ തിരിച്ചറിയാൻ സഹായിക്കുന്നവരുടെ കൂടെയാണ് വാഴേണ്ടതും വളരേണ്ടതും. അല്ലാത്തവരെല്ലാം നിർഗുണപാഠശാലകളിലെ ഗവേഷകരും അധികാരികളും ആയിരിക്കും.

വളരുന്നവരുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള വഴികളിലൂടെ നയിക്കുന്നവരെക്കാൾ, വളരേണ്ട വഴികളിലൂടെ കൊണ്ടുപോകുന്നവരെ കണ്ടെത്തുമ്പോൾ ജീവിതത്തിന്റെ വ്യാപ്‌തിയും മാനവും മാറും. കടന്നുപോകുന്ന അനുഭവങ്ങളുടെ ആഴവും വ്യത്യസ്തതയുമാണ് എത്തിച്ചേരുന്ന സ്ഥലങ്ങളുടെ പ്രൗഢിയും അനന്യതയും തീരുമാനിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com